Advertisment

ഒക്ടോബർ രണ്ടിന് മരിച്ച ഭർത്താവിന്റെ മരണാനന്തര ചടങ്ങുകൾ നടത്തി; 19 ദിവസം കഴിഞ്ഞപ്പോൾ ഭാര്യ അറിഞ്ഞു, ഭർത്താവിന്റെ സംസ്കാരം നടന്നില്ലെന്ന് !

New Update

കൊല്ലം: ഒക്ടോബർ രണ്ടിന് മരിച്ച ഭർത്താവിന്റെ മരണാനന്തരകർമങ്ങൾ ചെയ്തു കഴിഞ്ഞ ശേഷം, ഇന്നലെ പൊലീസ് സ്റ്റേഷനിൽ  എത്തിയപ്പോഴാണ്  ആ വിവരം പുഷ്പ അറിയുന്നത്. ഭർത്താവിന്റെ മൃതദേഹം സംസ്കരിച്ചിട്ടില്ലെന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലെ മോർച്ചറിയിലാണെന്നും.

publive-image

കോവിഡ് ബാധിച്ചാണ് മഞ്ചള്ളൂർ മനോജ് ഭവനിൽ ദേവരാജൻ (63) ഇൗ മാസം രണ്ടിനു മരിച്ചത്. ശ്വാസംമുട്ടലിനെ തുടർന്ന് ഇദ്ദേഹത്തെ സെപ്റ്റംബർ 18നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ദേവരാജൻ കോവിഡ് പോസിറ്റീവ് ആയതോടെ പുഷ്പ വീട്ടിലേക്കു മടങ്ങി. പിന്നീട് പുഷ്പയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.

Advertisment

ഒക്ടോബർ രണ്ടിനു ദേവരാജൻ മരിച്ചെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഫോണിൽ പുഷ്പയെ അറിയിക്കുകയായിരുന്നു. വീട്ടുവളപ്പിൽ സ്ഥലമില്ലാത്തതിനാൽ കൊല്ലത്തെ പൊതുശ്മശാനത്തിൽ സംസ്കരിക്കുമെന്നും അറിയിച്ചു. കൂടുതലൊന്നും പറയാതെ  ഉദ്യോഗസ്ഥൻ അന്നു ഫോൺ വച്ചതായി പുഷ്പ പറയുന്നു. പിന്നീട് ഒരു വിവരവും ഇക്കാര്യത്തിൽ ഉണ്ടായില്ല. കോവിഡ് നെഗറ്റീവ് ആയി പുറത്തിറങ്ങിയ പുഷ്പ, ദേവരാജന്റെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കി.

ഇന്നലെ മറ്റൊരാവശ്യവുമായി ബന്ധപ്പെട്ട് പുഷ്പ പത്തനാപുരം പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണു ദേവരാജന്റെ മൃതദേഹം സംസ്കരിച്ചിട്ടില്ലെന്ന വിവരം അറിയുന്നത്.

ഭാര്യയുടെയോ ബന്ധുക്കളുടെയോ സമ്മതപത്രം ലഭിക്കാത്തതാണു കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. മൃതദേഹം സംസ്കരിക്കുന്നതിന് ഇന്നലെ സമ്മതപത്രം നൽകിയതായി പുഷ്പ പറഞ്ഞു.

 

death news
Advertisment