Advertisment

പൊതുഫണ്ടില്‍നിന്നും സ്‌റ്റേഡിയം പരിപാലനത്തിനുള്ള തുക വകമാറ്റരുതെന്നാവശ്യം

New Update

പാലാ:  നഗരവികസനത്തിനുപയോഗിക്കേണ്ട പണം ചെറിയാന്‍ ജെ. കാപ്പന്‍ സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ ദൈനംദിന ചിലവുകള്‍ക്കും പരിപാലനത്തിനും ഉപയോഗിക്കരുതെന്നാവശ്യവുമായി മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ രംഗത്തുവന്നു. ഈ ആവശ്യമുന്നയിച്ച് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സെലിന്‍ റോയിയ്ക്ക് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ.ജോസ് പരാതി നല്‍കി.

Advertisment

സിന്തറ്റിക് ട്രാക്കോടുകൂടി ആധുനിക നിലയില്‍ നിര്‍മ്മിച്ചിരിക്കുന്ന സ്റ്റേഡിയത്തിന്റെ മെയിന്റന്‍സിനായി പതിനായിരക്കണക്കിനു രൂപയാണ് മാസം തോറും നഗരസഭ ചെലവിടുന്നത്. എന്നാല്‍ അന്താരാഷ്ട്രാനിലവാരത്തിലുള്ള സ്റ്റേഡിയം ഉപയോഗിക്കുന്നതിനു നിസ്സാര തുക മാത്രമാണ് നഗരസഭ ഈടാക്കുന്നത്.

publive-image

സ്‌പോര്‍ട്‌സ് പ്രേമത്തിന്റെ പേരില്‍ പൊതു ഫണ്ടില്‍ നിന്നും വകമാറ്റി സ്റ്റേഡിയത്തിനായി ചെലവൊഴിക്കുന്ന നടപടി ജനവഞ്ചനയാണ്. സ്‌റ്റേഡിയത്തിന്റെ ആവശ്യത്തിനുള്ള തുക സ്റ്റേഡിയത്തില്‍ നിന്നും കണ്ടെത്തണം. യഥാര്‍ത്ഥ സ്‌പോര്‍ട്‌സ് പ്രേമികള്‍ സൗകര്യങ്ങള്‍ക്കടിസ്ഥാനപ്പെടുത്തിയ ഫീസ് നല്‍കണം.

പാലാ നഗരസഭയിലെ കായിക സംഘടനകള്‍ നടത്തുന്ന ഒരാഴ്ചയില്‍ കൂടാത്ത കായിക മത്സരങ്ങള്‍ക്കു മാത്രമേ ഇളവു നല്‍കാവൂ എന്ന് ഫൗണ്ടേഷന്‍ നിര്‍ദ്ദേശിച്ചു. ദേശീയ, അന്തര്‍ദ്ദേശീയ, സംസ്ഥാന, ജില്ലാതല മത്സരങ്ങള്‍ക്ക് ക്യാറ്റഗറി നിശ്ചയിച്ച് വാടക ഈടാക്കണം. യൂണിവേഴ്‌സിറ്റികള്‍, സര്‍ക്കാര്‍ വകപ്പുകള്‍, സ്‌കൂളുകള്‍ തുടങ്ങിയവ നടത്തുന്ന മത്സരങ്ങള്‍ക്ക് വാടക കുറക്കേണ്ട ആവശ്യമില്ല. എന്നാല്‍ പാലാ മുനിസിപ്പാലിറ്റിയിലെ സ്‌കൂളുകള്‍ രണ്ടു ദിവസത്തില്‍ കൂട്ടാത്ത കായികമേള സ്വന്തം ആവശ്യത്തിനു നടത്തിയാല്‍ 25 ശതമാനം വരെ ഇളവ് അനുവദിക്കുന്നതില്‍ തെറ്റില്ല.

ഒരു സംഘടനയ്ക്ക് ഒരു വര്‍ഷത്തേയ്ക്ക് 5000 രൂപാ വാടകയ്ക്ക് വൈകുന്നേരം സ്‌റ്റേഡിയം വിട്ടു നല്‍കിയ നടപടി അന്യായമാണ്. കേവലം 13 രൂപാ 70 പൈസ ദിവസ വാടകയ്ക്കാണ് സ്‌റ്റേഡിയം നല്‍കിയിട്ടുള്ളത്. പേ ആന്റ് പാര്‍ക്കില്‍ ഒരു ദിവസം ബൈക്ക് പാര്‍ക്കു ചെയ്താല്‍ 10 രൂപാ നല്‍കേണ്ടപ്പോഴാണ് സ്റ്റേഡിയം നിസ്സാര തുക വാടകയ്ക്ക് നല്‍കിയിട്ടുള്ളത്.

365 ദിവസം തുടര്‍ച്ചയായി ഒരു സംഘടനയ്ക്ക് വാടകയ്ക്ക് നല്‍കിയ നടപടി അംഗീകരിക്കാനാവില്ല. ആവശ്യക്കാര്‍ ഈ സംഘടനയില്‍ നിന്നും സ്റ്റേഡിയം കീഴ്വാടകയ്ക്ക് എടുക്കേണ്ട ഗതികേടിലാണ്. നിയമവിരുദ്ധമായ ഈ നടപടി തിരുത്താന്‍ നഗരസഭ തയ്യാറാകണം.

12 ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായും ഇത് രണ്ടു തവണയില്‍ കൂടുതലും ഒരു സംഘടനയ്ക്കും നല്‍കരുതെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. സ്‌പോര്‍ട്‌സിന്റെ പേരുപറഞ്ഞ് മുതലെടുപ്പ് നടത്താന്‍ അനുവദിക്കുകയില്ലെന്നും ഫൗണ്ടേഷന്‍ വ്യക്തമാക്കി. നഗരസഭയുടെ ഫണ്ട് സ്റ്റേഡിയത്തിനുവേണ്ടി വകമാറ്റിയാല്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും ഫൗണ്ടേഷന്‍ മുന്നറിയിപ്പ് നല്‍കി.

ചെയര്‍മാന്‍ എബി ജെ.ജോസ് അധ്യക്ഷതവഹിച്ചു. സാംജി പഴേപറമ്പില്‍, ബിനു പെരുമന, ജോബി ഇ.ജെ., അമല്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Advertisment