Advertisment

ലോകത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഒന്നുപോലുമില്ല; ദ്രൗപതി മുർമു

സാമൂഹ്യനീതിയും സമത്വവും പ്രോത്സാഹിപ്പിക്കുന്നതില്‍ സാങ്കേതികവിദ്യയുടെ പ്രാധാന്യം എടുത്തുപറഞ്ഞ മുര്‍മു സാങ്കേതികവിദ്യയില്‍ എല്ലാവര്‍ക്കും അവകാശങ്ങള്‍ ഉണ്ടായിരിക്കണമെന്നും പറഞ്ഞു

New Update
drupadi

ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഒന്നുപോലുമില്ലെന്ന് രാഷ്ട്രപതി  ദ്രൗപതി മുര്‍മു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ വിജ്ഞാന പാരമ്പര്യമുള്ള ഒരു രാജ്യമായ ഇന്ത്യയില്‍ നിന്നുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനവും ഈ പട്ടികയില്‍ ഇല്ലെന്നുള്ളത് ഗൗരവകരമായി ചിന്തിക്കേണ്ടതുണ്ടെന്നും ദ്രൗപതി മുര്‍മു ഊന്നിപ്പറഞ്ഞു. ഐഐടി ഖരഗ്പൂരിന്റെ 69-ാമത് കോണ്‍വൊക്കേഷനില്‍ സംസാരിക്കവെയാണ് പ്രസിഡന്റ് മുര്‍മു ഇക്കാര്യം പറഞ്ഞത്. 'നമ്മള്‍ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. മികച്ച വിദ്യാഭ്യാസത്തേക്കാള്‍ പ്രധാനം റാങ്കിംഗിനായുള്ള ഓട്ടമല്ല. എന്നാല്‍ മികച്ച റാങ്കിംഗ് ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളെയും മികച്ച അധ്യാപകരെയും ആകര്‍ഷിക്കുക മാത്രമല്ല, രാജ്യത്തിന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു, ''അവര്‍ പറഞ്ഞു. ഖരഗ്പൂര്‍ ഐഐടിയോട ഈ ദിശയില്‍ പ്രവര്‍ത്തിക്കാനും പ്രസിഡന്റ് മുര്‍മു ആവശ്യപ്പെട്ടു.

Advertisment

'ഐഐടി ഖരഗ്പൂര്‍ പോലുള്ള സ്ഥാപനങ്ങള്‍ നവീകരണത്തിലൂടെയും സാങ്കേതികവിദ്യയിലൂടെയും ഒരു പ്രധാന പങ്ക് വഹിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും അത് നടപ്പിലാക്കുന്നതിനും അവര്‍ വിപ്ലവകരമായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്,' അവര്‍ കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്രവല്‍ക്കരണവും ആഗോള സഹകരണവും എന്ന ഗവണ്‍മെന്റിന്റെ നയവുമായി യോജിച്ച് നില്‍ക്കുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ടിനെ അവര്‍ അഭിനന്ദിച്ചു. 'ഐഐടി ഖരഗ്പൂര്‍ മറ്റ് ആഗോള സ്ഥാപനങ്ങളുമായി സഖ്യത്തിലും സഹകരണത്തിലും പ്രവര്‍ത്തിക്കുന്നു. ഈ നടപടി അന്താരാഷ്ട്ര തലത്തില്‍ ഐഐടി ഖരഗ്പൂര്‍ സ്ഥാപിക്കാന്‍ സഹായിക്കുമെന്ന് മാത്രമല്ല, ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന് ആഗോള അംഗീകാരം നല്‍കുന്നതിനുള്ള വലിയ ചുവടുവെയ്പ്പ് കൂടിയാണ്, ''അവര്‍ പറഞ്ഞു. 

സാമൂഹ്യനീതിയും സമത്വവും പ്രോത്സാഹിപ്പിക്കുന്നതില്‍ സാങ്കേതികവിദ്യയുടെ പ്രാധാന്യം എടുത്തുപറഞ്ഞ മുര്‍മു സാങ്കേതികവിദ്യയില്‍ എല്ലാവര്‍ക്കും അവകാശങ്ങള്‍ ഉണ്ടായിരിക്കണമെന്നും പറഞ്ഞു. 'എല്ലാവര്‍ക്കും സാങ്കേതികവിദ്യയ്ക്കുള്ള അവകാശം ഉണ്ടായിരിക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സാങ്കേതികവിദ്യയുടെ ഉപയോഗം സമൂഹത്തിലെ അസമത്വങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുപകരം സാമൂഹ്യനീതിയും സമത്വവും പ്രോത്സാഹിപ്പിക്കുന്നതിന് ആയിരിക്കണമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു,' രാഷ്ട്രപതി പറഞ്ഞു. 

2030ഓടെ ഐഐടി ഖരഗ്പൂര്‍ ലോകത്തെ മികച്ച 10 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുമെന്ന് ഡയറക്ടര്‍ വി കെ തിവാരി പറഞ്ഞു. കോണ്‍വൊക്കേഷനില്‍ 3,200 വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം നല്‍കിയതായി തിവാരി പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് നിരവധി ദേശീയ മിഷന്‍ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഐഎസ്ആര്‍ഒ, ഡിആര്‍ഡിഒ, ഒഎന്‍ജിസി തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

draupadi murmu
Advertisment