Advertisment

ബഹുഭാര്യത്വം വേണ്ട, തുല്യ അനന്തരാവകാശം..; ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡിന്റെ കരട് സമര്‍പ്പിച്ചു

യുസിസിയില്‍ നിയമം പാസാക്കുന്നതിനായി ഫെബ്രുവരി 5 മുതല്‍ 8 വരെ ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക നാല് ദിവസത്തെ സമ്മേളനം നടക്കും.

New Update
uccc.jpg



ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡിന് കരട് തയ്യാറാക്കാന്‍ നിയോഗിച്ച സമിതി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് ഡ്രാഫ്റ്റ് സമര്‍പ്പിച്ചു. ബഹുഭാര്യത്വത്തിന്റെ നിരോധനം, തുല്യ അനന്തരാവകാശം, ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകളുടെ നിര്‍ബന്ധിത പ്രഖ്യാപനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കരടിലുണ്ടെന്നാണ് വിവരം. മുഖ്യ സേവക് സദനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള സമിതി യുസിസിയുടെ കരട് ധാമിക്ക് സമര്‍പ്പിച്ചു . കരട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ധാമിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.

Advertisment

1. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസും ആണ്‍കുട്ടികളുടെ വിവാഹപ്രായം 21 ഉം ആയിരിക്കും

2. വിവാഹത്തിന് നിര്‍ബന്ധമായും രജിസ്ട്രേഷന്‍ ഉണ്ടായിരിക്കും

3. വിവാഹമോചനത്തിന് ഭാര്യക്കും ഭര്‍ത്താവിനും തുല്യ കാരണങ്ങള്‍ ഉണ്ടായിരിക്കും. ഭര്‍ത്താവിന് ബാധകമായ അതേ വിവാഹമോചന കാരണങ്ങള്‍ ഭാര്യയ്ക്കും ബാധകമായിരിക്കും

4. ഒരു ഭാര്യ ജീവിച്ചിരിക്കുന്നിടത്തോളം രണ്ടാം വിവാഹം സാധ്യമല്ല. അതായത് ബഹുഭാര്യത്വം നിരോധിക്കും

5. അനന്തരാവകാശത്തില്‍ ആണ്‍കുട്ടികളെപ്പോലെ പെണ്‍കുട്ടികള്‍ക്കും തുല്യാവകാശം ഉണ്ടായിരിക്കും

6. ലിവ്-ഇന്‍ ബന്ധത്തിന്റെ ഒരു സ്വയം പ്രഖ്യാപനം ആവശ്യമാണ്.

7. പട്ടികവര്‍ഗ്ഗക്കാര്‍ UCC യുടെ പരിധിക്ക് പുറത്ത് തുടരും

യുസിസിയില്‍ നിയമം പാസാക്കുന്നതിനായി ഫെബ്രുവരി 5 മുതല്‍ 8 വരെ ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക നാല് ദിവസത്തെ സമ്മേളനം നടക്കും. യു.സി.സിയുടെ ഡ്രാഫ്റ്റിന് ശനിയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കും. കരട് ഫെബ്രുവരി ആറിന് നിയമസഭയില്‍ ബില്ലായി അവതരിപ്പിക്കാനാണ് സാധ്യത.

നേരത്തെ ഏകീകൃത സിവില്‍ കോഡിനെ (യുസിസി) സംബന്ധിച്ച നിയമ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ സ്വവര്‍ഗ വിവാഹം ഉള്‍പ്പെടുത്തില്ലെന്ന സൂചനകളുണ്ടായിരുന്നു. നിയമങ്ങളുടെ കൂട്ടത്തില്‍ പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹങ്ങള്‍ ഉള്‍പ്പെടും. എന്നാല്‍ സ്വവര്‍ഗ വിവാഹങ്ങള്‍ യുസിസിയുടെ പരിധിയില്‍ വരില്ല. ജാതി, മതം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ ഓരോ ഇന്ത്യന്‍ പൗരന്റെയും വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ എന്നിവ നിയന്ത്രിക്കുന്നതിന് ഒരേ തരത്തിലുള്ള സിവില്‍ നിയമങ്ങള്‍ രൂപീകരിക്കാനും നടപ്പിലാക്കാനുമുള്ള നിര്‍ദ്ദേശമാണ് യുസിസി കൊണ്ട് ഉദ്ദേശിക്കുന്നത്. അത് നിലവിലുള്ള മതത്തെ അടിസ്ഥാനമാക്കിയുള്ള വ്യക്തിനിയമങ്ങള്‍ക്ക് പകരമാവും അവതരിപ്പിക്കുക.

കൂടാതെ, കമ്മീഷന്‍ റിപ്പോര്‍ട്ട് വിവാഹവുമായി ബന്ധപ്പെട്ട മതങ്ങളുടെ ആചാരങ്ങളെയോ, അനുഷ്ഠാനങ്ങളെയോ നിയന്ത്രിക്കില്ല. അതേസമയം ഏകീകൃത നിയമങ്ങള്‍ വിവാഹമോചനം, പരിപാലനം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ബഹുഭാര്യത്വം, നിക്കാഹ് ഹലാല, ഏകപക്ഷീയമായ വിവാഹമോചനം തുടങ്ങിയവയെ എതിര്‍ക്കുന്ന നിയമ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകുമെന്നും വിവരമുണ്ട്.

uttarakhand
Advertisment