Advertisment

താൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും ജനകീയനായ ക്യാപ്റ്റനും ഏറ്റവും മാന്യനായ വ്യക്തിയുമാണ് ധോണി; ഗാരി കിർസ്റ്റൻ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ഇന്ത്യൻ സീനിയർ ടീം പരിശീലകനായിരുന്ന കാലത്ത് അന്നത്തെ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുമായി ഏറ്റവും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് വെളിപ്പെടുത്തി മുൻ ദക്ഷിണാഫ്രിക്കൻ താരം കൂടിയായ ഗാരി കിർസ്റ്റൻ. താൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും ജനകീയനായ ക്യാപ്റ്റനും ഏറ്റവും മാന്യനായ വ്യക്തിയുമാണ് ധോണിയെന്ന് കിർസ്റ്റൻ വ്യക്തമാക്കി.

Advertisment

പരിശീലകനെന്ന നിലയിൽ എക്കാലവും തന്നോട് വിശ്വസ്തത പുലർത്തിയ ക്യാപ്റ്റനാണ് ധോണിയെന്നും കിർസ്റ്റൻ വെളിപ്പെടുത്തി. 2011ൽ ഇന്ത്യ ധോണിയുടെ നേതൃത്വത്തിൽ ഏകദിന ലോകകപ്പ് നേടുമ്പോൾ ടീമിന്റെ പരിശീലകനായിരുന്നു കിർസ്റ്റൻ.

publive-image

ധോണിയുടെ വിശ്വസ്തതയും സ്നേഹവും വിശദീകരിക്കാൻ അക്കാലത്ത് നടന്ന ഒരു സംഭവവും കിർസ്റ്റൻ വിശദീകരിച്ചു. 2011 ലോകകപ്പിനു മുൻപ് ഒരിക്കൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബെംഗളൂരുവിലുള്ള ഒരു എയർ സ്കൂൾ സന്ദർശിക്കാൻ ക്ഷണം കിട്ടി. എന്നാൽ, ഗാരി കിർസ്റ്റന്‍ ഉൾപ്പെടെ ടീമിലുണ്ടായിരുന്ന മൂന്ന് ‘വിദേശി’കൾക്ക് സുരക്ഷാ ഭീഷണി മുൻനിർത്തി സ്കൂളിലേക്ക് പ്രവേശനം അനുവദിച്ചില്ല. ഈ സാഹചര്യത്തിലാണ് ധോണിയുടെ വിശ്വസ്തത തെളിഞ്ഞു കണ്ട സംഭവം അരങ്ങേറിയത്. കിർസ്റ്റന്റെ വാക്കുകളിലൂടെ:

‘ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും മാന്യരായ വ്യക്തികളിൽ ഒരാളാണ് ധോണിയെന്ന് പലകുറി പറഞ്ഞിട്ടുണ്ട്. ജനങ്ങൾ ഇഷ്ടപ്പെടുന്ന ശക്തനായ നേതാവാണ് അദ്ദേഹം. ക്യാപ്റ്റനെന്ന നിലയിൽ അസാമാന്യമായ ഒരു പ്രഭാവം ധോണിക്കുണ്ട് എന്നത് വസ്തുതയാണ്. അതിലുപരി അദ്ദേഹം വളരെയധികം വിശ്വസ്തനുമായിരുന്നു. എന്നെ സംബന്ധിച്ച് ആ ഗുണമാണ് പ്രധാനം’ – ഒരു യുട്യൂബ് ചാറ്റ് ഷോയിൽ കിർസ്റ്റൻ വെളിപ്പെടുത്തി.

‘ഞാൻ ഒരിക്കലും മറക്കാത്ത ഒരു സംഭവമുണ്ട്. 2011ലെ ഏകദിന ലോകകപ്പിനു മുന്നോടിയായി ബെംഗളൂരുവിലുള്ള ഒരു എയർ സ്കൂൾ സന്ദർശിക്കാൻ ഞങ്ങൾക്ക് ക്ഷണം കിട്ടി. അന്ന് ഇന്ത്യൻ ടീമിന്റെ സപ്പോർട്ടിങ് സ്റ്റാഫിൽ ഞാനുൾപ്പെടെ ഏതാനും വിദേശികളുണ്ടായിരുന്നു. സ്കൂൾ സന്ദർശിക്കാൻ പോകുന്ന അന്ന് രാവിലെ ഒരു സംഭവമുണ്ടായി. ടീമിലെ ദക്ഷിണാഫ്രിക്കക്കാരായ എനിക്കും പാഡി അംപ്ടണും എറിക് സിമ്മൺസിനും സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ സ്കൂളിലേക്ക് പ്രവേശനം കിട്ടില്ലെന്ന് അറിയിച്ചു.’

‘ഞങ്ങളെ സ്കൂളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അറിഞ്ഞയുടൻ ധോണി ആ ട്രിപ്പ് തന്നെ റദ്ദാക്കി. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോഴും എനിക്ക് ഓർമയുണ്ട്. ‘ഇവരെല്ലാം എന്റെ ആളുകളാണ്. ഇവരെ പ്രവേശിപ്പിക്കില്ലെങ്കിൽ ഞങ്ങളാരും അങ്ങോട്ട് വരുന്നില്ല’. ഇതായിരുന്നു ധോണി’ – കിർസ്റ്റൻ പറഞ്ഞു.

ധോണിയുമായി തനിക്കുണ്ടായിരുന്ന വ്യക്തിബന്ധം ഇന്ത്യൻ ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ വളരെയധികം സഹായകരമായിരുന്നുവെന്നും കിർസ്റ്റൻ വെളിപ്പെടുത്തി.

‘എന്നോട് ഏറ്റവും വിശ്വസ്തതയോടെ പെരുമാറിയ ക്യാപ്റ്റനാണ് ധോണി. ഞങ്ങൾ എല്ലാ മത്സരങ്ങളും ജയിച്ചിട്ടുണ്ടാകില്ല. വളരെയധികം പ്രതിസന്ധി നിറ‍ഞ്ഞ സമയങ്ങളും ഉണ്ടായിട്ടുണ്ട്. അന്നെല്ലാം ഞങ്ങൾ ടീമിനെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന കാര്യത്തിൽ പരസ്പരം സംസാരിക്കും. ടീമിന്റെ നേട്ടങ്ങളിൽ സഹായിച്ച വളരെ ശക്തമായൊരു വ്യക്തിബന്ധം ഞങ്ങൾക്കിടയിലുണ്ടായിരുന്നു’ – കിർസ്റ്റൻ പറഞ്ഞു.

ms dhoni gary kirsten
Advertisment