Advertisment

രൂപീകരിച്ച കാലം മുതൽ യു.ഡി.എഫിനെ പിന്തുണച്ച് പത്തനംതിട്ട. 7 നിയമസഭാ മണ്ഡലങ്ങളും ചുവന്നെങ്കിലും പത്തനംതിട്ടക്കാർ ഡൽഹിക്ക് അയച്ചത് യു.ഡി.എഫിനെ മാത്രം. പുൽവാമ മുതൽ കോഴയാരോപണവും കാട്ടാന ആക്രമണവും റബ‌ർ വിലയിടിവും വിദേശ കുടിയേറ്റവും വരെ വിഷയങ്ങൾ. പത്തനംതിട്ട പിടിക്കാൻ പൊരിഞ്ഞ പോരിൽ മുന്നണികൾ

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർത്ത് കേന്ദ്രത്തിന് മുന്നിൽ ഭിക്ഷ യാചിക്കുന്ന സ്ഥിതിയിലേക്ക് എത്തിയതിന്റെ കാരണക്കാരൻ ഐസക്ക് ആണെന്ന ആരോപണമാണ് യു.ഡി.എഫിന്റെ പോർമുന. കിഫ്ബി മസാല ബോണ്ടിന്റെ പേരിൽ ഇ.ഡി ഏഴുതവണ നോട്ടീസ് നൽകിയിട്ടും ഹാജാരാകാത്ത ഐസക്കിന് കുടുങ്ങുമെന്ന ഭയമുണ്ടെന്ന്  യു.ഡി.എഫ് വിലയിരുത്തുന്നു.

author-image
പൊളിറ്റിക്കല്‍ ബ്യൂറോ
Updated On
New Update
ldf udf bjpp.jpg

പത്തനംതിട്ട: ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ തന്നെ സംസ്ഥാനത്ത് ഏറ്റവും കാറും കോളും നിറഞ്ഞതും അടിയൊഴുക്കുകൾ ഏറെയുള്ളതുമായ മണ്ഡലമാണ് പത്തനംതിട്ട. പാ‌ർലമെന്റ് തിരഞ്ഞെടുപ്പിന്റെ നാലാം അങ്കമാണ് പത്തനംതിട്ടയ്ക്കിത്. കഴിഞ്ഞ മൂന്നുവട്ടവും യു.ഡി.എഫ് ജയിച്ചു കയറിയ മണ്ഡലം. ഏഴ് നിയമസഭാ മണ്ഡലങ്ങളും എൽ.ഡി.എഫ് വിജയിച്ചു കയറിയെങ്കിലും പാർലമെന്റ് തിരഞ്ഞെടുപ്പിലെ വിജയം അവ‌ർക്ക് ഇതുവരെ അപ്രാപ്യമായിരുന്നു.

Advertisment

ഡൽഹിയിലേക്ക് യു.ഡി.എഫ് പ്രതിനിധിയെ അയയ്ക്കുന്നതാണ് ഇതുവരെയുള്ള പത്തനംതിട്ടക്കാരുടെ ശീലം. പുൽവാമ ആക്രമണവും പാകിസ്ഥാനിലെ ഭീകരവാദവുമടക്കം അന്താരാഷ്ട്ര വിഷയങ്ങൾ വരെയും വമ്പൻ കോഴയാരോപണങ്ങളുമെല്ലാം പ്രചാരണത്തിൽ അലടയിച്ച പത്തനംതിട്ട ദേശീയ ശ്രദ്ധയാക‌ർഷിച്ച മണ്ഡലമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആന്റോ ആന്റണിക്ക് ലഭിച്ചത് 44, 243 വോട്ടുകളുടെ ഭൂരിപക്ഷമാണ്.


പത്തനംതിട്ട ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളും ചേരുന്നതാണു പത്തനംതിട്ട ലോക്സഭാ മണ്ഡലം. മണ്ഡലത്തിലെ 7 നിയമസഭാ സീറ്റുകളും എൽഡിഎഫിനാണ്. എന്നാൽ, 2009ൽ ലോക്സഭാ മണ്ഡലം രൂപീകൃതമായപ്പോൾ മുതൽ ജയം യുഡിഎഫിലെ ആന്റോ ആന്റണിക്കും. ആന്റോ നാലാം പോരാട്ടത്തിനാണ് ഇത്തവണ ഇറങ്ങിയിട്ടുള്ളത്.  എൽഡിഎഫ് സ്ഥാനാർത്ഥി ടി.എം.തോമസ് ഐസകും ബിജെപി സ്ഥാനാർഥി അനിൽ ആന്റണിയും പൊരിഞ്ഞ പ്രചാരണത്തിലാണ്. കിഫ്ബി സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തുടർച്ചയായ നോട്ടീസുകൾക്കിടയിലൂടെയാണ് ഐസകിന്റെ പ്രചാരണം.

എംപി എന്ന നിലയിൽ ആന്റോ ആന്റണിയുടെ പ്രവർത്തനങ്ങൾ ഇത്തവണയും തുണയ്ക്കുമെന്നു യുഡിഎഫ് പ്രതീക്ഷിക്കുന്നു. 2 കേന്ദ്രീയ വിദ്യാലയങ്ങൾ, കോവിഡ് കാല പ്രവർത്തനങ്ങൾ, എംപി ഫണ്ട് ഉപയോഗിച്ചു നടപ്പാക്കിയ വിവിധ പദ്ധതികൾ എന്നിവ ആന്റോയ്ക്കു കരുത്താകുന്നു.


പെരുനാട് പഞ്ചായത്തിലെ തുലാപ്പള്ളിയിൽ കർഷകനായ ബിജു മാത്യു കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. വനംവകുപ്പിനെതിരെ നാട്ടുകാരുടെ രോഷ പ്രകടനത്തിൽ പങ്കെടുത്ത ആന്റോ ആന്റണി പൊലീസുമായി കൊമ്പുകോർത്തതും ഫോറസ്റ്റ് സ്റ്റേഷന് മുന്നിലിരുന്നു സമരം നടത്തിയതും നേട്ടമാക്കാനാണ് യു.ഡി.എഫ് ശ്രമം. ദേശീയപാത വികസനം, കേന്ദ്രീയ വിദ്യായലങ്ങളുടെ നിർമ്മാണം, റബർ കർഷകർക്കു വേണ്ടി പാർലമന്റിൽ ഇടപെട്ടത് എന്നിവയെല്ലാം ആന്റോ പ്രചാരണ വിഷയങ്ങളാക്കുന്നു.  


കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർത്ത് കേന്ദ്രത്തിന് മുന്നിൽ ഭിക്ഷ യാചിക്കുന്ന സ്ഥിതിയിലേക്ക് എത്തിയതിന്റെ കാരണക്കാരൻ ഐസക്ക് ആണെന്ന ആരോപണമാണ് യു.ഡി.എഫിന്റെ പോർമുന. കിഫ്ബി മസാല ബോണ്ടിന്റെ പേരിൽ ഇ.ഡി ഏഴുതവണ നോട്ടീസ് നൽകിയിട്ടും ഹാജാരാകാത്ത ഐസക്കിന് കുടുങ്ങുമെന്ന ഭയമുണ്ടെന്ന്  യു.ഡി.എഫ് വിലയിരുത്തുന്നു. പ്രചാരണത്തിന്റെ പേരിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിൽ നേതാക്കൾ തമ്മിലടിച്ചതും യു.ഡി.എഫ് ആയുധമാക്കുന്നു. കഴിഞ്ഞ തവണ ഇടഞ്ഞു നിന്ന കോൺഗ്രസ് നേതാക്കളും ഭിന്നിച്ചു പോയ സഭാ വോട്ടുകളും ഇത്തവണ ഒപ്പമുണ്ടെന്നാണ് യു.ഡി.എഫിന്റെ വിശ്വാസം.

മൈഗ്രേഷൻ കോൺക്ലേവ് എന്ന പരിപാടിയിലൂടെ ജില്ലയിലെ പ്രവാസികളെ കൂടെനിർത്താനും വയോജനങ്ങൾ ഏറെയുള്ള ജില്ലയെന്ന നിലയിൽ അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ടു പിടിച്ചുകയറാനുമാണ് ഐസക് ശ്രമിക്കുന്നത്. കർഷകർ, പ്രവാസികൾ, യുവാക്കൾ, വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയ ഐസക് പുതിയ കൃഷി രീതികളും തൊഴിൽ സംസ്കാരവുമാണ് മുന്നോട്ടുവയ്ക്കുന്നത്. തിരുവല്ലയിൽ നടത്തിയ മൈഗ്രേഷൻ കോൺക്ളേവിന്റെ തുടർച്ചയായി വിജ്ഞാന പത്തനംതിട്ട എന്ന പേരിൽ അരലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിന് സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി ആവിഷ്കരിച്ചു.  മണ്ഡല പര്യടനത്തിൽ സ്ഥാനാർത്ഥിക്ക് സമ്മാനമായി ഒരു പുസ്തകം അല്ലെങ്കിൽ കുറച്ച് വസ്ത്രങ്ങൾ മതി. പുസ്തകം ലൈബ്രറികൾക്കും വസ്ത്രങ്ങൾ അഗതിമന്ദിരങ്ങൾക്കും കൈമാറും. ഈ പ്രചാരണ രീതികളൊക്കെ വോട്ടായി മാറുമോ എന്നാണ് ഇനി അറിയേണ്ടത്.


ശബരിമല പ്രക്ഷോഭകാലത്തെ തിരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രൻ സമാഹരിച്ച 2,97,396 വോട്ടുകൾ മറികടന്ന് ജയിക്കാനാവുമെന്നാണ് ബിജെപിയുടെ അനിൽ ആന്റണിയുടെ അവകാശവാദം. വീടുകൾ സന്ദർശിച്ച് പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ് അനിൽ ആന്റണി. വികസനത്തെക്കുറിച്ച് വോട്ടർമാരുമായി ആശയ വിനിമയം നടത്തുന്നു. കേന്ദ്രസർക്കാർ പദ്ധതികളുടെ പത്തനംതിട്ടയിലെ ഗുണഭോക്താക്കളുടെ എണ്ണം ചൂണ്ടിക്കാട്ടുന്നു. അനിൽ വിജയിച്ചാൽ പത്തനംതിട്ടയ്ക്ക് കേന്ദ്രമന്ത്രിയെന്നാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. അനിൽ ആന്റണി തോൽക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞതിനു പിന്നാലെ, ദല്ലാൾ നന്ദകുമാറിന്റെ കോഴ ആരോപണവും പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിപ്പിച്ചിരിക്കുകയാണ്.


14, 29,700 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. വന്യമൃഗ ശല്യം തടയൽ, റബറിന്റെ വിലയിടിവ് എന്നിവയെല്ലാം പ്രധാന ചർച്ചാ വിഷയമാണ്.  റബറിന് കിലോയ്ക്ക് 200ന് മുകളിൽ വില കിട്ടിയത് യു.പി.എ സർക്കാർ കാലത്തണെന്ന് യു.ഡി.എഫ്. താങ്ങുവില ഉയർത്തി കർഷകരെ സംരക്ഷിക്കുന്നത് തങ്ങളാണെെന്ന് എൽ.ഡി.എഫ്. മോദി സർക്കാർ റബറിന്റെ ഇറക്കുമതി നികുതി ഉയർത്തിയതോടെ കർഷകർക്ക് വില കൂട്ടി കിട്ടിയെന്ന് എൻ.ഡി.എ- ഇങ്ങനെ പോവുന്നു അവകാശവാദങ്ങൾ.  കർഷകപ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ മുഖ്യചർച്ചയാകും. മികച്ച ടൂറിസം പദ്ധതികളോ മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളോ ജില്ലയിൽ ഇല്ലാത്തതും വർധിച്ച വിദേശ കുടിയേറ്റവും ചർച്ചയാവുന്നുണ്ട്. എങ്കിലും യു ഡി എഫ് ആധിപത്യം പ്രചാരണ രംഗത്ത് വ്യക്തമാണ് എന്നാണ് ആന്റോ ആന്റണിയുടെ അവകാശവാദം

pathanamthitta
Advertisment