Advertisment

കെജ്‌രിവാളിന്റെ അറസ്റ്റ് ഒരു നിയോഗം; രാംലീല മൈതാനത്ത് കണ്ടത് ഐക്യത്തിന്റെ കാഹളം മുഴക്കിയ റാലി; ഒന്നിച്ചു നിന്നില്ലെങ്കില്‍ ഭാവി ഇരുളടഞ്ഞു പോകുമെന്ന സത്യം പ്രതിപക്ഷ കക്ഷികളൊക്കെയും തിരിച്ചറിഞ്ഞു; ഐക്യം തുടരാനായാല്‍ അതത്ര നിസാരമല്ല-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

ബിജെപിയെ നേരിടാന്‍ എല്ലാവരും ഒന്നിക്കുക, അല്ലെങ്കില്‍ നശിക്കുക എന്നല്ലാതെ ഒരു വഴിയും മുമ്പിലില്ലെന്ന സ്ഥിതി. പ്രതിപക്ഷം ഒന്നിച്ചു നിന്നാല്‍ ബിജെപിയെ പിന്നിലാക്കാമെന്നത് ലളിതമായ കണക്ക് മാത്രം.

New Update
india bloc

വസാനം ഇന്ത്യാ മുന്നണിയില്‍ ഐക്യം ബലപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത നീക്കങ്ങളുടെ പശ്ചാത്തലത്തില്‍. ഏറ്റവുമൊടുവില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും അറസ്റ്റ് ചെയ്തതോടെ, ഐക്യമില്ലെങ്കില്‍ എല്ലാ കക്ഷികളുടെയും ഭാവി ഇരുളടഞ്ഞു പോകുമെന്ന് പ്രതിപക്ഷ കക്ഷികളൊക്കെയും മനസിലാക്കിയിരിക്കുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെ.

Advertisment

20 -ലേറെ പാര്‍ട്ടികള്‍ ഒന്നിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിപക്ഷവിരുദ്ധ നീക്കങ്ങള്‍ക്കുമെതിരെ മാര്‍ച്ച് 31 -ാം തീയതി ഞായറാഴ്ച ഡല്‍ഹി രാംലീലാ മൈതാനത്തു നടത്തിയ റാലി ഗംഭീരം തന്നെയായിരുന്നു. ബിജെപി സര്‍ക്കാരിനെതിരെ ഒന്നിച്ചുനിന്നു പോരാടുക, അല്ലെങ്കില്‍ നശിക്കുക എന്ന രണ്ടു വഴിയേ മുന്നിലുള്ളൂ എന്ന് കക്ഷികളൊക്കെയും മനസിലാക്കിയതിന്‍റെ ഫലം.

രാജ്യത്തെ പ്രതിപക്ഷ കക്ഷികളൊക്കെയും ഒന്നിച്ചു നിന്നാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നിഷ്പ്രയാസം തോല്‍പ്പിക്കാനാകുമെന്ന സത്യം നേതാക്കള്‍ക്കൊക്കെയും നന്നായറിയാം. പക്ഷേ ഈ സത്യം ഉള്‍ക്കൊണ്ട് ഐക്യത്തോടെ നില്‍ക്കാന്‍ അവര്‍ക്കു കഴിയുന്നില്ലെന്നതു മറ്റൊരു സത്യം.


ഏറ്റവും നല്ല ഉദാഹരണം കേരളം തന്നെ. കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണു പ്രധാന പോരാട്ടം. രണ്ടു സീറ്റെങ്കിലും കിട്ടുമെന്നു ബിജെപി നേതൃത്വം പ്രതീക്ഷ പുലര്‍ത്തുന്നുണ്ടെങ്കിലും അത്രകണ്ടു സാധ്യതയില്ല തന്നെ.


1930 -കളിലും നാല്പതുകളിലുമായി രൂപമെടുത്തു വളര്‍ന്നു വന്ന പാര്‍ട്ടികളാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും. ഐക്യ കേരളം രൂപപ്പെട്ടതിനേ തുടര്‍ന്നു 1957 -ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ജയിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. 1959 -ലെ വിമോചന സമരത്തിനു ശേഷം 1960 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പിഎസ്‌പി, മുസ്ലിം ലീഗ് എന്നീ കക്ഷികളെയും കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ മുന്നണി ഭരണം പിടിച്ചു. പിഎസ്‌പി നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്രി.

പിന്നീടങ്ങോട്ട് രണ്ടു മുന്നണികള്‍ മാറി മാറി ഭരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നുണ്ടായ സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ ഇടതു ജനാധിപത്യ മുന്നണിയും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഐക്യ ജനാധിപത്യ മുന്നണിയും. 2021 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണ തുടര്‍ച്ചനേടി സിപിഎം പതിവു തെറ്റിച്ചുവെന്നു മാത്രം. ഇപ്പോഴും കേരള രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട ചേരികള്‍ പരസ്പരം പോരടിക്കുന്ന ഇടതു ജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും. ഡല്‍ഹിയില്‍ രണ്ടു മുന്നണികളും പ്രതിപക്ഷത്ത്. 

കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യ അപ്പാടേ ബിജെപിയോടു പുറം തിരിഞ്ഞു നില്‍ക്കുന്നു എന്നത് പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യം തന്നെ. അടുത്ത കാലത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ രണ്ടു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ബിജെപിയെ പരാജയപ്പെടുത്തി. തെലങ്കാനയില്‍ ബിആര്‍എസിനെയും. 

ആന്ധ്രാപ്രദേശില്‍ ബിജെപി എന്‍ ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലുള്ള ടിഡിപിയുമായി സഖ്യത്തിലാണ്. പക്ഷെ അവിടെ ജനപിന്തുണ ഭരണത്തിലിരിക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസിനാണ്. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയാണു മുഖ്യമന്ത്രി. വൈഎസ്ആറിന്‍റെ മരണത്തെ തുടര്‍ന്ന് ജഗന്‍ മോഹനും മാതാവും ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയെ കാണാന്‍ ശ്രമിച്ചതാണ്. മണിക്കൂറുകളോളം കാത്തിരുന്നിട്ടും കൂടിക്കാഴ്ച നടന്നില്ല. കിരണ്‍ റെഡ്ഡി ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി. ജഗന്‍ മോഹന്‍ റെഡ്ഡി പിന്നീട് വൈഎസ്ആര്‍ കോണ്‍ഗ്രസ് രൂപീകരിച്ചു. ഭരണം പിടിച്ചെടുക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഒന്നുമല്ലാതായി. 

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ആദ്യം മുതലെ ബിജെപിയെ ശക്തമായി എതിര്‍ത്തു നില്‍ക്കുന്ന നേതാവാണ്. പശ്ചിമ ബംഗാളിലെ മറ്റു രണ്ടു ശക്തികളായ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും മമത എതിര്‍ക്കുന്നുമുണ്ട്. എങ്കിലും നരേന്ദ്ര മോദി പ്രതിപക്ഷ കക്ഷികളോടും നേതാക്കളോടും സ്വീകരിക്കുന്ന കനത്ത നടപടികള്‍ കണ്ട് മമതയും ഇന്ത്യാ മുന്നണിയ്ക്കൊപ്പം ചുവടുറപ്പിച്ചിരിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണത്തില്‍ രണ്ടു മുഖ്യമന്ത്രിമാര്‍ ഇതിനകം അറസ്റ്റിലായതു കണ്ടുകൊണ്ടിരിക്കുകയാണ് മമതാ ബാനര്‍ജി. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള ലോക്സഭാംഗമായ മഹുവാ മൊയ്ത്രയെ ലോക്സഭയില്‍ നിന്നു പുറത്താക്കുകയും ചെയ്തു.


 ലോക്സഭയിലെ പ്രതിപക്ഷത്തുള്ള ചുരുക്കം ചില തീപ്പൊരി നേതാക്കളിലൊരാളാണ് മൊയിത്ര എന്നും ഓര്‍ക്കണം. ഇത്തരം നടപടികള്‍ തനിക്കുനേരെയും ഉണ്ടാകുമെന്ന് മമത പേടിക്കുക സ്വാഭാവികം.


ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതാണ് പ്രതിപക്ഷ കക്ഷികളെയൊക്കെ ഒന്നിച്ചു നില്‍ക്കാന്‍ നിര്‍ബന്ധിച്ച സംഭവം. കോണ്‍ഗ്രസിനെ തോല്‍പ്പിച്ചാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി പിടിച്ചത്. കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പില്‍ പ‍ഞ്ചാബിലും ആം ആദ്മി പാര്‍ട്ടി അധികാരം പിടിച്ചടക്കി. അതും കോണ്‍ഗ്രസിനെ തോല്‍പിച്ച്. കോണ്‍ഗ്രസിനു മറക്കാനും പൊറുക്കാനും കഴിയാത്ത തോല്‍വിയിലാണ് ഡല്‍ഹിയിലും പഞ്ചാബിലും നേരിട്ടത്.

ബിഹാറില്‍ ഭരണത്തിലായിരുന്ന മഹാമുന്നണിയില്‍ നിന്നാണ് നിതീഷ് കുമാര്‍ പുറത്തുപോയതും ബിജെപിയോടു ചേര്‍ന്ന് വീണ്ടും മുഖ്യമന്ത്രിയായതും. തേജസ്വി യാദവിന്‍റെ ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപക്ഷവുമൊക്കെ ചേര്‍ന്ന മുന്നണി ഇപ്പോഴും ബിഹാറില്‍ ശക്തം തന്നെയാണ്.

സമ്പന്ന സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും നേതൃത്വം കൊടുത്ത മുന്നണി സര്‍ക്കാരിനെ വീഴ്ത്തിയാണ് വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി ബിജെപി അവിടെ പുതിയ ഗവണ്‍മെന്‍റ് ഉണ്ടാക്കിയത്. ഇതിനായി ശിവസേനയിലും എന്‍സിപിയിലും പിളര്‍പ്പുണ്ടാക്കി. കേഡര്‍ പാര്‍ട്ടിയായിരുന്നെങ്കിലും ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക് ഇന്നു ചിഹ്നം പോലുമില്ല. എന്‍സിപിയുടെ മഹത്വം മുഴുവന്‍ ശരദ്‌ പവാറിന്‍റെ അനന്തിരവന്‍ അജിത് പവാര്‍ അടിച്ചുകൊണ്ട് ബിജെപി ക്യാമ്പിലെത്തി ഭരണത്തിന്‍റെ തണലില്‍ കഴിയുന്നു. 

രാജ്യത്തെങ്ങുമുള്ള ചെറുതും വലുതുമായ പ്രതിപക്ഷ കക്ഷികള്‍ നേരിടുന്ന ഗുരുതരമായ തിരിച്ചടികളുടെയും പീഡനങ്ങളുടെയും പരമ്പര തുടങ്ങുകയാണ്. പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്‍റെ ഖജനാവ് ഇന്‍കം ടാക്സ് വിഭാഗം കാലിയാക്കിയിരിക്കുന്നു. അക്കൗണ്ടിലുണ്ടായിരുന്ന 135 കോടി രൂപാ പിടിച്ചെടുത്ത ഇന്‍കം ടാക്സ് വിഭാഗം ഏറ്റവുമൊടുവില്‍ 1745 കോടി രൂപയുടെ നികുതി നോട്ടീസും നല്‍കിയിരിക്കുന്നു.

കോണ്‍ഗ്രസ് മാത്രമല്ല, പ്രതിപക്ഷ കക്ഷികളും നേതാക്കളുമെല്ലാം കടുത്ത ഭീഷണിയില്‍. ഒരു തവണകൂടി ബിജെപി അധികാരത്തില്‍ വന്നാല്‍പ്പിന്നെ തങ്ങളുടെയെല്ലാം നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് പ്രതിപക്ഷത്തെ കക്ഷികളെല്ലാം മനസിലാക്കിയിരിക്കുന്നു.

ബിജെപിയെ നേരിടാന്‍ എല്ലാവരും ഒന്നിക്കുക, അല്ലെങ്കില്‍ നശിക്കുക എന്നല്ലാതെ ഒരു വഴിയും മുമ്പിലില്ലെന്ന സ്ഥിതി. പ്രതിപക്ഷം ഒന്നിച്ചു നിന്നാല്‍ ബിജെപിയെ പിന്നിലാക്കാമെന്നത് ലളിതമായ കണക്ക് മാത്രം.

Advertisment