Advertisment

പാലാ നഗരസഭയ്ക്ക് വേണ്ടി കൊതുകുകളുടെ പ്രഭാതവന്ദനം !

New Update

പാലാ:  രാപകൽ വ്യത്യാസമില്ലാതെ നഗരസഭയിലെ മിക്ക ഇടങ്ങളിലും കൊതുകുകൾ വിളയാടുന്നു. ചിത്രത്തിൽ കാണുന്നത് പുലർച്ചെ വീടിനു വെളിയിൽ ഇറങ്ങിയപ്പോൾ നഗരസഭയ്ക്ക് വേണ്ടി കൊതുക് പ്രഭാതവന്ദനം നടത്തുന്ന കാഴ്ചയാണ്.

Advertisment

വ്യാവസായികാടിസ്ഥാനത്തിൽ കൈതകൃഷി വ്യാപകമായതോടെ കൊതുകുകളുടെ ശല്യം നഗരസഭയിൽ അതിരൂക്ഷമായി. കൈതകൃഷിയുള്ള മേഖലയിൽ ആളുകളെ കൊതുകുകൾ കൂട്ടത്തോടെ ആക്രമിക്കുകയാണ്. ഇതിനെതിരെ നിരവധി പരാതികൾ നൽകിയിട്ടും നഗരസഭാധികൃതർ നടപടിയെടുക്കാൻ ഇതുവരെ തയ്യാറായിട്ടില്ല.

publive-image

കൊതുകുശല്യത്തെക്കുറിച്ച് പരാതി പറഞ്ഞപ്പോൾ നഗരസഭാ സെക്രട്ടറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ മറുപടി തന്റെ നാട്ടിലും കൊതുകുശല്യം ഉണ്ടെന്നായിരുന്നു. കൊതുകു നശീകരണമുൾപ്പെടെ ചുമതലയുള്ള നഗരസഭയുടെ ആരോഗ്യ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ് സെക്രട്ടറിയുടെ ചുമതല.

കൊതുകുകളെ നശിപ്പിക്കാൻ സഹായിക്കുന്ന ഫോഗിംഗ് മെഷീൻ നഗരസഭയ്ക്കുണ്ടായിരുന്നു. അത് ദുരൂഹ സാഹചര്യത്തിൽ കത്തി നശിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്തിയാൽ ഉത്തരവാദിത്വം ചിലരുടെ ചുമലിൽ വരും. അതിനാൽ നഗരസഭാ അധികൃതരും ജനപ്രതിനിധികളും ഒറ്റക്കെട്ടായി അവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതോടെ കൊതുകുകടി ഏൽക്കാനാണ് നാട്ടുകാരുടെ ദുർവിധി.

കൈതകൃഷി വരുന്നതിനുമുമ്പ് കൊതുകുശല്യം ഇല്ലാതിരുന്ന പ്രദേശമാണ് കൊച്ചിപ്പാടി, കവീക്കുന്ന് മേഖലകൾ. ഇവിടെ ഏക്കറുകണക്കിനു സ്ഥലത്താണ് വ്യവസായികാടിസ്ഥാനത്തിൽ കൈതകൃഷി. കൈതയുടെ കവിളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുവളരുന്നത്.

കൈത നട്ടു കഴിഞ്ഞ് പുരയിടത്തിൽ നിന്നും ഒരേ സമയം ഒരേ രീതിയിലാണ് വിളവെടുപ്പ് നടത്തുന്നത്. ഇത് മാരകമായ രീതിയിൽ മരുന്നുകൾ ഉപയോഗിക്കാതെ എങ്ങനെ സാധ്യമാകും എന്നു ആരും ഉത്തരം തന്നിട്ടില്ല. കൊതുകുകടിക്കു പിന്നാലെ ഈ മരുന്നടിയുടെ ദൂഷ്യ ഫലങ്ങൾ ഇന്നാട്ടുകാരെ കാത്തിരിക്കുകയാണ്.

Advertisment