Advertisment

തട്ടിപ്പ് കേസ്‌; തൃണമൂൽ എംപി നുസ്രത്ത് ജഹാൻ ഇഡിയ്ക്ക് മുന്നിൽ ഹാജരായി

കേസിൽ ഏജൻസിയുമായി പൂർണമായും സഹകരിക്കുമെന്ന് ഇഡി ഓഫീസിലേക്ക് പോകുന്നതിന് മുമ്പ് ബംഗാളി സിനിമാ നടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

New Update
nusrat jahan

തട്ടിപ്പ് കേസിൽ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) ബസിർഹത്ത് എംപിയും ബംഗാളി ചലച്ചിത്ര നടിയുമായ നുസ്രത്ത് ജഹാൻ എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) മുമ്പാകെ ഹാജരായി. 2017 വരെ നുസ്രത്ത് ജഹാൻ ഡയറക്ടറായിരുന്ന ഒരു റിയൽ എസ്‌റ്റേറ്റ് കമ്പനിയുടെ ഫ്ലാറ്റ് വിൽപ്പന തട്ടിപ്പ് കേസിലാണ് അവർ ചോദ്യം ചെയ്യലിന് ഹാജരായത്.

Advertisment

ആവശ്യമായ രേഖകളുമായി തൃണമൂൽ എംപി രാവിലെ 10.43ന് കൊൽക്കത്തയിലെ ഇഡി ഓഫീസിലെത്തി. സെപ്റ്റംബർ 12ന് കൊൽക്കത്തയിലെ ഓഫീസിൽ ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.  കേസിൽ ഏജൻസിയുമായി പൂർണമായും സഹകരിക്കുമെന്ന് ഇഡി ഓഫീസിലേക്ക് പോകുന്നതിന് മുമ്പ് ബംഗാളി സിനിമാ നടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

രാജാർഹട്ടണിൽ അപ്പാർട്ട്‌മെന്റുകൾ വാഗ്‌ദാനം ചെയ്‌ത്‌ 429 പേരിൽ നിന്ന് 5.5 ലക്ഷം രൂപ വീതം തൃണമൂൽ കോൺഗ്രസ് എംപി തട്ടിയെടുത്തുവെന്ന് ആരോപിച്ച് ബിജെപി നേതാവ് ശങ്കുദേബ് പാണ്ഡ നൽകിയ പരാതിയെ തുടർന്നാണ് ഇഡി നുസ്രത്ത് ജഹാനെതിരെ കേസെടുത്തത്.

സെവൻ സെൻസ് ഇന്റർനാഷണൽ എന്ന റിയൽ എസ്‌റ്റേറ്റ് സ്ഥാപനത്തിന്റെ ഡയറക്‌ടറായിരുന്നു നസ്രത്ത് ജഹാൻ. കൊൽക്കത്തയുടെ പ്രാന്തപ്രദേശത്ത് 1000 ചതുരശ്ര അടി വിസ്‌തീർണമുള്ള അപ്പാർട്ട്‌മെന്റുകൾ വാഗ്‌ദാനം ചെയ്‌ത്‌ ഇന്ത്യൻ ഓവർസീസ് ബാങ്കിലെ 429 ജീവനക്കാരിൽ നിന്ന് പണം വാങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്.

പണം നൽകിയവർക്ക് ഇതുവരെ ഫ്ലാറ്റ് ലഭിച്ചിട്ടില്ലെന്നും, പണം തിരികെ ലഭിച്ചിട്ടില്ലെന്നും പാണ്ട അവകാശപ്പെട്ടു. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച ജഹാൻ 2017ൽ തന്നെ കമ്പനിയിൽ നിന്ന് താൻ രാജിവെച്ചതായി പറഞ്ഞിരുന്നു. നസ്രത്ത് ജഹാൻ ഉൾപ്പെടെയുള്ളവർക്ക് എതിരെ കൊൽക്കത്തയിലെ അലിപൂർ കോടതിയിൽ വഞ്ചനാകുറ്റം ചുമത്തി കേസ് ഫയൽ ചെയ്‌തിട്ടുണ്ട്‌. 

nusrat jahan
Advertisment