Advertisment

തീപാറുന്ന ത്രികോണപ്പോരിൽ ആറ്റിങ്ങൽ. ജനകീയതയും പ്രവർത്തന മികവും വോട്ടാക്കി മാറ്റി രണ്ടാം ജയത്തിന് അടൂർ പ്രകാശ്. കരുത്തനെ അട്ടിമറിക്കാൻ തന്ത്രങ്ങളുമായി വി.ജോയി. കേന്ദ്രത്തിന്റെ വികസനം വോട്ടാക്കി മാറ്റാൻ വി. മുരളീധരൻ. കരുത്തന്മാരുടെ പോരാട്ടത്തിന്റെ ചൂടേറ്റ് ആറ്റിങ്ങൽ. വിജയം വെട്ടിപ്പിടിക്കാൻ വിയർപ്പൊഴുക്കി മുന്നണികൾ

അടൂർ പ്രകാശിനെ നേരിടാൻ ജില്ലാ സെക്രട്ടറി വി. ജോയിയെയാണ് സി.പി.എം കളത്തിലിറക്കിയത്. ജില്ലയിൽ പാർട്ടിയുടെ അമരക്കാരനെന്നത് മാത്രമല്ല എം.എൽ.എ എന്ന നിലയിലുള്ള പ്രവർത്തന പരിചയവും പൊതുബന്ധവും ജനകീയതയും പോരാട്ടത്തിൽ ജോയിക്ക് തുണയാകുമെന്നാണ് സി.പി.എം വിലയിരുത്തൽ.

New Update
attingal candidates.jpg

തിരുവനന്തപുരം: തീപാറുന്ന ത്രികോണ പോരാട്ടത്തിന് വേദിയാവുകയാണ് ആറ്റിങ്ങൽ. നിലവിലെ എം.പി അടൂർപ്രകാശും, സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയിയും, കേന്ദ്രമന്ത്രി വി. മുരളീധരനുമാണ് മത്സരിക്കുന്നത്. പൊതുവേ ഇടത്തേക്ക് ചാഞ്ഞ മണ്ഡലത്തെ 2019ൽ വലത്തേക്ക് വെട്ടിപ്പിടിച്ച അടൂർ പ്രകാശ് ഇത്തവണയും ജയിച്ചു കയറുമെന്നാണ് അഭിപ്രായ സർവേകളിലെ ഫലം. എന്നാൽ മറ്റ് മുന്നണികളും ശക്തിയായ പോരാട്ടത്തിലായതോടെ ആറ്റിങ്ങലിലെ അങ്കം ശ്രദ്ധയാകർഷിക്കുകയാണ്. തന്റെ അഞ്ചു വർഷക്കാലത്തെ പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയാണ് അടൂർ പ്രകാശ് വോട്ടു തേടുന്നത്. അട്ടിമറിക്കുമെന്നാണ് വി. ജോയിയുടെ അവകാശവാദം. വികസന നേട്ടങ്ങളാണ് മുരളീധരനും ഉയർത്തുന്നത്.

Advertisment

2009 മുതൽ ആറ്റിങ്ങലായി പേരുമാറിയ മണ്ഡലം എൽ.ഡി.എഫിൽ നിന്ന് കഴിഞ്ഞ തവണ പിടിച്ചെടുത്തത് അടൂർ പ്രകാശാണ്. മണ്ഡലത്തിലുടനീളം സുപരിചിതനായ എം.പിയെന്ന നിലയിൽ അടൂർ പ്രകാശിനുള്ള മേൽക്കൈ ഫലപ്രദമായി ഉപയോഗിക്കുകയാണ് യു.ഡി.എഫ്. മികച്ച സംഘാടകൻ കൂടിയായ അടൂർ പ്രകാശ് മണ്ഡലത്തിൽ നിറഞ്ഞു നിന്നു പ്രവർത്തിച്ചുവെന്ന കാര്യത്തിൽ എതിരാളികൾക്ക് പോലും സംശയമില്ലെന്ന് കോൺഗ്രസ് പറയുന്നു. കരുത്തനായ എ. സമ്പത്തിനെ ഇടതുകോട്ടയിലെത്തി അട്ടിമറിച്ച അടൂർ പ്രകാശ് ഇത്തവണയും വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. അടൂർ പ്രകാശ് വെറും കൈയ്യോടെയല്ല രണ്ടാമൂഴത്തിനെത്തുന്നത്. താൻ ചെയ്ത കാര്യങ്ങൾ അക്കമിട്ട് നിരത്തുന്നു. ഭരണമില്ലാത്ത മുന്നണിയുടെ പ്രതിനിധിയെങ്കിലും അഞ്ച് വർഷക്കാലം മണ്ഡലത്തിൽ നിറഞ്ഞുനിന്നായിരുന്നു പ്രവർത്തനം. ഏഴ് മണ്ഡലങ്ങളിലായി ഒരു ലക്ഷത്തിലധികം ഇരട്ടവോട്ടുകളുണ്ടെന്ന സ്ഥാനാർത്ഥിയുടെ വാദം തിരഞ്ഞെടുപ്പ് കമ്മീഷനും മറ്റ് സ്ഥാനാർത്ഥികളും തള്ളുന്നുണ്ട്. എന്നാൽ കൃത്യമായ മുന്നൊരുക്കത്തിലാണ് അടൂർ പ്രകാശ്.

അടൂർ പ്രകാശിനെ നേരിടാൻ ജില്ലാ സെക്രട്ടറി വി. ജോയിയെയാണ് സി.പി.എം കളത്തിലിറക്കിയത്. ജില്ലയിൽ പാർട്ടിയുടെ അമരക്കാരനെന്നത് മാത്രമല്ല എം.എൽ.എ എന്ന നിലയിലുള്ള പ്രവർത്തന പരിചയവും പൊതുബന്ധവും ജനകീയതയും പോരാട്ടത്തിൽ ജോയിക്ക് തുണയാകുമെന്നാണ് സി.പി.എം വിലയിരുത്തൽ. ജോയിയുടെ സ്വന്തം നിയമസഭാ മണ്ഡലമായ വർക്കലയ്ക്ക് പുറമേ ആറിടങ്ങളിലും എൽ.ഡി.എഫിന്റേതാണ് എം.എൽ.എമാർ. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴിടങ്ങളിൽ നിന്നായി  മുന്നണിക്ക് 1,25,302 വോട്ടിന്റെ ലീഡുമുണ്ട്. ഇതിനു പുറമേ  സി.പി.എം ജില്ലാ സെക്രട്ടറിയായുള്ള പ്രവർത്തന പരിചയവും വോട്ടായി മാറുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുന്നു.  

കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തിയാണ് വി. മുരളീധരൻ മണ്ഡലം നിറയുന്നത്. 2019ൽ ശോഭാ സുരേന്ദ്രൻ 24 ശതമാനം വോട്ടാണ് നേടിയത്. അന്ന് ശോഭ നേടിയത് 2,48,081 വോട്ടുകളാണ്. കേന്ദ്ര പദ്ധതികളുടെ നടപ്പാക്കലും റെയിൽവേ വികസനത്തിലെ നാഴികക്കല്ലുകളും തനിക്ക് നേട്ടമാകുമെന്ന കരുതിയാണ് ചിട്ടയോടെ സ്ഥാനാർത്ഥിയും മുന്നണിയും പ്രവർത്തനം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും അനുകൂലമായി മണ്ഡലത്തിലുള്ള അനുകൂല തരംഗം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹമുള്ളത്.

ചിറയിൻകീഴ് എന്ന പേരിലായിരുന്നപ്പോൾ ലോക്‌സഭാ മണ്ഡലം ചുവന്നു തന്നെയായിരുന്നു. 1952 മുതൽ 67 വരെ ഇടതുപക്ഷത്തിനുണ്ടായിരുന്ന അപ്രമാദിത്വം 71ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് വയലാർ രവി അവസാനിപ്പിച്ചു. പിന്നീട് 1991 സുശീല ഗോപാലൻ മണ്ഡലത്തിനെ വീണ്ടും രക്തഹാരമണിയിച്ചു. തുടർന്ന് 2004 വരെ ചിറയൻകീഴ് ഇടതുകോട്ടയായി നിലകൊണ്ടു. ഈഴവർ അടക്കം പിന്നാക്ക വിഭാഗങ്ങൾക്കും നായർ സമുദായത്തിനും വ്യക്തമായ പ്രാതിനിധ്യമുള്ള മണ്ഡലം കൂടിയാണ് ആറ്റിങ്ങൽ. ന്യൂനപക്ഷ വിഭാഗങ്ങളുടെ ശക്തമായ സാന്നിദ്ധ്യവും ഇവിടെയുണ്ട്. ക്ഷേമപെൻഷൻ മുടങ്ങിയതടക്കം വിഷയങ്ങളും ദേശീയപാതാ വികസനവും ചർച്ചയാവുന്നുണ്ട്. 2014ലെ 10ശതമാനം വോട്ടാണ് 2019ൽ ബി.ജെ.പി 24ശതമാനമാക്കിയത്. അതിനാൽ ബി.ജെ.പിയെ കരുതലോടെയാണ് മറ്റ് മുന്നണികൾ കാണുന്നത്.

attingal
Advertisment