ബംഗളൂരു : കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ നാല് പേര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്.
അബ്ദുല്‍ ലത്തീഫ്, റഷീദ്, അനിക്കുട്ടന്‍, അരുണ്‍ എസ്. എന്നിവര്‍ക്കാണ് ഇ.ഡി. നോട്ടീസ് അയച്ചിരിക്കുന്നത്. നവംബര്‍ 18 ന് ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദേശമുള്ളത്. അബ്ദുല്‍ ലത്തീഫിനും റഷീദിനും നേരത്തെയും ഇ.ഡി. നോട്ടീസ് അയച്ചിരുന്നെങ്കിലും ക്വാറന്റൈനിലാണെന്നു പറഞ്ഞ് ഹാജരായിരുന്നില്ല.
ബിനീഷുമായി വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയവരില്‍ നാലുപേരെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യലിന് വിളിച്ചിരിക്കുന്നത്. ഇവര്‍ തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇ.ഡിക്കു മുന്നില്‍ വിശദീകരിക്കേണ്ടിവരും.
പണത്തിന്റെ സ്രോതസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദീകരണം നല്‍കേണ്ടി വരുന്നതിനാല്‍ ബിനീഷിനും മറ്റു നാലുപേര്‍ക്കും കടുത്ത സമ്മര്‍ദമാണ് ഉണ്ടാകാന്‍ പോകുന്നത്.