Advertisment

പ്രധാനമന്ത്രിയുടെ കേരള യാത്ര ലക്ഷ്യം വെക്കുന്നത് തെരഞ്ഞെടുപ്പു പ്രചാരണം തന്നെ. നിരവധി സമരങ്ങളിലൂടെ വളര്‍ന്നു രൂപമെടുത്ത കേരള സമൂഹത്തിന് ബാബ്റി മസ്ജിദ് തകര്‍ത്ത ആള്‍ക്കൂട്ടവുമായി ഒരു ബന്ധവുമില്ല. കോണ്‍ഗ്രസും സിപിഎമ്മും മാറി മാറി ഭരിച്ച കേരളത്തിലുള്ളത് വെറുപ്പും വിദ്വേഷവുമില്ലാത്ത സമൂഹം. മോദിക്കും ബിജെപിക്കും കേരളം ഇന്നും വലിയൊരു ബാലികേറാ മല തന്നെയാണ്. ലൂര്‍ദ് പള്ളിയിലെ മാതാവിന്‍റെ തിരുരൂപത്തില്‍ സ്വര്‍ണ കിരീടം ചാര്‍ത്തിയാല്‍ വോട്ടു വന്നോളുമെന്നു കരുതുന്നതു മൗഠ്യമാണ് ! - മുഖപ്രസം​ഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്

New Update
B

ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ കേരള പര്യടനത്തിനെത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ രണ്ടു ദിവസത്തേയ്ക്കാണു യാത്ര. ലക്ഷ്യം തെരഞ്ഞെടുപ്പു പ്രചാരണം തന്നെ എന്ന കാര്യത്തില്‍ സംശയമില്ല.

Advertisment

മൂന്നാം തവണയും തുടര്‍ച്ചയായി രാജ്യം ഭരിക്കാനൊരുങ്ങുന്ന നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്‍റെ പാര്‍ട്ടി ബിജെപിക്കും കേരളം ഇന്നും വലിയൊരു ബാലികേറാ മലയാണ്.

കേന്ദ്രത്തിലെ ഭരണം പത്തു വര്‍ഷം പൂര്‍ത്തായാക്കാനൊരുങ്ങുന്ന ബിജെപിയ്ക്ക് കേരളത്തില്‍ നിന്ന് ഇതുവരെ ഒരാളെ പോലും ലോക്സഭയിലെത്തിക്കാനായിട്ടില്ല. ഒരാളെയെങ്കിലും ഇത്തവണ ഇവിടെ നിന്നു ലോക്സഭയിലെത്തിക്കാന്‍ കഠിനാധ്വാനം തുടങ്ങിക്കഴിഞ്ഞു ബിജെപി.

പ്രചാരണത്തിനു നേതൃത്വം കൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് കളത്തിലിറങ്ങിയിരിക്കുന്നത്. സംസ്ഥാനങ്ങളിലൊന്നും അതതു മുഖ്യമന്ത്രിമാര്‍ക്കോ മറ്റു നേതാക്കള്‍ക്കോ വിശേഷിച്ചൊരു പങ്കുമില്ല.


പ്രചാരണം മുഴുവന്‍ നരേന്ദ്ര മോദിയെ ചുറ്റിപ്പറ്റിത്തന്നെ. മോദിയുടെ ഗ്യാരണ്ടി എന്നതു പ്രധാന മുദ്രാവാക്യവും


modi kochi today.jpg

ഈയിടെ തെരഞ്ഞെടുപ്പു നടന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്‌ഗഡിലുമെല്ലാം മോദിപ്രഭാവം കണ്ടതാണ്. രാജസ്ഥാനില്‍ നല്ല സ്വാധീനമുള്ള വസുന്ധര രാജെ മുഖ്യമന്ത്രിസ്ഥാനം പ്രതീക്ഷിച്ചെങ്കിലും അവസാന നിമിഷം പിന്തള്ളപ്പെട്ടു. ബിജെപി സംസ്ഥാന ഘടകത്തില്‍ വസുന്ധര രാജെയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നിട്ടും.

മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ തന്നെയാണു പ്രചാരണം നയിച്ചത്. അഞ്ചുവര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ എണ്ണിയെണ്ണി നിരത്തിവെച്ച പ്രചാരണം. പക്ഷെ സംസ്ഥാനങ്ങളില്‍ പ്രചാരണം പ്രധാനമന്ത്രി മോദിയുടെ പേരില്‍ മാത്രമേ ആകാവൂ എന്ന് ബിജെപി കേന്ദ്ര നേതൃത്വം നിര്‍ബന്ധം പിടിച്ചു. സംസ്ഥാനങ്ങളില്‍ സര്‍വശക്തരെന്നു കരുതപ്പെട്ടിരുന്ന നേതാക്കളെയൊക്കെ മോദി വഴിമാറ്റി.

വടക്കേ ഇന്ത്യയില്‍ പയറ്റി വിജയിച്ച മോദിപ്രചാരണ രീതി കേരളത്തിലേയ്ക്കും കൊണ്ടുവരികയാണ്. കൊണ്ടുവരുന്നത് നരേന്ദ്ര മോദി തന്നെ. കൊച്ചി നഗരത്തില്‍ വലിയ റോഡ് ഷോയില്‍ തുടക്കം. പിറ്റേന്ന് കാലത്ത് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം. തുടര്‍ന്ന് ചലച്ചിത്ര താരം സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം. പിന്നീട് തൃപ്രയാര്‍ ക്ഷേത്രവും സന്ദര്‍ശിച്ച ശേഷം കൊച്ചിയിലേയ്ക്കു മടങ്ങുന്ന പ്രധാനമന്ത്രി അവിടെ ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കും. 

സുരേഷ് ഗോപിയെ എങ്ങനെയും വിജയിപ്പിക്കുക എന്നത് കേരളത്തിലെ ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം തന്നെയാണ്. കഴിഞ്ഞ തവണ ആവതു നോക്കിയിട്ടും സുരേഷ് ഗോപി പരാജയപ്പെട്ടു.


വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെത്തന്നെ മുന്‍നിര്‍ത്തി തൃശൂര്‍ പിടിക്കാനൊരുങ്ങുന്ന ബിജെപി ശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ


f

നിയമസഭകളിലേയ്ക്ക് ഈയിടെ നടന്ന തെരഞ്ഞെടുപ്പില്‍ തെലങ്കാന സംസ്ഥാനത്ത് കോണ്‍ഗ്രസാണ് വിജയക്കൊടി നാട്ടിയത്. അതും കര്‍ണാടകയ്ക്കു പിന്നാലേ. ഉത്തരേന്ത്യയിലെ ബിജെപി രാഷ്ട്രീയം ദക്ഷിണേന്ത്യയില്‍ വേരോടുന്നില്ലെന്ന സത്യം മനസിലാക്കിയാണ് നരേന്ദ്ര മോദി കേരളത്തെ ലക്ഷ്യം വെയ്ക്കുന്നത്.

പക്ഷേ ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ട രാഷ്ട്രിയം കേരളത്തില്‍ വിജയിക്കുമോ ? ആള്‍ക്കൂട്ടത്തിന്‍റെ രാഷ്ട്രീയത്തെക്കുറിച്ച് സാഹിക്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ കോഴിക്കോട്ടു നടത്തിയ പ്രസംഗം വിവാദമായതിനു പിന്നാലെയാണ് നരേന്ദ്ര മോദി കേരളത്തില്‍ രണ്ടാം വട്ടവും പ്രചാരണത്തിനിറങ്ങുന്നതെന്നതു പ്രത്യേകം ശ്രദ്ധേയമായമാവുകയാണ്.

ഉത്തരേന്ത്യയില്‍ പലേടത്തും ആള്‍ക്കൂട്ട രാഷ്ട്രീയം സമൂഹത്തിന്‍റെ ഭാഗമാണ്. ബിഫ് കൈയില്‍ വെയ്ക്കുന്നതിനും കന്നുകാലികളെ കൊണ്ടുപോകുന്നതിനും അന്യമതസ്ഥരെ വിവാഹം കഴിക്കുന്നതിനുമൊക്കെ ആള്‍ക്കുട്ടം അക്രമണവും കൊലയും നടത്തുക പതിവാണ് ഉത്തരേന്ത്യയില്‍ പലേടത്തും.


വര്‍ഷങ്ങള്‍ക്കു മുമ്പ് അയോദ്ധ്യയിലെ ബാബ്റ് മസ്ജിദ് തകര്‍ത്തതും ആള്‍ക്കുട്ടം തന്നെ. ഗുജറാത്ത് കലാപത്തില്‍ നൂറുകണക്കിന് ആളുകളെ കൊലപ്പെടുത്തിയതും സ്ത്രീകലെ ബലാല്‍സംഗം ചെയ്തതുമെല്ലാം ആള്‍ക്കൂട്ടങ്ങളായിരുന്നു


അങ്ങനെയുള്ള ആള്‍ക്കൂട്ടങ്ങളൊന്നും കേരളത്തിലില്ല. ഒരു ജനാധിപത്യ സമൂഹമെന്ന നിലയ്ക്ക് കേരള സമൂഹം വളരെ ഉയരത്തിലേയ്ക്കു വളര്‍ന്നിരിക്കുന്നു. ആള്‍ക്കുട്ടങ്ങളെ ഉത്തരവാദിത്വമുള്ള സമൂഹങ്ങളായി വളര്‍ത്തുകയാണു ജനാധിപത്യ സംവിധാനത്തിന്‍റെ പങ്ക് എന്നത്രെ എം.ടി തന്‍റെ കോഴിക്കോട്ടെ പ്രസംഗത്തില്‍ പറഞ്ഞത്.

ലക്ഷണമൊത്തെ എല്ലാത്തരത്തിലും ഉത്തരവാദിത്വബോധമുള്ള ഒരു സമൂഹം തന്നെയാണ് കേരളത്തിലുള്ളത്. രാജഭരണത്തിനെതിരെയും ബ്രിട്ടീഷ് മേല്‍ക്കോയ്മയ്ക്കെതിരെയുമുള്ള സമരങ്ങള്‍ക്കും പുന്നപ്ര വയലാര്‍ സമരത്തിനും മലബാര്‍ സമരത്തിനും 1959 -ലെ വിമോചന സമരത്തിനും 1972 -ലെ വിദ്യാഭ്യാസ സമരത്തിനുമെല്ലാം ആള്‍ക്കൂട്ട സമരത്തിന്‍റെ സ്വഭാവങ്ങളൊക്കെയുണ്ടായിരുന്നു.

g


നിരവധി സമരങ്ങളിലൂടെ വളര്‍ന്നു രൂപമെടുത്ത കേരള സമൂഹത്തിന് ബാബ്റി മസ്ജിദ് തകര്‍ത്ത ആള്‍ക്കൂട്ടവുമായി ഒരു ബന്ധവുമില്ല


മതങ്ങളും സമുദായങ്ങളും തമ്മില്‍ വെറുപ്പും വിദ്വേഷവുമില്ലാത്ത സമൂഹമാണു കേരളത്തിന്‍റേത്. ഒരു രഥയാത്രയ്ക്കു പിന്നാലെ വാളും കുന്തവുമെടുത്ത് അന്യരെ കൊല്ലാനിറങ്ങുന്ന ആള്‍ക്കൂട്ടങ്ങള്‍ ഇവിടെയില്ല.

കേരളം അങ്ങേയറ്റം ഉത്തരവാദിത്വമുള്ള സമൂഹമായി വളര്‍ന്നിരിക്കുന്നു. കോണ്‍ഗ്രസും സിപിഎമ്മും മാറി മാറി ഭരിച്ച കേരളത്തില്‍ ഇന്നുള്ളത് വെറുപ്പും വിദ്വേഷവുമില്ലാത്ത സമൂഹം. ആള്‍ക്കൂട്ടങ്ങളില്ലാത്ത സമൂഹം.

ഇത്രകാലം കേരളത്തില്‍ വേരുപിടിപ്പിക്കാന്‍ ബിജെപിയ്ക്കു കഴിയാഞ്ഞതെന്തെന്നു കണ്ടു മനസിലാക്കാനാണ് നരേന്ദ്ര മോദി ശ്രദ്ധിക്കേണ്ടത്.

ലൂര്‍ദ് പള്ളിയിലെ മാതാവിന്‍റെ തിരുരൂപത്തില്‍ സ്വര്‍ണ കിരീടം ചാര്‍ത്തിയാല്‍ വോട്ടു വന്നോളുമെന്നു കരുതുന്നതു മൗഠ്യമാണ്.

Advertisment