Advertisment

നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ്‌: രോഗികളെ ചൂഷണം ചെയ്യരുത്‌ - ജോസ്‌ പാറേക്കാട്ട്‌

author-image
admin
New Update

കോട്ടയം:  നഴ്‌സുമാര്‍ക്ക്‌ ശമ്പള സ്‌കെയില്‍ നിശ്ചയിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയതിന്റെ മറവില്‍ ആശുപത്രിയിലെത്തുന്ന രോഗികളെ ധനസമ്പാദനത്തിനായി ആശുപത്രി മാനേജ്‌മെന്റുകള്‍ ചൂഷണം ചെയ്യരുതെന്ന്‌ ജനാധിപത്യ കേരള കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറി ജോസ്‌ പാറേക്കാട്ട്‌ ആവശ്യപ്പെട്ടു.

Advertisment

നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവിനെ തുടര്‍ന്ന്‌ നിരവധി ആശുപത്രികള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന്‌ മാനേജ്‌മെന്റുകള്‍ തുറന്നു സമ്മതിക്കുന്ന സാഹചര്യത്തില്‍ ഈ സാമ്പത്തിക ഭാരം രോഗികള്‍ക്ക്‌ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള രഹസ്യനീക്കം വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചുകഴിഞ്ഞു.

രോഗികളെ ഭീതിയിലാഴ്‌ത്തി സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ വന്‍തുക ചിലവ്‌ വരുന്ന നിരവധി ശാരിരീക പരിശോധനകള്‍ക്കും ലാബ്‌ ടെസ്‌റ്റുകള്‍ക്കും നിര്‍ബന്ധിക്കുന്നുവെന്ന പരാതികള്‍ ശക്തമാണ്‌.

സാധാരണക്കാരായ രോഗികളെ നിരവധി ലാബ്‌ ടെസ്‌റ്റുകള്‍ക്കും മറ്റ്‌ പരിശോധനകള്‍ക്കും വിധേയരാക്കി ആശുപത്രികള്‍ തങ്ങളുടെ ദൈനംദിന ചിലവുകള്‍ക്ക്‌ പണം കണ്ടെത്താന്‍ ഉപകരണമാക്കരുത്‌. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍ക്ക്‌ മേല്‍ മേല്‍നോട്ടം കര്‍ശനമാക്കണം.

ജനങ്ങളെ കൊള്ളയടിച്ച്‌ ആരോഗ്യരംഗത്ത്‌ നേട്ടം കൊയ്യാമെന്ന വ്യാമേഹം ആശുപത്രി മാനേജ്‌മെന്റുകള്‍ ഉപേക്ഷിക്കണം. സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.

ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീ യൂണിറ്റുകളുമായി സഹകരിച്ച്‌ സമഗ്ര ആരോഗ്യസര്‍വ്വേ അടിയന്തരമായി ശേഖരിക്കണമെന്നും ജോസ്‌ പാറേക്കാട്ട്‌ ആവശ്യപ്പെട്ടു.

Advertisment