Advertisment

ഐ.എൻ.ടി.യു.സി പ്രവർത്തകൻ സത്യൻെറ കൊലപാതകത്തിലെ വെളിപ്പെടുത്തൽ ആലപ്പുഴയിൽ തിരഞ്ഞെടുപ്പ് വിഷയമാകുന്നു. ജില്ലാ പഞ്ചായത്തംഗത്തിൻെറ വെളിപ്പെടുത്തലിൻെറ അടിസ്ഥാനത്തിൽ കേസിൽ പുനരന്വേഷണം വേണമെന്ന് കോൺഗ്രസ്. ആവശ്യം  ഉന്നയിച്ച് ‍ഡി.ജി.പിക്ക് കത്തയച്ചു. പൊലീസിൽ നിന്ന് അനുകൂല തീരുമാനമില്ലെങ്കിൽ നിയമവഴി തേടാനും കോൺഗ്രസ്. പാർട്ടി നേതാവിൻെറ വെളിപ്പെടുത്തലിൽ പ്രതിരോധത്തിലായി സി.പി.എം

സത്യൻെറ ഭാര്യയുമായും കുടുംബാംഗങ്ങളുമായി ചർച്ച ചെയ്തശേഷമാണ് പുനരന്വേഷണം ആവശ്യപ്പെട്ടത്. പുനരന്വേഷണത്തിൽ പൊലീസിൽ നിന്നും സർക്കാരിൽ നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ നിയമപരമായ മറ്റ് വഴികൾ തേടാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

New Update
sathyan intuc.jpg

ആലപ്പുഴ: കായംകുളത്തെ ഐ.എൻ.ടി.യു.സി സത്യൻ വധക്കേസിലെ സി.പി.എം നേതാവിൻെറ വെളിപ്പെടുത്തൽ ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാക്കാനുറച്ച് കോൺഗ്രസ്. സി.പി.എം മുൻ ഏരിയാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ബിപിൻ സി ബാബുവിൻെറ വെളിപ്പെടുത്തലിൻെറ അടിസ്ഥാനത്തിൽ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കൊണ്ടാണ് കോൺഗ്രസ് സത്യൻ കൊലക്കേസ് സജീവമായി നിലനി‍ർത്താൻ ശ്രമിക്കുന്നത്. പുനരന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ ബി.ബാബുപ്രസാദ്  സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകി.

Advertisment

സത്യൻെറ ഭാര്യയുമായും കുടുംബാംഗങ്ങളുമായി ചർച്ച ചെയ്തശേഷമാണ് പുനരന്വേഷണം ആവശ്യപ്പെട്ടത്. പുനരന്വേഷണത്തിൽ പൊലീസിൽ നിന്നും സർക്കാരിൽ നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ നിയമപരമായ മറ്റ് വഴികൾ തേടാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. സത്യൻെറ കൊലപാതകത്തിന് പിന്നിലെ ആസൂത്രണത്തിലേക്ക് വെളിച്ചം വീശുന്ന വെളിപ്പെടുത്തൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഗുരുതരമായ വെളിപ്പെടുത്തൽ പുറത്തുവന്നിട്ടും പാ‍ർട്ടി ജില്ലാ നേതൃത്വം പ്രതികരിക്കാതെ മൗനം പാലിക്കുകയാണ്. സി.പി.എം നേരിടുന്ന പ്രതിസന്ധിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന് വേണ്ടി കൂടിയാണ് കോൺഗ്രസ് സത്യൻ കൊലപാതകത്തെ വലിയ തോതിൽ ഏറ്റെടുത്തിരിക്കുന്നത്.

കേസിലെ പ്രതി കൂടിയായ സി.പി.എം നേതാവാണ് സത്യൻെറ കൊലപാതകം പാർട്ടി ആലോചിച്ച് നടപ്പാക്കിയതാണെന്ന് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇതിൻെറ ഗൗരവം കണക്കിലെടുത്ത് നിയമനടപടിക്കൊപ്പം രാഷ്ട്രീയ പ്രചരണവും ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് കോൺഗ്രസ് തീരുമാനം. പുതിയ വെളിപ്പെടുത്തലിൻെറ പശ്ചാത്തലത്തിൽ കേസ് സി.ബി.ഐ പോലുളള ഏജൻസിയെ കൊണ്ട് വീണ്ടും അന്വേഷിപ്പിക്കണമെന്നാണ് സത്യൻെറ കുടുംബവും കോൺഗ്രസ് നേതാക്കളും ആവശ്യപ്പെടുന്നത്. പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ തീരുമാനം എന്തെന്ന് അറിഞ്ഞശേഷം മറ്റ് കാര്യങ്ങൾ ആലോചിക്കാമെന്നാണ് നേതൃതലത്തിലെ ധാരണ.

കൊല്ലപ്പെട്ട സത്യൻെറ മൊഴിയടക്കം പൊലീസ് രേഖപ്പെടുത്തിയിട്ടും കേസിലെ ആറ് പ്രതികളും ശിക്ഷിക്കപ്പെട്ടിരുന്നില്ല. ആലപ്പുഴ ഫാസ്റ്റ് ട്രാക്ക് കോടതി വെറുതെ വിട്ട പ്രതികളിൽ ഒരാളാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്ന ജില്ലാ പഞ്ചായത്ത് അംഗം ബിപിൻ.സി.ബാബു.  പ്രധാന സാക്ഷികളായവരുടെ മൊഴികളിലെ വൈരുദ്ധ്യവും പ്രതികൾക്ക് അനുകൂലമായി മാറി. ഇതെല്ലാ സി.പി.എം ആലോചിച്ച് ചെയ്ത കൊലപാതകമാണെന്ന ബിപിൻ.സി.ബാബുവിൻെറ വെളിപ്പെടുത്തലിനെ ശരിവെയ്ക്കുന്നതാണെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ നിയമപരമായ എല്ലാ മാർഗങ്ങളും തേടിക്കൊണ്ട് കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവ‍ർക്ക് ശിക്ഷവാങ്ങി കൊടുക്കാനാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിൻെറ തീരുമാനം.

 2001 ജൂൺ 20നാണ് കായംകുളം കരിയിലക്കുളങ്ങരയിലെ കോൺഗ്രസ് - ഐ.എൻ.ടി.യു.സി പ്രവർത്തകനായ സത്യനെ ഒരു സംഘം വെട്ടി വീഴ്ത്തിയത്. ഓട്ടോറിക്ഷാ ഡ്രൈവറായ സത്യനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഓട്ടം വിളിച്ച് കൊണ്ട് പോയശേഷമാണ് ആക്രമിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കരിയിലക്കുളങ്ങരയിലുണ്ടായ സി.പി.എം - കോൺഗ്രസ് സംഘട്ടനത്തിൻെറ പ്രതികാരമായിട്ടായിരുന്നു സത്യനെ വധിച്ചത്. പ്രദേശത്തെ സി.പി.എം - ഡി.വൈ.എഫ്.ഐ നേതാക്കളായിരുന്നു പ്രതികൾ. 13 പേ‍ർ ചേർന്നാണ് തന്നെ ആക്രമിച്ചതെന്നായിരുന്നു സത്യൻെറ മൊഴിയെങ്കിലും കേസിൽ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്. കോൺഗ്രസിൽ എത്തുന്നതിന് വർഷങ്ങൾക്ക് മുൻപ് ആർ.എസ്.എസ് പ്രവർത്തകൻ ആയിരുന്നു സത്യൻ.

 കായംകുളത്തെ നേതാക്കളുമായി കലഹിച്ച് നിൽക്കുന്ന ബിപിൻ.സി.ബാബു, പാർട്ടി വിടുമെന്ന് അറിയിച്ച് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് അയച്ച കത്തിലാണ് സത്യൻ വധക്കേസ് സംബന്ധിച്ച പുതിയ വെളിപ്പെടുത്തൽ നടത്തുന്നത്.പാർട്ടി ആലോചിച്ച് നടപ്പാക്കിയ ആർ.എസ്.എസ്. പ്രവർത്തകനായ സത്യൻ വധക്കേസിൽ നിരപരാധിയായ തന്നെ പ്രതിയാക്കി. പത്തൊൻപതാം വയസിൽ 65 ദിവസം ജയിലിൽ കിടന്നു എന്നതായിരുന്നു പരാമർശം. കൊല്ലപ്പെടുമ്പോൾ കോൺഗ്രസ് പ്രവർത്തകനായിരുന്ന സത്യനെ ആർ.എസ്.എസ് പ്രവ‍ർത്തകൻ എന്നാണ് കത്തിൽ പരാമർശിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് വിഷയം ആളിക്കത്തുകയാണ്.ബിപിൻ സി.ബാബു ഇപ്പോൾ എന്തുകൊണ്ട് ഇത്തരമൊരു വെളിപ്പെടുത്തലിന് തയാറായി എന്നത് സി.പി.എമ്മിനെ കുഴക്കുന്നുണ്ട്.

ഭാര്യയുടെ പരാതിയിൽ ഏരിയ കമ്മിറ്റി അംഗമായിരുന്ന ബിപിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.സസ്പെൻഷൻ കഴിഞ്ഞ്  തിരിച്ചെടുത്തപ്പോൾ ബ്രാഞ്ചിൽ മാത്രമാണ് ഉൾക്കൊളളിച്ചത്. ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.എച്ച്.ബാബുജാൻെറ ഇടപടെൽ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ആരോപിച്ചാണ് ബിപിൻ സംസ്ഥാന സെക്രട്ടറിക്ക് കത്തയച്ചത്. സത്യൻ കൊലപാതകത്തിൽ നേരിട്ട് പങ്കെടുക്കുകയും കേസിൽ പ്രതിചേ‍ർക്കപ്പെടാതെ പോകുകയും ചെയ്ത നേതാക്കളെ ലക്ഷ്യമിട്ടാണ് പുതിയ വെളിപ്പെടുത്തൽ എന്ന് സംശയമുയർന്നിട്ടുണ്ട്.ബോധപൂർവം പ്രതിചേർത്തതെന്നാണ് വെളിപ്പെടുത്തലിലൂടെ ബിപിൻ ശ്രമിക്കുന്നത്. കേസിൽ പെടാതെ പാർട്ടിയിൽ പ്രവർത്തിച്ചവർ നേതാവായപ്പോൾ തന്നെ ഒതുക്കാൻ ശ്രമിക്കുന്നതിലുളള അമ‍ർഷവും  ബിപിൻെറ വെളിപ്പെടുത്തലിന് പിന്നിലുണ്ടെന്ന് സംശയിക്കപ്പെടുന്നു.

alappuzha
Advertisment