Advertisment

സഞ്ജയ് സിങ്ങിന്റെ ജാമ്യം ഇ.ഡിക്ക് കനത്ത തിരിച്ചടി; അന്വേഷണ ഏജന്‍സിയ്‌ക്കെതിരെ കെജ്‌രിവാള്‍ നടത്തിയ വെല്ലുവിളിയും ഏറെ പ്രസക്തം; നടക്കുന്നത് സുതാര്യമായ ജനാധിപത്യ വ്യവസ്ഥിതിയില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളോ ? -മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങളനുസരിച്ച് ആകെ 86 പ്രതികളാണുള്ളത്. അതില്‍ അതില്‍ 16 പേര്‍ അറസ്റ്റിലായി. ഇവരില്‍ അഞ്ചു പേര്‍ക്ക് ഇതിനകം ജാമ്യം കിട്ടി.

New Update
arvind kejriwal sanjay singh

"കൈക്കൂലിപ്പണം കണ്ടെടുത്തതായി ഇ.ഡി പറയുന്നില്ലല്ലൊ. എങ്കില്‍ പിന്നെങ്ങനെ സഞ്ജയ് സിങ്ങിനെ ജയിലിലിടാനാകും"  - ചോദ്യം സുപ്രീം കോടതിയുടേത്. ചോദ്യം ഇ.ഡിയോടായിരുന്നു. കൃത്യമായി മറുപടി പറയാനാകാതെ ഇ.ഡിയുടെ അഭിഭാഷകര്‍ കോടതി മുമ്പാകെ നിന്നു. സഞ്ജയ് സിങ്ങിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ക്കാനും അവര്‍ തയ്യാറായില്ല. ആം ആദ്മി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിങ്ങിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ബുധനാഴ്ച തിഹാര്‍ ജയിലില്‍ നിന്ന് സഞ്ജയ് സിങ്ങ് ജാമ്യത്തില്‍ പുറത്തിറങ്ങി.

Advertisment

‍ഡല്‍ഹി മദ്യനയ കേസിന്‍റെ പ്രധാന സൂത്രധാരന്‍ സഞ്ജയ് സിങ്ങ് ആയിരുന്നുവെന്നാണ് ഇ.ഡി (എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്) ആരോപിച്ചിരുന്നത്. എന്നാല്‍ മദ്യനയക്കേസില്‍ ഇ.ഡി അദ്ദേഹത്തെ പ്രതിയാക്കിയിരുന്നുമില്ല. ഈ കേസ് കൈകാര്യം ചെയ്യുന്നത് സിബിഐ ആണ്. അഴിമതിയാരോപണമല്ല സഞ്ജയ് സിങ്ങിനെതിരെ ഇ.ഡി ഉന്നയിച്ചത് എന്നര്‍ത്ഥം. കള്ളപ്പണം വെളുപ്പിച്ചു എന്നതായിരുന്നു ഇ.ഡിയുടെ ആരോപണം.

പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ്ങ് ആക്ട് (പി.എം.എല്‍.എ) പ്രകാരമായിരുന്നു ഇ.ഡി കഴിഞ്ഞ ഒക്ടോബറില്‍ സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്തത്. പക്ഷെ അദ്ദേഹത്തിന്‍റെ കൈയില്‍ ഈ പണമൊന്നും എത്തിയതിന് എന്തെങ്കിലും തെളിവു ഹാജരാക്കാന്‍ ഇ.ഡിക്കു കഴിഞ്ഞില്ല. സുപ്രീം കോടതി ചോദിച്ച ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഇ.ഡി മുഖം നഷ്ടപ്പെട്ടു നിന്നു. അഭിഭാഷകന്‍ മനു അഭിഷേക് സിങ്ങ്‌വി ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ ഇ.ഡിക്കു കഴിഞ്ഞില്ല.

ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത, പി.ബി വറാലെ എന്നീ ജഡ്ജിമാരുടെ മുന്നിലായിരുന്നു വാദം. ജാമ്യം കൊടുക്കരുതെന്നു വാദിക്കാനാണൊരുങ്ങുന്നതെങ്കില്‍ കേസിലെ മെറിറ്റിലേയ്ക്കു കടന്നു വിചാരണ നടത്തേണ്ടി വരുമെന്നുകൂടി സുപ്രീം കോടതി മുന്നറിയിപ്പു നല്‍കിയതോടെ ഇ.ഡി ജാമ്യാപേക്ഷയെ എതിര്‍ക്കാതെതന്നെ പിന്‍വാങ്ങുകയായിരുന്നു.

തെരഞ്ഞെടുപ്പ് ആസന്നമായതോടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ പ്രതിപക്ഷ കക്ഷികളെ വേട്ടയാടുകയാണെന്ന് പ്രതിപക്ഷ ആരോപണം വ്യാപകമായതോടെ സുപ്രീം കോടതി തന്നെ എഎപി നേതാവ് സഞ്ജയ് സിങ്ങിനു ജാമ്യം നല്‍കിയത് രാഷ്ട്രീയമായി വളരെ പ്രധാനമാണ്. കേന്ദ്ര സര്‍ക്കാരിനു കനത്ത തിരിച്ചടിയുമായി ഇത്.


ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങളനുസരിച്ച് ആകെ 86 പ്രതികളാണുള്ളത്. അതില്‍ അതില്‍ 16 പേര്‍ അറസ്റ്റിലായി. ഇവരില്‍ അഞ്ചു പേര്‍ക്ക് ഇതിനകം ജാമ്യം കിട്ടി.


ജാമ്യം കിട്ടാതെ ജയിലില്‍ കിടക്കുന്നവരില്‍ പ്രമുഖന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തന്നെ. മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആം ആദ്മി പാര്‍ട്ടി മുന്‍ മാധ്യമ വിഭാഗം മേധാവി വിജയ് നായര്‍, ബി.ആര്‍.എസ് നേതാവും മുന്‍ തെലങ്കാനാ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ. കവിത എന്നിവരും ജയിലിലാണ്.

ഈ കേസില്‍ മൂന്നു പ്രതികള്‍ മാപ്പുസാക്ഷികളായി എന്നതാണ് പ്രധാന വഴിത്തിരിവ്. മാപ്പുസാക്ഷികളായ പ്രതികളുടെ മൊഴിയനുസരിച്ചാണ് ഇ.ഡി മദ്യനയക്കേസിനു രുപം നല്‍കിയതും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെ ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്തതും.

മാപ്പുസാക്ഷികളുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് ഈ കേസ് കെട്ടിപ്പൊക്കിയിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ കേസിനു നിലനില്‍പ്പില്ലെന്നുമാണ് കോടതിയില്‍ അരവിന്ദ് കെജ്‌രിവാള്‍ ഉന്നയിച്ചത്.

"ഞാന്‍ കൈക്കൂലി വാങ്ങിയെന്നും ഇ.ഡി പറയുന്നു. എങ്കില്‍ ആ പണമെവിടെ ? ഇ.ഡി പണമൊന്നും കണ്ടെടുത്തിട്ടില്ല. ആ പണമെവിടെയെന്നു ഇ.ഡി കാണിക്കട്ടെ," കെജ്‌രിവാള്‍ അന്വേഷണ ഏജന്‍സിയെ വെല്ലുവിളിക്കുകയാണ്.

സഞ്ജയ് സിങ്ങിനു ജാമ്യം നല്‍കിക്കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയും കോടതി മുറിയില്‍ ജഡ്ജിമാര്‍ ഇ.ഡിയുടെ നടപടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വെല്ലുവിളികളെ ന്യായീകരിക്കുന്നു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ജയിലിലടയ്ക്കുകയാണെന്ന പ്രതിപക്ഷത്തിന്‍റെ ആക്ഷേപം ശരിയാണെന്നും വരുന്നു.

ഇതൊന്നും സുതാര്യമായ ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.

Advertisment