Advertisment

അമിത് ഷാ ജമ്മുവിലെത്തും, ലക്ഷ്യം സുരക്ഷാ അവലോകനം; പൂഞ്ച് ആക്രമണത്തിന് ശേഷം ഇതാദ്യം

ജമ്മുവിലെ പൂഞ്ചില്‍ ആയുധധാരികളായ ഭീകരര്‍ രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിലാണ് നാല് സൈനികര്‍ കൊല്ലപ്പെട്ടത്.

New Update
amit shah manipur new one

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 9 ന് ജമ്മു സന്ദര്‍ശിക്കും. പൂഞ്ചില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം ജമ്മുവിലെത്തുന്നത്. മേഖലയിലെ സുരക്ഷ അവലോകനം ചെയ്യുന്നതിനായാണ് സന്ദര്‍ശനം. അദ്ദേഹം ഫോര്‍വേഡ് ഏരിയകള്‍ സന്ദര്‍ശിക്കുമെന്നും പ്രദേശത്തെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. ജമ്മുവില്‍ സുരക്ഷാ അവലോകന യോഗത്തിലും അദ്ദേഹം അധ്യക്ഷനായേക്കും. കൂടാതെ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍  ജമ്മു കശ്മീരിലെ ബിജെപി ഉന്നത നേതാക്കളുടെ യോഗവും ചേര്‍ന്നേക്കും.  

Advertisment

ജമ്മുവിലെ പൂഞ്ചില്‍ ആയുധധാരികളായ ഭീകരര്‍ രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിലാണ് നാല് സൈനികര്‍ കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ഭീകരാക്രമണം നടന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് അമിത് ഷായുടെ സന്ദര്‍ശനം. നേരത്തെ, പൂഞ്ച് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെയും ജമ്മു സന്ദര്‍ശിച്ചിരുന്നു.

ജനുവരി 2 ന് അമിത് ഷാ ജമ്മു കശ്മീരിനെക്കുറിച്ചുള്ള സുരക്ഷാ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചിരുന്നു. സുരക്ഷ ശക്തമാക്കുന്നതിന് പോലീസും സൈന്യവും സിആര്‍പിഎഫും തമ്മിലുള്ള മികച്ച ഏകോപനത്തെ കുറിച്ച് യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നതായി വൃത്തങ്ങള്‍ പറഞ്ഞു. പ്രാദേശിക ഇന്റലിജന്‍സ് ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും യോഗം ചര്‍ച്ച ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, ഇന്റലിജന്‍സ് ബ്യൂറോ ചീഫ് തപന്‍ ദേക, റോ മേധാവി, ദേശീയ അന്വേഷണ ഏജന്‍സി ഡയറക്ടര്‍ ജനറല്‍, ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ചീഫ് സെക്രട്ടറി അടല്‍ ദുല്ലൂ, ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആര്‍ആര്‍ സ്വെയിന്‍ എന്നിവരും മറ്റ് നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം അവസാനം ജമ്മു കശ്മീരില്‍ നടന്ന രണ്ട് ഭീകരാക്രമണങ്ങളില്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് വലിയ ആശങ്കയാണ് ഉയര്‍ത്തിയത്. കോക്കര്‍നാഗിലും പൂഞ്ച്-രജൗരി സെക്ടറിലുമാണ്  ഭീകരാക്രമണങ്ങള്‍ നടന്നത്.  ഡിസംബര്‍ 22ന്, രജൗരി-പൂഞ്ച് സെക്ടറില്‍ രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈനികര്‍ സഞ്ചരിച്ച ഒരു ട്രക്കും മാരുതി ജിപ്സിയുമാണ് ആക്രമിക്കപ്പെട്ടത്. യുഎസ് നിര്‍മിത എം4 കാര്‍ബൈന്‍ റൈഫിളുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്ന ചിത്രം ഭീകരര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പിന്നാലെ പൂഞ്ച് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

2023 സെപ്തംബറില്‍ അനന്ത്‌നാഗ് ജില്ലയിലെ കൊക്കര്‍നാഗ് മേഖലയില്‍ വലിയ ഏറ്റുമുട്ടലാണ് നടന്നത്. അന്ന്  ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ആര്‍മി കേണലും ഒരു മേജര്‍ റാങ്ക് ഓഫീസറും ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ജമ്മു കശ്മീരില്‍ നടന്ന എട്ട് ഭീകരാക്രമണങ്ങളില്‍ 34 സുരക്ഷാ സേനാംഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു. 

 

amit shah
Advertisment