Advertisment

എന്‍റെ ഗുരുനാഥ (കവിത)

author-image
സത്യം ഡെസ്ക്
New Update
jayalakshmi kavukkodathu ente gurunatha poetry
വേലിയ്ക്കൽ നിൽക്കുന്ന ചെമ്പകത്തയ്യിലെ
Advertisment
പൂവൊന്നു നീ കയ്യിൽ തന്നിരുന്നൂ
ശ്വാസനാളങ്ങളിൽ ആമോദ പ്രവേഗമാ-
സൗഗന്ധമിന്നും ചൊരിഞ്ഞു നിൽപ്പൂ..
എൻ കൊച്ചു പുസ്തകത്താളിൽ മയിൽ‌പ്പീലി
ആരാരും കാണാതൊളിച്ചു വയ്ക്കാൻ.
നീട്ടിയെൻ നേർക്കൊരു വർണ്ണ
വിസ്മയമെങ്കിലും
അതിലില്ല നിൻ കണ്ണിനാഴദ്യുതം.
നാക്കിലച്ചാർത്തിൽ വിളമ്പിയ പായസച്ചോറുണ്ടു
തൃപ്തി നുകർന്നു നിൽക്കേ..
നിറുകയിൽ സ്നേഹവായ്പോടെ തഴുകിയ
സ്നിഗ്ദ്ധത മാത്രം അലിഞ്ഞില്ലിന്നും.
അക്ഷരചെപ്പു തുറന്നെത്ര ലോകങ്ങൾ
ശാസ്ത്രങ്ങളിൽ യാത്ര പോയെങ്കിലും
കണ്ടറിഞ്ഞീടുവാനായില്ല നിന്നിലെ
അർത്ഥഗർഭ മൗനഗർത്തങ്ങളെ.
ഒരു വാസനസോപ്പും പേനയും
പുസ്തക സഞ്ചിയും
പിന്നെയാ കുഞ്ഞുടുപ്പും
നീ തന്നതെന്നും പുതുമണം മാറാതിരിയ്ക്കുവാൻ
അന്നേ കരൾക്കൂട്ടിൽ പൂട്ടിവച്ചൂ..
കാലം പതുക്കെയെൻ മുന്നിൽ പലപാക വസ്ത്രങ്ങൾ
ഓരോന്നായ് കൊണ്ടുവച്ചു
ഓരോന്നെടുത്തങ്ങണിഞ്ഞഴിച്ചേകയായ്
കർമ്മപാതയിടറിക്കരേറീടവേ.
കനിവിൻ വെളിച്ചമേ നീ മാത്രം
ഞാനെന്ന മൺകൂട്ടിലെ കെടാവിളക്കായെരിഞ്ഞൂ
വർത്തമാനങ്ങൾ തൻ സത്ത പിഴിഞ്ഞെടുത്തത്രയും
നേരിൻ വിപണിയാക്കാൻ.
എൻ ഗുരുനാഥനീ മണ്ണിനർത്ഥനാ 
പുഷ്പമേ..
നിറവുള്ള സ്നേഹത്തിൻ
അർത്ഥമേ നീ.
-ജയലക്ഷ്മി കവുക്കോടത്ത്
Advertisment