Advertisment

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മകന്‍ തോല്‍ക്കുമെന്ന് പറയുന്ന ആന്റണിയുടെ വാക്കുകളില്‍ ഇപ്പോഴും ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന്‍റെ ഹൃദയം പ്രതീക്ഷയോടെ തുടിക്കുന്നത് കാണാം; പിതാവിനോട് സഹതാപമേയുള്ളൂവെന്ന് പറയുന്ന അനിലിന്റെ വാക്കുകളും ഇവിടെ കേള്‍ക്കാം ! കേരളം ഇനി എന്തൊക്കെ കാണുകയും കേള്‍ക്കുകയും വേണം-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

കേരളം ഇനി എന്തൊക്കെ കേള്‍ക്കണം ? മുട്ടയ്ക്കോ കോഴിക്കോ മൂപ്പ് എന്നത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യം. ആന്‍റണി എന്ന പിതാവും ഇതൊക്കെ കേള്‍ക്കുകയാണ്.

New Update
ak antony anil antony

മുട്ട വിരിഞ്ഞാണു കോഴിക്കുഞ്ഞുങ്ങളുണ്ടാകുന്നത്. കോഴിക്കുഞ്ഞു വളര്‍ന്ന് തള്ളക്കോഴിയാകും. അപ്പോള്‍ മുട്ടയ്ക്കല്ലേ മൂപ്പ് ? അതോ കോഴിക്കോ ? കോഴിയല്ലേ മുട്ടയിടുന്നത്. അതുകൊണ്ട് കോഴിക്കല്ലേ മൂപ്പ് ? തലമുറകളായി തുടരുന്ന തര്‍ക്കം.

Advertisment

കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഇത്രകാലം കരുത്തോടെ നിര്‍ത്തിയ മുന്‍നിര നേതാവായ എ.കെ ആന്‍റണി കാലഹരണപ്പെട്ട നേതാവാണെന്നു പറയുന്നത് അദ്ദേഹത്തിന്‍റെ മകന്‍ അനില്‍ ആന്‍റണി തന്നെയാണ്. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന താന്‍ തോല്‍ക്കണമെന്നു പറയുന്ന സ്വന്തം പിതാവ് 84 -കാരനായ എ.കെ ആന്‍റണിയോടു സഹതാപമേയുള്ളുവെന്നും മകന്‍.

കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ചരിത്രത്തില്‍ ഒരു നീണ്ട കാലഘട്ടം മുഴുവന്‍ നിറഞ്ഞു നിന്ന പേരാണ് അറയ്ക്കപ്പറമ്പില്‍ കുര്യന്‍ ആന്‍റണിയുടേത്. 84 -ാം വയസില്‍ ശാരീരിക ദൗര്‍ബല്യങ്ങളുണ്ടെങ്കിലും അദ്ദേഹം എല്ലാ ദിവസവും തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തി സ്വന്തം മുറിയില്‍ ഏറെ നേരം ഇരിക്കും. കോണ്‍ഗ്രസ് മാത്രമാണ് ഇന്നും അദ്ദേഹത്തിന്‍റെ ചിന്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബാല്യം മുതല്‍ കോണ്‍ഗ്രസിനു വേണ്ടി സമരം ചെയ്തും പോരാടിയും പ്രസംഗിച്ചും പ്രചാരണം നടത്തിയും ജീവിച്ച എ.കെ എന്ന എ.കെ ആന്‍റണി.

1958 -ലെ ഒരണാ സമരത്തിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തിയതാണ് ചേര്‍ത്തല സ്വദേശിയായ ആന്‍റണി. 1957 -ലെ ഇ.എം.എസ് സര്‍ക്കാര്‍ കുട്ടനാട്ടിലെ ബോട്ട് സര്‍വ്വീസുകളില്‍ നിരക്ക് ഒരണയായിരുന്നത് വര്‍ദ്ധിപ്പിച്ചതിനെതിരെയായിരുന്നു ആ സമരം. കെ.എസ്.യുവിന്‍റെ വളര്‍ച്ചയിലും പിന്നീട് കോണ്‍ഗ്രസിന്‍റെ തന്നെ കരുത്തിനും നാഴികക്കല്ലാവുകയായിരുന്നു ആ സമരം.


പിന്നീട് എത്രയെത്ര അഗ്നിപരീക്ഷണങ്ങള്‍ ! താഴ്ചകളും വീഴ്ചകളും സ്ഥാനമാനങ്ങളുമെല്ലാം വന്നും പോയുമിരുന്നു. കേരളത്തിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്നു മാത്രമല്ല, യു.പി.എ ഒന്നും രണ്ടും ഗവണ്‍മെന്‍റുകളില്‍ പ്രതിരോധ മന്ത്രിസ്ഥാനം വരെ ആന്‍റണിയെ തേടിയെത്തി.


 സ്വന്തം പേരില്‍ത്തന്നെ കോണ്‍ഗ്രസില്‍ ഒരു ഗ്രൂപ്പ്. കെ. കരുണാകരന്‍ എന്ന തലമൂത്ത നേതാവിനെ വീഴ്ത്താന്‍ കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടി എന്ന തന്ത്രജ്ഞന്‍ എന്നും രണ്ടാമനായി ഒപ്പം നിന്ന നീണ്ട കാലം.

കേരളത്തിന്‍റെ മതേതരത്വവും ജനാധിപത്യവും ഊട്ടി ഉറപ്പിക്കാന്‍ എപ്പോഴും കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടു സ്വീകരിച്ചു എ.കെ ആന്‍റണി. അതേസമയം മലയാളിയുടെ മനസിന്‍റെ സ്വഭാവം ഉള്‍ക്കൊണ്ട് ഒരു ഇടതുപക്ഷ നിലപാടു സ്വീകരിക്കാനും അതിലൂടെ കോണ്‍ഗ്രസിനെ നയിക്കാനും ആന്‍റണിക്കു കഴിഞ്ഞു. മതത്തെയും വിശ്വാസത്തെയും സമുദായ നേതൃത്വങ്ങളെയും അദ്ദേഹം തന്‍റേടത്തോടെ അകലെ മാറ്റി നിര്‍ത്തി. അതിലൂടെ ശരിയായ രാഷ്ട്രീയ വഴി തന്‍റേതാണെന്ന് എ.കെ ആന്‍റണി എപ്പോഴും കേരളത്തെ ബോധ്യപ്പെടുത്തി. അദ്ദേഹത്തിന്‍റെ നേതൃത്വവും നിലപാടും സംസ്ഥാനത്ത് ഒന്നിടവിട്ടുള്ള കൃത്യമായ ഇടവേളകളില്‍ കോണ്‍ഗ്രസിനെ അധികാരത്തിലേറ്റി.

തൂവെണ്‍മയാര്‍ന്ന വ്യക്തിത്വമായിരുന്നു എക്കാലവും ആന്‍റണിയുടെ മുഖമുദ്ര. ഒരിക്കലും അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വം. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തില്‍ ആ പേര് ഏറെ ശോഭിച്ചു. സ്വന്തം പ്രതിഛായയുടെ ബലത്തില്‍ ആന്‍റണിയുടെ പേര് ഡല്‍ഹിക്കുമപ്പുറത്തേയ്ക്ക് വളര്‍ന്നു.

ഇന്നും തെരഞ്ഞെടുപ്പു വേളയില്‍ ആന്‍റണി പറയുന്നതു കേള്‍ക്കാന്‍ മാധ്യമങ്ങള്‍ കാത്തുകെട്ടിക്കിടക്കുന്നു. ആ ചിന്തകള്‍ക്ക് ഇപ്പോഴും ഏറെ പ്രസക്തിയും പ്രാധാന്യവും. പ്രായം ദുര്‍ബലമാക്കിയെങ്കിലും തന്നെ വളര്‍ത്തിയ, താന്‍ വളര്‍ത്തിയ, സ്വന്തം കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി ഒരു പടകൂടി നയിക്കാന്‍ ആരോഗ്യം തേടി ഒരുങ്ങി നില്‍ക്കുകയാണ് എ.കെ ആന്‍റണി. പ്രവര്‍ത്തകര്‍ എവിടെയും കാത്തിരിക്കുന്നു.

പത്തനംതിട്ട ലോക്സഭാ സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മകന്‍ അനില്‍ കെ ആന്‍റണി തോല്‍ക്കുമെന്ന് പറയുന്ന ആ പിതാവിന്‍റെ വാക്കുകളില്‍ ഇപ്പോഴും ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന്‍റെ ഹൃദയം പ്രതീക്ഷയോടെ തുടിക്കുന്നത് കേരളം കാണുന്നുണ്ട്.

ബി.ജെ.പിയുടെ അധികാരത്തിന്‍റെയും സമൃദ്ധിയുടെയും മടിത്തട്ടിലിരുന്ന് 84 കാരനായ സ്വന്തം പിതാവിനെപ്പറ്റി സഹതപിക്കുകയാണ് ആ മകന്‍. പിതാവ് എന്നേ കാലഹരണപ്പെട്ടുപോയി എന്നും ആ മകന്‍റെ വിലാപം.

അതേ മകന്‍ അനില്‍ കെ ആന്‍റണി ഡല്‍ഹിയില്‍ തന്നേക്കാള്‍ വലിയൊരു അധികാര ദല്ലാളായിരുന്നുവെന്ന് ഡല്‍ഹിയിലെ അധികാരത്തിന്‍റെ ഇടനാഴികളില്‍ ദല്ലാളായി നടന്നിരുന്നുവെന്നു സ്വയം വിശേഷിപ്പിക്കുന്ന ടി.ജി നന്ദകുമാര്‍ കേരളത്തോട് ഉറക്കെ വിളിച്ചുപറയുകയും ചെയ്യുന്നു.

കേരളം ഇനി എന്തൊക്കെ കേള്‍ക്കണം ? മുട്ടയ്ക്കോ കോഴിക്കോ മൂപ്പ് എന്നത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യം. ആന്‍റണി എന്ന പിതാവും ഇതൊക്കെ കേള്‍ക്കുകയാണ്.

Advertisment