Advertisment

നായ്ക്കാലം (കവിത)

author-image
സത്യം ഡെസ്ക്
New Update
george kutty thvalam poet

തെരുവിലലഞ്ഞു നടക്കും ഞങ്ങൾ 

തുരുതുരെ നിങ്ങളെ ശല്യം ചെയ്യും 

ബൈക്കിൽ ചെത്തിനടക്കുന്നോരുടെ 

മുന്നിൽച്ചാടി മറിച്ചിട്ടീടും 

ഓടിച്ചിട്ടു കടിക്കും ഞങ്ങൾ 

പേടിച്ചോടിയകന്നെന്നാലും 

ആരാ ചോദ്യം ചെയ്യാനായി

പോരുന്നോരിവിടെന്നറിയേണം

കൊല്ലാം നിങ്ങൾക്കാടുകൾ പന്നികൾ 

കാളകൾ പോത്തുകൾ മനുജന്മാരേം 

ഞങ്ങടെമേലേ കൈവച്ചെന്നാൽ

എങ്ങനെയുണ്ടെന്നറിയും നിങ്ങൾ 

നിങ്ങൾക്കുള്ളൊരു രൂപം പൂണ്ടോർ ഞങ്ങടെ

സോദരരുണ്ടീയുലകിൽ 

അവരുണ്ടല്ലോ ചോദിച്ചീടാൻ 

എവിടേം ഞങ്ങൾ മുന്നിൽത്തന്നെ 

പേവിഷബാധയ്ക്കുള്ള മരുന്നുക- 

ളാവുംപോൽ വിൽക്കേണമതിന്നായ് 

മനുജരെ വിഡ്ഢികളാക്കും നിയമം 

ഇനിയും പലതുണ്ടാവാമിവിടെ 

അധികം വൈകില്ലല്ലോ ശുനകർ 

അധികാരത്തിൽ കൈവച്ചീടാൻ 

ഞങ്ങൾ നാടു ഭരിക്കും  കാലം 

മോങ്ങും നിങ്ങൾ ഞങ്ങളെ നോക്കി

- ജോർജുകുട്ടി താവളം

Advertisment