Advertisment

മൂന്നാമതും പ്രധാനമന്ത്രിയാകുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് നരേന്ദ്ര മോദി; 2019-ലെ ഉത്സാഹം കാണിക്കാതെ കോണ്‍ഗ്രസ്; നിലനില്‍പിന്റെ പ്രശ്‌നം നേരിടുന്ന സിപിഎം ! ഇത് ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ്-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

തെരഞ്ഞെടുപ്പിനു കാഹളം മുഴങ്ങിക്കഴിഞ്ഞു. പെരുമാറ്റച്ചട്ടം നിലവില്‍ വരികയും ചെയ്തു. രാജ്യം ഇനി ആരു ഭരിക്കണമെന്നു തീരുമാനിക്കേണ്ടത് ഇന്ത്യയിലെ ജനങ്ങള്‍. സാധാരണക്കാരും പാവപ്പെട്ടവരും അത്രകണ്ടു പഠിപ്പില്ലാത്തവരുമായ ഇന്ത്യാക്കാര്‍.

New Update
ldf udf nda cpm congress bjp

ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം പൊതു തെരഞ്ഞെടുപ്പിലേയ്ക്ക്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 96.86 കോടി വോട്ടര്‍മാര്‍ ഏപ്രില്‍ - മെയ് മാസങ്ങളില്‍ വോട്ട് ചെയ്ത് പുതിയ സര്‍ക്കാരിനെ തെരഞ്ഞെടുക്കും.

Advertisment

2014 -ല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുപിഎ മുന്നണിയെ തോല്‍പ്പിച്ച് അധികാരത്തിലെത്തിയ ബിജെപി മുന്നണി 2019 -ലെ തെരഞ്ഞെടുപ്പും കടന്ന് 2024 -ലെ തെരഞ്ഞെടുപ്പും സ്വന്തമാക്കാന്‍ ഇറങ്ങിത്തിരിച്ചു കഴിഞ്ഞു. മൂന്നാമതും പ്രധാനമന്ത്രിയാകുമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയാണ് നരേന്ദ്ര മോദി.

2019 -ല്‍ കാണിച്ചത്ര ഉത്സാഹം കോണ്‍ഗ്രസ് ഇപ്പോള്‍ കാണിക്കുന്നില്ല. വലിയ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നേരിട്ടത്. രാഹുല്‍ ഗാന്ധി ഉത്തരേന്ത്യ വിട്ട് കേരളത്തിലെ വയനാട്ടില്‍ ജനവിധി തേടാനെത്തിയതും വ്യക്തമായ ലക്ഷ്യം മുന്നില്‍ കണ്ടിട്ടു തന്നെ. വയനാട്ടില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച് രാഹുല്‍ ഗാന്ധി ലോക്സഭയിലെത്തി. പക്ഷെ കോണ്‍ഗ്രസ് അമ്പേ പരാജയപ്പെട്ടുപോയി. 

കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും ഇവിടെ നിന്നു തെരഞ്ഞ‌ടുക്കപ്പെട്ട് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നുമുള്ള വലിയ പ്രതീക്ഷയില്‍ കേരളത്തിലെ ജനങ്ങള്‍ വര്‍ദ്ധിച്ച ഉത്സാഹത്തോടെ വോട്ടു ചെയ്തു. പ്രത്യേകിച്ച് ന്യൂനപക്ഷ വോട്ടര്‍മാര്‍. അതിനു ഫലവും കണ്ടു.


 ആകെയുള്ള 20 -ല്‍ 19 സീറ്റും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യ ജനാധിപത്യ മുന്നണിക്കു കിട്ടി. എ.എം ആരിഫ് ജയിച്ച ആലപ്പുഴ മാത്രം സിപിഎമ്മിനും.


ഒന്നാം പിണറായി സര്‍ക്കാരിന്‍റെ ഭരണകാലത്തു നടന്ന 2019 ലോക്സഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനുണ്ടാക്കിയ നേട്ടം വളരെ വലുതായിരുന്നു. 19 എംപിമാരെയും കൊണ്ട് ഡല്‍ഹിയിലേയ്ക്കു തിരിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് അവിടെ ഏറെ ശോഷിച്ച കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ ഒന്നു ഞെളിഞ്ഞിരിക്കാന്‍ കഴിഞ്ഞുവെന്നു മാത്രം. അവര്‍ക്കു മുകളിലൂടെ നരേന്ദ്ര മോദി തുടര്‍ച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രിക്കസേരയില്‍ ആഘോഷമായി കയറിയിരുന്നു.

2019 -ല്‍ 19 സീറ്റ് നേടിയ കോണ്‍ഗ്രസ് മുന്നണിയെ ബഹുദൂരം പിന്നിലാക്കി 2021 നിയമസഭാ തെരഞ്ഞെടുപ്പു ജയിച്ച് ഭരണത്തുടര്‍ച്ച നേടിയ പിണറായി വിജയന്‍ തിരിച്ചടിക്കുകതന്നെ ചെയ്തു. പക്ഷേ ദേശീയ തലത്തില്‍ സിപിഎം ഏറെ ശോഷിച്ചിരിക്കുന്നു. ഒരുകാലത്തു സിപിഎമ്മിന്‍റെ നെടുങ്കോട്ടയായിരുന്ന പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയുടെ തേരോട്ടം തുടരുകയാണ്. ത്രിപുരയിലും സിപിഎമ്മിനു കാലുകുത്താനാകുന്നില്ല. കേരളത്തില്‍ നിന്നു പരമാവധി ലോക്സഭാംഗങ്ങളെ നേടുക എന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന്‍റെ തന്നെ പ്രശ്നമാണ്. 

കഴിഞ്ഞ വര്‍ഷാവസാനം അഞ്ചു സംസ്ഥാനങ്ങളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പില്‍ നാലിലും ജയിച്ച് അധകാരം പിടിച്ചടക്കിയ ബിജെപി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ മുന്നേറ്റമാണു നടത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തു നടന്ന തെരഞ്ഞെടുപ്പു പോരാട്ടങ്ങളില്‍ ബിജെപി നേടുന്ന മിന്നുന്ന വിജയം.

ദേശീയ തലത്തില്‍ത്തന്നെ കോണ്‍ഗ്രസിന് വലിയ ഉയര്‍വു കിട്ടിയ ഒരു കാലത്താണ് അഞ്ചു സംസ്ഥാനങ്ങളിലേയ്ക്കു തെരഞ്ഞെടുപ്പു നടന്നത്. ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി വലിയ ജനശ്രദ്ധ നേടിയ കാലഘട്ടം. കോണ്‍ഗ്രസ് ഒരു തിരിച്ചുവരവിന്‍റെ വഴിയിലാണെന്നു തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു പ്രചാരണം. തെരഞ്ഞെടുപ്പു സര്‍വ്വേകളൊക്കെയും നാലു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്‍റെ വിജയം സുനിശ്ചിതമെന്നു പ്രവചിക്കുകയും ചെയ്തു. രാജസ്ഥാനില്‍ ഭരണത്തുടര്‍ച്ച നേടുകയും മധ്യപ്രദേശ് തിരികെ പിടിക്കുകയും ചെയ്താല്‍ത്തന്നെ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് എളുപ്പമാകുമായിരുന്നു.


തെലങ്കാനയില്‍ വന്‍ വിജയം വെട്ടിപ്പിടിച്ചതൊഴിച്ചാല്‍ കോണ്‍ഗ്രസിന് മറ്റു നേട്ടമൊന്നുമുണ്ടായില്ല. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരണത്തെ അട്ടിമറിച്ചു കര്‍ണാടകയില്‍ കൈവരിച്ച നേട്ടത്തിനു പിന്നാലെയാണ് കോണ്‍ഗ്രസിന് തെലങ്കാനയും കൈയില്‍ വന്നത്. പക്ഷേ ഉത്തരേന്ത്യയില്‍ അടിത്തറ തന്നെ തകരുകയായിരുന്നു.


കൊട്ടിഘോഷിച്ചു രൂപംകൊടുത്ത ഇന്ത്യാ സഖ്യത്തില്‍നിന്ന് അതിന്‍റെ ശില്‍പ്പികളിലൊരാളായ നിധീഷ് കുമാര്‍ തന്നെ ബിജെപി സഖ്യത്തിലേയ്ക്കു കാലുമാറിയതും ഈ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടിട്ടു തന്നെ. പുതിയ പാര്‍ലമെന്‍റ് സമുച്ചയത്തിന്‍റെ ഉദ്ഘാടനത്തിന് പഴയകാല ആചാരങ്ങളോടെ അധികാരത്തിന്‍റെ ചെങ്കോല്‍ കൈയിലേന്തി ചടങ്ങു നിര്‍വഹിച്ചും അയോദ്ധ്യയില്‍ പണിത രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനം സ്വയം പൂജാരിയായി നിര്‍വഹിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ രാഷ്ട്രീയത്തിന്‍റെ ഗതി ഹിന്ദു മാര്‍ഗത്തിലൂടെയാണെന്ന് രാജ്യത്തെയും ലോകത്തെയും കാണിച്ചു കൊടുക്കുകയായിരുന്നു. 

ഇന്ത്യന്‍ ജനത ഈ വഴി സ്വീകരിക്കുമോ എന്നതാണ് 2024 ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പില്‍ ഉയരുന്ന ചോദ്യം. പലയിടത്തായി ചിതറിക്കിടക്കുന്ന ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികളെ ചേര്‍ത്തു പിടിച്ച് ഒരു വലിയ ശക്തിയായി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കരുത്തും കോണ്‍ഗ്രസ് കാണിക്കുന്നില്ല. 

തെരഞ്ഞെടുപ്പിനു കാഹളം മുഴങ്ങിക്കഴിഞ്ഞു. പെരുമാറ്റച്ചട്ടം നിലവില്‍ വരികയും ചെയ്തു. രാജ്യം ഇനി ആരു ഭരിക്കണമെന്നു തീരുമാനിക്കേണ്ടത് ഇന്ത്യയിലെ ജനങ്ങള്‍. സാധാരണക്കാരും പാവപ്പെട്ടവരും അത്രകണ്ടു പഠിപ്പില്ലാത്തവരുമായ ഇന്ത്യാക്കാര്‍.

Advertisment