Advertisment

ശരിയായ ആസൂത്രണമില്ലായ്‌മയാണ്‌ കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയുടെ മുഖ്യകാരണമെന്ന്‌ അഡ്വ. ജോയ്‌സ്‌ ജോര്‍ജ്ജ്‌ എം.പി

author-image
സാബു മാത്യു
New Update

തൊടുപുഴ:  ശരിയായ ആസൂത്രണമില്ലായ്‌മയാണ്‌ കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയുടെ മുഖ്യകാരണമെന്ന്‌ അഡ്വ. ജോയ്‌സ്‌ ജോര്‍ജ്ജ്‌ എം.പി. തൊടുപുഴയില്‍ കാഡ്‌സ്‌ ഗ്രീന്‍ഫെസ്റ്റിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ പ്രധാന അധഃപതനം ആസൂത്രണത്തിലുള്ള മികവ്‌ കുറവും അതോടൊപ്പം തന്നെ ഇറക്കുമതി നയത്തിലുള്ള പാളിച്ചയുമാണെന്ന്‌ എം.പി. പറഞ്ഞു. ഓരോ അന്താരാഷ്‌ട്ര കരാറുകളിലും ഏര്‍പ്പെടുമ്പോള്‍ രാജ്യത്തെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവ്‌ തടയുന്നതിനുള്ള സംരക്ഷണ ഉപാധികള്‍ വെയ്‌ക്കാത്തതാണ്‌ ഇന്നത്തെ കാര്‍ഷികമേഖലയിലെ അസ്വസ്ഥതയ്‌ക്കും വിലയിടിവിനും കാരണമായി വന്നിട്ടുള്ളത്‌.

publive-image

അതുപോലെ തന്നെ പുതിയ കരാറുകളില്‍ ഏര്‍പ്പെടുമ്പോഴും നിലവിലുള്ള കരാറുകള്‍ പുതുക്കുമ്പോഴും യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാകാതെ ഇന്ത്യന്‍ കാര്‍ഷികമേഖലയ്‌ക്ക്‌ നല്‍കേണ്ട ശരിയായ ആസൂത്രണം നിലനിര്‍ത്തിയില്ലായെങ്കില്‍ ഇന്ത്യന്‍ സമ്പദ്‌ഘടനയ്‌ക്കും അതോടൊപ്പം തന്നെ രാജ്യത്തെ ഭക്ഷ്യസംസ്‌കാരത്തിനും ഭാവിയില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും എംപി ചൂണ്ടിക്കാട്ടി.

ചക്ക സംസ്ഥാനഫലമായി പ്രഖ്യാപിച്ചിട്ടുള്ളതുകൊണ്ട്‌ തന്നെ ആ മേഖലയില്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയില്ലായെങ്കില്‍ വാനില പോലെയുള്ള കൃഷികള്‍ക്ക്‌ സംഭവിച്ച അപകടം ചക്കയ്‌ക്കും അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്കും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാഡ്‌സ്‌ പ്രസിഡന്റ്‌ ആന്റണി കണ്ടിരിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ചക്ക, മാമ്പഴ ഫെസ്റ്റിന്റെ ഉദ്‌ഘാടനം നഗരസഭ വൈസ്‌ ചെയര്‍മാന്‍ റ്റി. കെ. സുധാകരന്‍ നായര്‍ നിര്‍വ്വഹിച്ചു.

ഗ്രീന്‍ ഫെസ്റ്റ്‌ 2018ന്‌ മുന്നോടിയായി കാഡ്‌സ്‌ കര്‍ഷക ഓപ്പണ്‍മാര്‍ക്കറ്റില്‍ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര നഗരവാസികള്‍ക്ക്‌ ഏറെ പുതുമയായി. വിശിഷ്‌ടാതിഥികള്‍ ഉള്‍പ്പടെ എല്ലാ കര്‍ഷകരും കൈയ്യില്‍ തെങ്ങിന്‍ തൈകളുമായാണ്‌ വിളംബരജാഥയില്‍ അണിച്ചേര്‍ന്നത്‌. നിരവധി വാഹനങ്ങള്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ കൊണ്ടും കാര്‍ഷിക വിളകള്‍കൊണ്ടും അലങ്കരിച്ച്‌ ജാഥയെ സമ്പുഷ്‌ടമാക്കി.

publive-image

ജാഥയുടെ മുന്‍നിരയില്‍ കേരളീയ തനിമ ഉണര്‍ത്തികൊണ്ടുള്ള ഗരുഡന്‍ തൂക്കവും വാദ്യമേളങ്ങളും നഗരത്തിന്‌ പുതിയൊരനുഭവമായി മാറി. തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസില്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്റ്റാന്റിന്‌ എതിര്‍വശത്ത്‌ തയ്യാറാക്കിയിട്ടുള്ള പന്തലില്‍ വച്ചാണ്‌ ഗ്രീന്‍ഫെസ്റ്റിന്റെ ഉദ്‌ഘാടന സമ്മേളനം നടന്നത്‌.

ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ മുന്‍ ജൈവകൃഷി അവാര്‍ഡ്‌ ജേതാക്കളായ ലൂക്കാച്ചന്‍ തോട്ടുപാട്ട്‌, ദിവാകരന്‍ ഉപ്പുകുന്ന്‌ എന്നിവര്‍ ഭദ്രദീപം തെളിയിച്ചു. ചടങ്ങില്‍ രേണുക രാജശേഖരന്‍, ആര്‍. ഹരി, കെ.എം.എ. ഷുക്കൂര്‍, അഡ്വ. ബിജു പറയന്നിലം, പി. പി. ജോയി, എം. സി. മാത്യു, അഷ്‌റഫ്‌ വട്ടപ്പാറ, എന്‍. രവീന്ദ്രന്‍, ജെയിന്‍ പ്രഭാകര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

കാഡ്‌സ്‌ വൈസ്‌ പ്രസിഡന്റ്‌ പി.പി. ജോര്‍ജ്ജ്‌ സ്വാഗതവും ഡയറക്‌ടര്‍ കെ. മത്തച്ചന്‍ നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തോടനുബന്ധിച്ച്‌ ബിനിഷ്‌ കെ. മേനോന്റെ നേതൃത്വത്തിലുള്ള നൃത്തസദ്യയും നടന്നു.

Advertisment