Advertisment

നിറത്തിൻറെ പാഠഭേദങ്ങൾ (കവിത)

author-image
സത്യം ഡെസ്ക്
New Update
satheesh kalathil

പണ്ടൊക്കെ ചിലർ പറയുമായിരുന്നു,

എനിക്ക്, തങ്കത്തിൻറെ നിറമാണെന്ന്..!

ആരെയും നോവിക്കാത്ത

പ്രഭാതസൂര്യൻറെ പൊൻകതിർപോലെ...

പിന്നീടത്,

മധ്യാഹ്നസൂര്യൻറെ നിറമാണെന്നു

തിരുത്തി..!

തങ്കത്തിൽ ചെമ്പ് ചേർന്നതിൻറെ നിറം...

പിന്നെ കേട്ടു,

സായാഹ്നസൂര്യൻറെ നിറമാണെന്ന്..!

തങ്കത്തിൽമുഴുവനും ചെമ്പാണെന്നു

കലമ്പൽ കൂട്ടിയതിൻറെ നിറം...

ഒടുക്കം കേട്ടത്,

അസ്തമയസൂര്യൻറെ നിറമാണെന്നാണ്..!

അവശേഷിക്കുന്ന സ്നേഹത്തെയുരുക്കി;

കിട്ടാവുന്നത്ര തങ്കമെടുത്ത്;

പഴുത്തുക്കിടക്കുന്ന ചെമ്പിനെ മൂലക്കിട്ടു

പടിയിറങ്ങാൻ വെപ്രാളപ്പെട്ടതിൻറെ നിറം...

അതിനുശേഷം,

ആരും ഒന്നും പറഞ്ഞുകേട്ടില്ല.

തണുത്തുറഞ്ഞ സൂര്യൻറെ നിറം

ആർക്കും അറിയില്ലായിരിക്കും..!

-സതീഷ് കളത്തിൽ
Advertisment