Advertisment

ഹർജി പരി​ഗണിക്കാൻ പ്രത്യേക ബെഞ്ച്; ദില്ലി പ്രക്ഷുബ്ധം, എഎപി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

ജസ്റ്റിസുമാരായ എം എം സുന്ദരേശും സഞ്ജീവ് ഖന്നയും മാത്രമായിരുന്നു അപ്പോഴുണ്ടായിരുന്നത്. അരവിന്ദ് കെജ്‌രിവാളിന്റേത് റിട്ട് ഹര്‍ജിയാണെന്നും മൂന്നംഗ ബെഞ്ചിനേ ഇത് പരിഗണിക്കാനാവൂ എന്നും കോടതി അറിയിക്കുകയായിരുന്നു.

New Update
dilli issue kejriwal.jpg



ഡല്‍ഹി: മദ്യനയക്കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച്. മൂന്നംഗ ബെഞ്ച് ഉച്ചയ്ക്ക് ശേഷമായിരിക്കും ഹര്‍ജി പരിഗണിക്കുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ മുന്നിലാണ് അരവിന്ദ് കെജ്‌രിവാളിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി ആദ്യം ഹര്‍ജിക്കാര്യം ഉന്നയിച്ചത്. ഡല്‍ഹി മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയില്‍ ഒരു പ്രത്യേക ബെഞ്ച് ചേരുന്നുണ്ടെന്നും ഈ ബെഞ്ചിനു മുന്നില്‍ വിഷയം ഉന്നയിക്കാനുമായിരുന്നു ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്. തുടര്‍ന്ന് ഈ പ്രത്യേക ബെഞ്ചിനു മുന്നില്‍ വിഷയം ഉന്നയിക്കാനെത്തി. എന്നാല്‍ കെ കവിതയുടെ വിഷയം പരിഗണിച്ച ബെഞ്ച് പിരിയാന്‍ തുടങ്ങുകയായിരുന്നു.

Advertisment

ജസ്റ്റിസുമാരായ എം എം സുന്ദരേശും സഞ്ജീവ് ഖന്നയും മാത്രമായിരുന്നു അപ്പോഴുണ്ടായിരുന്നത്. അരവിന്ദ് കെജ്‌രിവാളിന്റേത് റിട്ട് ഹര്‍ജിയാണെന്നും മൂന്നംഗ ബെഞ്ചിനേ ഇത് പരിഗണിക്കാനാവൂ എന്നും കോടതി അറിയിക്കുകയായിരുന്നു. വീണ്ടും ഇതേ വിഷയം ചീഫ് ജസ്റ്റിസിന് മുന്നില്‍ ഉന്നയിക്കുമെന്നും ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.

അതേസമയം, കെജ്‌രിവാളിന്റെ അറസ്റ്റിനെത്തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. പ്രതിഷേധത്തിനിടെ എഎപി നേതാക്കളായ അതിഷി മര്‍ലേനയെയും സൗരഭ് ഭരദ്വാജിനെയും അറസ്റ്റ് ചെയ്തു നീക്കി. എഎപി പ്രവര്‍ത്തകരുടെ ബിജെപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സമാധാനമായി പ്രതിഷേധിക്കാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്ന് അതിഷി ആരോപിച്ചു.

അരവിന്ദ് കെജ്രിവാളിന്റെ ജീവന് ഭീഷണിയുണ്ടെന്ന് എഎപി ആരോപിക്കുന്നു. കെജ്രിവാളിനെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ ഇ ഡിക്ക് ആയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ എല്ലാ അതിര്‍ വരമ്പുകളും ലംഘിക്കുന്നുവെന്നും മന്ത്രി സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി. അറസ്റ്റിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണ്. കെജ്രിവാളിനോട് ചെയ്യുന്നത് അനീതിയാണ്. നടക്കുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള നീക്കമാണ്. ഇതിനെതിരെ ആം ആദ്മി പാര്‍ട്ടി നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത്. ആം ആദ്മി പ്രതിഷേധത്തെ നേരിടാനായി മെട്രോ സ്റ്റേഷന്‍ വൈകുന്നേരം വരെ അടച്ചിടാനാണ് അധികൃതരുടെ തീരുമാനം. ആം ആദ്മി ഓഫീസിനടുത്തുള്ള ITO മെട്രോ സ്റ്റേഷനാണ് അടച്ചത്. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇ ഡി ആസ്ഥാനത്തും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബിജെപി ആസ്ഥാനത്തും കനത്ത സുരക്ഷയാണ്. നഗരത്തില്‍ വിവിധയിടങ്ങളില്‍ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് സമീപമുള്ള പ്രദേശങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

 

delhi Arvind Kejriwal
Advertisment