Advertisment

ദേശീയ രാഷ്ട്രീയത്തില്‍ ഒരു പുതിയ ശക്തിയായി മാറിയതോടെ ബിജെപിക്ക് തലവേദനായി മാറിയ അരവിന്ദ് കെജ്‌രിവാള്‍; അങ്ങനെയൊരു നേതാവിനെ മുളയിലെ നുള്ളിക്കളയണമെന്ന ചിന്ത രാഷ്ട്രീയ എതിരാളികള്‍ക്കുണ്ടാവുക സ്വഭാവികം ! പക്ഷേ, ഒരു അറസ്റ്റ് കൊണ്ടൊന്നും കെജ്‌രിവാള്‍ തളരില്ല-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

തിരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ ഇതുപോലെ കടുത്ത ഒരു നീക്കം പ്രതിപക്ഷത്തെകൂടി ലക്ഷ്യം വെച്ചാണെന്ന കാര്യത്തിലും സംശയമില്ല

New Update
arvind kejriwal1

ന്ത്യന്‍ ജനാധിപത്യം അറസ്റ്റില്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് തടവറയിലാക്കിയത് രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുന്നു.

Advertisment

ഡല്‍ഹി സംസ്ഥാന രാഷ്ട്രീയത്തിന്‍റെ പൂര്‍ണ നിയന്ത്രണം കൈയിലൊതുക്കി കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാഷ്ട്ര തലസ്ഥാനത്ത് തങ്ങള്‍ക്കു വലിയ ഭീഷണിയാണെന്നു കണ്ട് ഒതുക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് അറസ്റ്റ് എന്ന കാര്യം വ്യക്തം.

രാജ്യം ലോക്സഭാ തെരഞ്ഞെടുപ്പിലേയ്ക്കു നീങ്ങുന്ന ഘട്ടത്തിലാണ് പ്രതിപക്ഷ മുന്നണിയുടെ മുന്‍നിര നേതാവായ കെജ്‌രിവാളിനെതിരെ വ്യാഴാഴ്ച രാത്രിയോടെ ഇ.ഡിയുടെ നീക്കം നടന്നത്. ചോദ്യം ചെയ്യലിനെ തുടര്‍ന്ന് ഒമ്പതു മണിയോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

2021 - 22 കാലത്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, തെലുഗുദേശം സ്വദേശികളായ മദ്യവില്പനക്കാര്‍ എന്നിവര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി രൂപം കൊണ്ട പുതിയ മദ്യനയത്തിന്‍റെ പേരിലാണ് അറസ്റ്റ്. ഡല്‍ഹിയിലെ മദ്യവില്പന സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാനുള്ള തീരുമാനം വന്‍ അഴിമതിക്കാണു വഴിതുറന്നതെന്നും ആം ആദ്മി പാര്‍ട്ടി ഇതില്‍ ആദ്യ ഗഡുവായി 100 കോടി രൂപ വാങ്ങിയെന്നും ഇ.ഡി ആരോപിക്കുന്നു. 2022 -ല്‍ നടന്ന ഗോവാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആപ്പ് ഇതില്‍ 55 കോടി രൂപ ചെലവഴിച്ചുവെന്നും ഇ.ഡി പറയുന്നു.

ഇതില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത് തെലുഗുദേശം മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ മകള്‍ കെ. കവിതയാണെന്നാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. മദ്യനയം പിന്നീട് പിന്‍വലിച്ചു.

ഒരു വര്‍ഷം മുമ്പുതന്നെ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാവുമായ മനീഷ് സിസോദിയയെയും മറ്റൊരു മന്ത്രി സഞ്ജയ് സിങ്ങിനെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. സഞ്ജയ് സിങ്ങിന് ജാമ്യം കിട്ടിയെങ്കിലും സിസോദിയ ഇപ്പോഴും ജെയില്‍ത്തന്നെയാണ്.


ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന നാലാമത്തെ പ്രമുഖ നേതാവാണ് അരവിന്ദ് കെജ്‌രിവാള്‍. മുഖ്യമന്ത്രിയായിരിക്കെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് എന്നത് ഞെട്ടിപ്പിക്കുന്നതു തന്നെ.


വളരെ ചുരുങ്ങിയ കാലംകൊണ്ട് ഭരണത്തില്‍ ഒരു പുതുമ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതാണ് കെജ്‌രിവാള്‍ എന്ന ഭരണാധികാരിയുടെ ഏറ്റവും വലിയ നേട്ടം. ഇത് ഡല്‍ഹി ജനത ശരിക്കും മനസിലാക്കുകയും ചെയ്തു. ലളിതമായ നീക്കങ്ങളിലൂടെ അദ്ദേഹം ഭരണ രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയും ജനപ്രീതി നേടുകയും ചെയ്തു. രണ്ടു വര്‍ഷം മുമ്പ് പഞ്ചാബില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി അധികാരം പിടിച്ചടക്കിയതോടെ ദേശീയ രാഷ്ട്രീയത്തില്‍ ഒരു പുതിയ ശക്തിയായി മാറുകയായിരുന്നു അരവിന്ദ് കെജ്‌രിവാളും അദ്ദേഹത്തിന്‍റെ ആം ആദ്മി പാര്‍ട്ടിയും.

ഇതാണ് ബിജെപി നേതൃത്വത്തിനു തലവേദനയായത്. ഗുജറാത്തില്‍ പോലും കെജ്‌രിവാളിന്‍റെ പ്രസംഗം കേള്‍ക്കാന്‍ ആളുകള്‍ തിങ്ങിക്കൂടി. സ്കൂള്‍ വിദ്യാഭ്യാസം സാർവത്രികമാക്കേണ്ടതിന്‍റെയും അതിന്‍റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കേണ്ടതിന്‍റെയും ആവശ്യത്തെക്കുറിച്ച് അഹമ്മദാബാദില്‍ കെജ്‌രിവാള്‍ നടത്തിയ പ്രസംഗം തടിച്ചുകൂടിയ ജനക്കൂട്ടത്തെ ഏറെ ആകര്‍ഷിച്ചു.

ഐഐടി ബിരുദധാരിയെന്ന നിലയ്ക്കുള്ള ഉയര്‍ന്ന ധീഷണാ ശേഷിയും തികഞ്ഞ വ്യക്തതയോടെ പ്രസംഗിക്കാനുള്ള കഴിവുമാണ് അരവിന്ദ് കെജ്‌രിവാള്‍ എന്ന രാഷ്ട്രീയ വ്യക്തിത്വത്തിന്‍റെ മുഖമുദ്ര.

അങ്ങനെയൊരു നേതാവിനെ മുളയിലേ നുള്ളിക്കളയണമെന്ന ചിന്ത രാഷ്ട്രീയ എതിരാളികള്‍ക്കുണ്ടാവുക സ്വാഭാവികം. പക്ഷേ ഒരു അറസ്റ്റ് കൊണ്ടോ ഭീഷണി കൊണ്ടോ തളരുന്ന നേതാവല്ല കെജ്‌രിവാള്‍. പോരാത്തതിന് ഡല്‍ഹിയില്‍ വലിയൊരു വിഭാഗം ജനങ്ങളുടെയും പിന്തുണ അദ്ദേഹത്തിനുണ്ടു താനും. ഭീഷണികളെ മറികടന്ന് പുറത്തുവരാനും ശക്തമായി തിരിച്ചടിക്കാനുമുള്ള ശേഷി കെജ്‌രിവാളിനുണ്ടെന്നു സാരം.

ഇന്ത്യ മുന്നണിയുടെ പ്രധാന നേതാക്കളിലൊരാള്‍ കൂടിയാണ് കെജ്‌രിവാള്‍ എന്ന കാര്യവും പ്രധാനമാണ്. തിരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ ഇതുപോലെ കടുത്ത ഒരു നീക്കം പ്രതിപക്ഷത്തെകൂടി ലക്ഷ്യം വെച്ചാണെന്ന കാര്യത്തിലും സംശയമില്ല.

1974 -ല്‍ പ്രധനമന്ത്രി ഇന്ദിരാഗാന്ധിയുടെ വഴിവിട്ട ഭരണത്തെക്കുറിച്ച് സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്‍ പറഞ്ഞത് ഇങ്ങനെയാണ്:  "വിനാശകാലേ വിപരീത ബുദ്ധി". ജയപ്രകാശ് നാരായണ്‍ നേതൃത്വം കൊടുത്ത രാഷ്ട്രീയ നീക്കം ഉരുക്കു വനിതയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ഭരണത്തെ തൂത്തെറിഞ്ഞുവെന്നത് ചരിത്രം.

Advertisment