Advertisment

രാഷ്ട്രീയ നേതാവ് ആവാതെതന്നെ കേരള രാഷ്ട്രീയത്തെ ഏറെ സ്വാധീനിച്ച സമുദായ നേതാവാണ് മന്നത്ത് പത്മനാഭന്‍. സമുദായത്തിനു വേണ്ടി രാഷ്ട്രീയ നേതൃത്വത്തെ വെല്ലുവിളിച്ചു. ധീരനായ ഒരു യോദ്ധാവിനെപ്പോലെ പടപൊരുതി. ആരെയും പേടിക്കാതെ, ആരെയും കൂസാതെ ! സുതാര്യമായ മതേതര നിലപാടുതന്നെയാണ് എക്കാലവും മന്നം പുലര്‍ത്തിയത്. ക്ഷേത്രപ്രവേന വിളംബര സമരപരമ്പരകളിലൂടെ മന്നം വലിയ ശക്തികേന്ദ്രമായി - മുഖപ്രസം​ഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്

New Update
KL

വിവിധ കാലഘട്ടങ്ങളിലായി കേരള രാഷ്ട്രീയത്തെ ഏറെ സ്വാധീനിച്ച സമുദായ നേതാവായിരുന്നു മന്നത്ത് പത്മനാഭന്‍. ആദ്യം തിരുവിതാംകൂറിലെ കലുഷിതമായ രാഷ്ട്രീയത്തിലും പിന്നീട് ഐക്യ കേരളത്തിലെ സംഭവബഹുലമായ ജനാധിപത്യ രാഷ്ട്രീയത്തിലും അദ്ദേഹം ശക്തമായി ഇടപെട്ടു.

Advertisment

ഒരിക്കലും ഒരു രാഷ്ട്രീയ നേതാവായില്ല അദ്ദേഹം. അങ്ങനെയൊരു നേതാവാകാന്‍ ആഗ്രഹിച്ചതുമില്ല. രാഷ്ട്രീയ പ്രവര്‍ത്തകനോ രാഷ്ട്രീയ നേതാവോ ആയില്ലെങ്കിലും കേരള രാഷ്ട്രീയത്തില്‍ മന്നം നിര്‍ണായക സ്വാധീനം ചെലുത്തി. പല ഘട്ടങ്ങളില്‍ പല സാഹചര്യങ്ങളില്‍.

1878 ജനുവരി രണ്ടാം തീയതിയാണ് മന്നത്ത് പത്മനാഭന്‍റെ ജനനം. ചങ്ങനാശേരിയിലെ പെരുന്നയില്‍. തിരുവിതാംകൂറില്‍ രാജഭരണം നിലനിന്ന കാലം. അന്ന് രാഷ്ട്രീയം രാജാവിനു മാത്രമായിരുന്നു. പ്രജകള്‍ക്ക് രാഷ്ട്രീയമോ അഭിപ്രായ സ്വാതന്ത്ര്യമോ ഉണ്ടായിരുന്നില്ല.

മന്നം യൗവ്വനത്തിലേയ്ക്കു വളര്‍ന്നതോടെ തിരുവിതാംകൂര്‍ രാഷ്ട്രീയം കലുഷിതമായിക്കൊണ്ടിരുന്നു. ദിവാന്‍ സര്‍ സിപി രാമസ്വാമി അയ്യര്‍ ഉഗ്രനേതാവായി ഭരണം കയ്യാളുന്ന കാലഘട്ടം. രാജാവു ദൈവമാണെന്നു ജനങ്ങള്‍ കരുതിയിരുന്ന കാലംകൂടിയായിരുന്നു അത്.

തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലായാലും ഐക്യകേരള രാഷ്ട്രീയത്തിലായാലും രാഷ്ട്രീയം മന്നം എന്ന ഉജ്വല വ്യക്തിത്വത്തെ കേന്ദ്രമാക്കി ചുറ്റിക്കറങ്ങി എപ്പോഴും. എങ്കിലും മന്നം എപ്പോഴും സ്വന്തം സമുദായത്തിലേയ്ക്ക് ഒതുങ്ങിക്കൂടി. നായര്‍ സമുദായത്തിന്‍റെ വളര്‍ച്ചയ്ക്കു വേണ്ടി അദ്ദേഹം ജീവിതം മുഴുവന്‍ ഉഴിഞ്ഞു വെച്ചു. 

ഇടയ്ക്കിടയ്ക്ക് ആവശ്യം വരുമ്പോള്‍ അദ്ദേഹം രാഷ്ട്രീയത്തിലേയ്ക്ക് കൊടുങ്കാറ്റുപോലെ കടന്നു വന്നു. പലതരത്തില്‍ വലിയ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തി. സമുദായത്തിനു വേണ്ടി രാഷ്ട്രീയ നേതൃത്വത്തെ വെല്ലുവിളിച്ചു. ധീരനായ ഒരു യോദ്ധാവിനെപ്പോലെ പടപൊരുതി. ആരെയും പേടിക്കാതെ. ആരെയും കൂസാതെ.

ഒറ്റയ്ക്കുതന്നെ ഒരു വലിയ ശക്തികേന്ദ്രമായിരുന്നു മന്നം. തിരുവിതാംകൂറില്‍ സി കേശവന്‍ മുന്‍കൈ എടുത്ത് നിവര്‍ത്തനപ്രസ്ഥാനത്തിലൂടെ ഈഴവ, ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളെ സംഘടിപ്പിച്ചു മുന്നേറി തുടങ്ങിയ കാലം. പൊതുവെ രാജകുടുംബത്തോടും രാജഭരണത്തോടും ചേര്‍ന്നു നില്‍ക്കുകയായിരുന്നു അക്കാലത്തു നായര്‍ സമുദായം.

ഉന്നത വിദ്യാഭ്യാസം നേടിയ നായര്‍ യുവാക്കള്‍ സര്‍ക്കാരില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തുകയും ചെയ്തിരുന്നു. സ്വാഭാവികമായും നിവര്‍ത്തനപ്രസ്ഥാനം നായര്‍ സമുദായത്തിനെതിരായ നീക്കമായി വളരുകയാണു ചെയ്തത്. 

നിവര്‍ത്തനപ്രസ്ഥാനം ക്രമേണ രാഷ്ട്രീയ സഭയായും പിന്നീട് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസായും രൂപാന്തരപ്പെട്ടു. മന്നവും ടി.എം വര്‍ഗീസും ചേര്‍ന്നു നടത്തിയ ഒരു നീക്കത്തിലൂടെ പട്ടം താണുപിള്ളയെ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു.

സ്റ്റേറ്റ് കോണ്‍ഗ്രസ് ഒരു ക്രിസ്ത്യന്‍ കോണ്‍ഗ്രസ് ആണെന്നായിരുന്നു മന്നത്തിന്‍റെ അഭിപ്രായം. സ്റ്റേറ്റ് കോണ്‍ഗ്രസിനെ ഒരു വിധ്വംസക സംഘടനയായി പ്രഖ്യാപിച്ച സി.പി സംഘടനയെ ക്രൂരമായ മര്‍ദന മുറകള്‍ പ്രയോഗിച്ച് അടിച്ചമര്‍ത്താന്‍ തുടങ്ങി.

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം അനുവദിക്കാനുള്ള ബ്രിട്ടന്‍റെ പ്രഖ്യാപനത്തെ തുടര്‍ന്ന് സി.പി സ്വതന്ത്ര തിരുവിതാംകൂര്‍ സിദ്ധാന്തം അവതരിപ്പിച്ചു. അമേരിക്കന്‍ മോ‍ഡല്‍ ഭരണരീതിയിലായിരുന്നു സി.പിയുടെ ലക്ഷ്യം. സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തെയും അമേരിക്കന്‍ മോഡല്‍ ഭരണരീതിയെയും ഒരു കാരണവശാലും അംഗീകരിക്കാന്‍ മുന്നത്തിനാകുമായിരുന്നില്ല. ആ മനസ് കലങ്ങി മറി‍ഞ്ഞു. സി.പിക്കും രാജഭരണത്തിനുമെതിരെ തിരിഞ്ഞു അദ്ദേഹം. സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ നിലപാടും അതുതന്നെയായിരുന്നു.

സി.പിക്കെതിരെ ഒരു വലിയ ജന മുന്നേറ്റം നടത്താന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് തീരുമാനിച്ചു. നീക്കത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ മന്നത്തിന്‍റെ പിന്തുണയും തേടി. മന്നം സമ്മതിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ചുകൂട്ടിയ ഒരു രഹസ്യ യോഗത്തില്‍ മന്നവും പങ്കെടുത്തു.

കെ.എം ഗംഗാധരമേനോന്‍, കേളപ്പജി, കോട്ടയം ശങ്കുണ്ണിപ്പിള്ള, കെ.എ ദാമോദര മേനോന്‍, പറവൂര്‍ ടി.കെ നാരായണപിള്ള തുടങ്ങിയവരാണ് യോഗത്തില്‍. ഒപ്പം മന്നവും. പക്ഷെ ഉഗ്രപ്രതാപിയായ സി.പിയെ നേരിടാന്‍ ഒരുപായവും തന്ത്രവും കണ്ടെത്താനാകാതെ യോഗം രാത്രിയിലേയ്ക്കു നീണ്ടു. അമേരിക്കന്‍ മോഡല്‍ ഒന്നു പരീക്ഷിച്ചാലെന്താ എന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

എല്ലാം കേട്ടുകൊണ്ട് മിണ്ടാതിരിക്കുകയായിരുന്ന മന്നത്തോട് കേളപ്പജി അഭിപ്രായം ചോദിച്ചു. മന്നം നല്‍കിയ മറുപടി ഇങ്ങനെ: "നാണംകെട്ട സന്ധിയാലോചനകള്‍ക്കാണെങ്കില്‍ ഞാന്‍ നിങ്ങളുടെകൂടെയില്ല. സമരം ചെയ്ത് അവകാശങ്ങള്‍ നേടിയെടുക്കണമെന്നതാണ് എന്‍റെ അഭിപ്രായം.

സമരം ചെയ്ത് ജയിക്കുകയോ മരിക്കുകയോ ചെയ്യാനാണു ഞാന്‍ വന്നത്. നാളെ ഞാനെന്‍റെ എന്‍.എസ്.എസ് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കും. കോണ്‍ഗ്രസിനൊപ്പം മുഴുവന്‍ സമയ പ്രവര്‍ത്തനത്തിന് ഞാന്‍ തയ്യാറാണ്."

കേട്ടിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഈ വാക്കുകള്‍ കേട്ട് ഞെട്ടിത്തരിച്ചിരുന്നു. അവര്‍ ആഗ്ലാദത്തോടെ കൈയ്യടിച്ച് സമ്മതം രേഖപ്പെടുത്തി. ഡോ. എന്‍. സുമതിക്കുട്ടിയമ്മ "ഭാരത കേസരി മന്നത്ത് പത്മനാഭന്‍" എന്ന ജീവചരിത്ര ഗ്രന്ഥത്തില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

1957 -ലെ ഇ.എം.എസ് മന്ത്രിസഭയ്ക്കെതിരെ ആദ്യം സമരം തുടങ്ങിയത് കത്തോലിക്കാ സമുദായമായിരുന്നു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശേരി കൊണ്ടുവന്ന വിദ്യാഭ്യാസബില്‍ ആയിരുന്നു സഭയുടെ പ്രശ്നം.


ഭൂപരിഷ്കരണബില്‍ നായര്‍ സമുദായത്തെ ബാധിക്കുമെന്നു കണ്ട് മന്നത്ത് പന്മനാഭനും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. മന്നത്തിന്‍റെ പിന്തുണയോടെയാണ് ആ സമരം വലിയ വിമോചന സമരമായി പടര്‍ന്നതും അവസാനം ഇ.എം.എസ് സര്‍ക്കാരിന്‍റെ പിരിച്ചുവിടല്‍ വരെ എത്തിയതും


സുതാര്യമായ മതേതര നിലപാടുതന്നെയാണ് എക്കാലവും മന്നം പുലര്‍ത്തിയത്. ക്ഷേത്രപ്രവേശന വിളംബരത്തിനു കാരണമായ സമരപരമ്പരകള്‍ക്ക് അദ്ദേഹമാണ് നേതൃത്വം നല്‍കിയത്.


1964 സെപ്തംബറില്‍ കോണ്‍ഗ്രസില്‍ ഉരുണ്ടുകൂടിയ സംഘര്‍ഷത്തിലും പിന്നീടു പാര്‍ട്ടി പിളര്‍ന്ന് കേരള കോണ്‍ഗ്രസ് രൂപമെടുത്തതിലും നിര്‍ണായക പങ്കു വഹിച്ചു മന്നം


1960 -ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും പി.എസ്.പിയും മുസ്ലിം ലീഗും ചേര്‍ന്നുള്ള തൃകക്ഷി മന്ത്രിസഭ അധികാരമേറ്റതും പി.എസ്.പി നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്രിയായതും അതില്‍ ആഭ്യന്തര മുഖ്യമന്ത്രിയായിരുന്ന പി.ടി ചാക്കോ പിന്നീടു രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായതും കേരള കോണ്‍ഗ്രസിന്‍റെ ജനനത്തിലേയ്ക്ക് നയിച്ച രാഷ്ട്രീയ സംഭവങ്ങള്‍ പിന്നീട് കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കു മത്സരിച്ച പി.ടി ചാക്കോ അവിടെ പരാജയപ്പെട്ടതു കോണ്‍ഗ്രസില്‍ വലിയ പ്രശ്നമായി വളര്‍ന്നു. കെ.സി എബ്രഹാം മാസ്റ്ററായിരുന്നു എതിര്. പട്ടത്തെ ഗവര്‍ണറാക്കി അയച്ചതിനേ തുടര്‍ന്നു മുഖ്യമന്ത്രിയായ ആര്‍ ശങ്കറാണ് ചാക്കോയ്ക്കെതിരെയുള്ള നീക്കങ്ങള്‍ക്കു നേതൃത്വം വഹിച്ചത്.

ചാക്കോ കോട്ടയത്ത് അഭിഭാഷകവൃത്തിയിലേയ്ക്കു മടങ്ങി. ഒരു കേസ് സംബന്ധിച്ച് കോഴിക്കോടു ജില്ലയിലെ കുറ്റ്യാടി എന്ന സ്ഥലം സന്ദര്‍ശിക്കവെ, ഹൃദയസ്തംഭനം മൂലം അദ്ദേഹം പെട്ടെന്ന് മരണപ്പെട്ടു. 1964 ആഗസ്ത് ഒന്നാം തീയതി.

പി.ടി ചാക്കോയോടൊപ്പം നിന്ന 15 എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിട്ടു. കെ.എം ജോര്‍ജ്, ആര്‍ ബാലകൃഷ്ണപിള്ള, സി.എ മാത്യു, വയലാ ഇടിക്കുള, തോമസ് ജോണ്‍, കെ.ആര്‍ സരസ്വതിയമ്മ തുടങ്ങി 15 പേര്‍. സെപ്തംബര്‍ എട്ടിന് പി.കെ കുഞ്ഞ് ശങ്കര്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. അവിശ്വാസം പാസായി. നിയമസഭ പിരിച്ചുവിട്ട് രാഷ്ടപതി ഭരണം ഏറ്റെടുത്തു.

കോണ്‍ഗ്രസ് വിട്ട എം.എല്‍.എമാരെ പെരുന്നയില്‍ മന്നത്ത് പത്മനാഭന്‍ സ്വീകരിച്ചു. ഒ ചാക്കോയുടെ അനുയായികളും സുഹൃത്തുക്കളും സംഭരിച്ച ഒന്നേമുക്കാല്‍ ലക്ഷം രൂപ ഒക്ടോബര്‍ 10 -ാം തീയതി തിരുനക്കര മൈതാനത്തു ചേര്‍ന്ന വലിയ പൊതുയോഗത്തില്‍ മന്നം തന്നെ ചാക്കോയുടെ പത്നിക്കു നല്‍കി.

കേരള കോണ്‍ഗ്രസില്‍ അണിനിരത്ത് പുതിയ ചേരിക്കു പിന്തുണ നല്‍കാന്‍ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. കേരള കോണ്‍ഗ്രസ് ഒരാവേശമായി വളര്‍ന്നു. പിന്നീടുള്ളത് കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രം. കോണ്‍ഗ്രസിന്‍റെയും കേരള കോണ്‍ഗ്രസിന്‍റെയും ചരിത്രം.

എന്നിട്ടും മന്നം സ്വന്തം സംഘടനയില്‍ത്തന്നെ ഉറച്ചു നിന്നു. കേരളമാകെ സ്കൂളുകളും കോളജുകളും സ്ഥാപിച്ച മന്നം വലിയൊരു വിദ്യാഭ്യാസ സ്ഥാപനമായി എന്‍.എസ്.എസിനെ വളര്‍ത്തി. കേരളത്തിന്‍റെ തന്നെ വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയില്‍ എന്‍.എസ്.എസ് വലിയ പങ്കുവഹിച്ചു.

ശ്രീനാരായണ ഗുരു എസ്.എന്‍.ഡി.പി യോഗം സ്ഥാപിച്ചതും പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാനാണ്. സവര്‍ണര്‍ക്കെതിരെ ഈഴവ സമുദായത്തിനു പിടിച്ചു നില്‍ക്കാന്‍ സ്വന്തമായി അമ്പലങ്ങളുണ്ടാക്കി ഗുരു.

പക്ഷെ നൂറോളം ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞപ്പോള്‍ ഗുരു ക്ഷേത്ര നിര്‍മ്മാണം ഇനി ആവശ്യമില്ല എന്ന് സമുദായത്തെ പഠിപ്പിച്ചു. സ്കൂളുകളാണു നാടിനു വേണ്ടത് എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. 

എസ്.എന്‍.ഡി.പി നേതൃത്വത്തിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെത്തി കേരളത്തിന്‍റെ മുഖ്യമന്ത്രിവരെയായ ആര്‍. ശങ്കറും സമുദായത്തിനു വേണ്ടി സ്കൂളുകളും കോളജുകളും നിര്‍മ്മിക്കാനാണ് മുന്‍കൈ എടുത്തത്. രാഷ്ട്രീയത്തില്‍ ഒരു കാലത്ത് മന്നവും ശങ്കറും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഹിന്ദു മഹാമണ്ഡലം രൂപീകരിച്ച് ഹൈന്ദവ ഐക്യത്തിനു ശ്രമം നടത്തുകയും ചെയ്തെങ്കിലും ആ കൂട്ടുകെട്ട് പില്‍കാലത്തു തകര്‍ന്നു.

സ്വന്തം സമുദായത്തിനു വേണ്ടിയാണ് മന്നം പ്രവര്‍ത്തിച്ചതെങ്കിലും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം പൊതുവായ ഒരു സാമൂഹ്യ പ്രവര്‍ത്തനം തന്നെയായിരുന്നു.

 

 

 

 

 

 

Advertisment