Advertisment

ഭക്ഷണത്തിന്‌ നികുതി: ഹോട്ടല്‍ ആന്‍ഡ്‌ റസ്റ്റോറന്റ്‌ അസോസിയേഷന്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും 20-ന്‌ കുമളിയില്‍

author-image
സാബു മാത്യു
New Update

തൊടുപുഴ:  ഭക്ഷണത്തിന്‌ നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ കേരള ഹോട്ടല്‍ ആന്‍ഡ്‌ റസ്റ്റോറന്റ്‌ അസോസിയേഷന്‍ ഇടുക്കിജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 20-ന്‌ കുമളി ജി.എസ്‌.ടി.ഓഫീസിലേയ്‌ക്ക്‌ പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന്‌ ജില്ലാ പ്രസിഡന്റ്‌ എം.എന്‍.ബാബു അറിയിച്ചു.

Advertisment

ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3-ന്‌ നടക്കുന്ന പ്രതിഷേധമാര്‍ച്ച്‌ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.ജയപാല്‍ ഉദ്‌ഘാടനം ചെയ്യും. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ്‌ കെ.എന്‍.ദിവാകരന്‍, അസോസിയേഷന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി.ജെ.ചാര്‍ളി, സംസ്ഥാന സെക്രട്ടറി റ്റി.സി. റഫീഖ്‌, ജില്ലാ പ്രസിഡന്റ്‌ എം.എന്‍.ബാബു, വിവിധ രാഷ്‌ട്രീയ സാമൂഹ്യ വ്യാപാര വ്യവസായ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

കുമളി യൂണിറ്റ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ ഷാജി എം.കെ.സുപ്പുറോയല്‍,വി.പ്രവീണ്‍, ജയന്‍ ജോസഫ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ദിവസം 5500 രൂപയുടെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ പുതിയ നികുതി സമ്പ്രദായത്തില്‍ ഉള്‍പ്പെടുന്നു. സംഘടനയുടെ പ്രതിഷേധത്തെ തുടര്‍ന്ന്‌ ഭക്ഷണത്തിന്‌ ഏര്‍പ്പെടുത്തിയിരുന്ന 18, 12 ശതമാനം നികുതി 5 ശതമാനമാക്കി കുറച്ചിരിക്കുകയാണ്‌.

ജനങ്ങളില്‍ നിന്നും പിരിക്കാതെ അര ശതമാനം നികുതിയായിരുന്നു നല്‍കി വന്നിരുന്നത്‌. ഭക്ഷണത്തിന്‌ കൂടിയ നികുതി ഈടാക്കുന്നത്‌ ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി വിശക്കുന്നവന്റെ അവകാശമാണ്‌ ഭക്ഷണം എന്ന കാര്യം ഉള്‍ക്കൊള്ളുവാന്‍ ഭരണനാധികാരികള്‍ തയ്യാറാകണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

Advertisment