Advertisment

കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ നിന്നും നേരിട്ട തിരിച്ചടിയിൽ വി.എം സുധീരന്‍ ക്ഷുഭിതനാണ്. സുധീരനെ വിമര്‍ശിക്കാനും നിയന്ത്രിക്കാനും തക്ക വലിപ്പം ദീപാ ദാസ് മുന്‍ഷിക്ക് ആയോ? 1984ന് മുമ്പുതന്നെ കോണ്‍ഗ്രസില്‍ വന്നയാളാണ് താനെന്ന പ്രസ്താവനയില്‍ സുധാകരനെയും വിമർശിച്ചിരിക്കുന്നു.1982-87 കാലത്ത് ഐ, എ ഗ്രൂപ്പുകള്‍ രൂക്ഷമായ യുദ്ധത്തിലേര്‍പ്പെട്ടിരുന്നപ്പോൾ മുഖ്യമന്ത്രി കരുണാകരന് നിയമസഭയില്‍ സ്വൈര്യം കൊടുക്കാത്ത സ്പീക്കര്‍ വി.എം സുധീരന്‍ വീണ്ടുമൊരു അങ്കം കുറിയ്ക്കുകയാണ് ! - മുഖപ്രസം​ഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്

New Update
g

കേരളത്തിലെ കോണ്‍ഗ്രസില്‍ വി.എം സുധീരന്‍ ആരാണെന്ന് സംസ്ഥാനാധ്യക്ഷന്‍ കെ സുധാകരന്‍ അത്ര സൂഷ്മമായി അറിയുന്നുണ്ടാവില്ല. കേരളത്തിന്‍റെ ചമുതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്കാകട്ടെ, സുധീരനെപ്പറ്റി ഒന്നും തന്നെ അറിയണമെന്നുമില്ല.

Advertisment

തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്ത മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന് ഇരുവരില്‍ നിന്നും നേരിട്ട മോശമായ തിരിച്ചടികള്‍ അദ്ദേഹത്തെ വല്ലാതെ രോഷാകുലനാക്കിയിരിക്കുന്നു.

നേതാക്കള്‍ പറയുന്നതുപോലെ മാത്രമേ സംഘടനകള്‍ എപ്പോഴും നീങ്ങാറുള്ളു. പ്രത്യേകിച്ച് കോണ്‍ഗ്രസ്. മുന്‍ കോണ്‍ഗ്രസ് നേതാവ് പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷിയുടെ ഭാര്യ എന്ന നിലയ്ക്കാണ് ദീപാ ദാസ് മുന്‍ഷി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായത്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു പരിചയവുമുണ്ട്. പക്ഷെ വി.എം സുധീരനെ വിമര്‍ശിക്കാനും നിയന്ത്രിക്കാനും തക്ക വലിപ്പം എന്തായാലും ദീപാ ദാസ് മുന്‍ഷിക്കില്ല തന്നെ.


ഡോ. മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരില്‍ സഹമന്ത്രിയായും പശ്ചമ ബംഗാള്‍ നിയമസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വി.എം സുധീരനെക്കാള്‍ എത്രയോ താഴെയാണ് ദീപാ ദാസ് മുന്‍ഷി


f

1971 -ല്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റായി കേരളത്തിന്‍റെ മുന്‍നിര രാഷ്ട്രീയത്തിലെത്തിയ വി.എം സുധീരന്‍ പിന്നീട് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായിരിക്കെ 1977 -ല്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലെത്തിയപ്പോഴേയ്ക്ക് ഒരു വലിയ രാഷ്ട്രീയ താരമായി വളര്‍ന്നു കഴിഞ്ഞിരുന്നു. 

അറുപതുകളിലും എഴുപതുകളിലും കേരളത്തിലെ കോണ്‍ഗ്രസില്‍ ആഞ്ഞു വീശിയ യുവ തരംഗത്തില്‍ എ.കെ ആന്‍റണി, വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി എന്നീ നേതാക്കളോടൊപ്പം നിന്ന നേതാവ്.

മുന്‍ കെപിസിസി പ്രസിഡ‍ന്‍റ് എന്ന നിലയ്ക്കാണ് വി.എം സുധീരന്‍ കെപിസിസി എക്സിക്യൂട്ടീവില്‍ അംഗമാകുന്നത്. ഒരു നേതൃത്വത്തിന്‍റെയും നോമിനേഷന്‍ നേടിയല്ല അദ്ദേഹം കെപിസിസി എക്സിക്യൂട്ടീവ് അംഗമായതെന്നര്‍ത്ഥം.

സംഘടനയെ മുന്നോട്ടു നയിക്കുന്ന കാര്യത്തില്‍ ഇപ്പോഴത്തെ പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള നേതാക്കളെ വിമര്‍ശിച്ച് എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിച്ചത് സുധാകരനു തീരെ പിടിച്ചില്ല. യോഗത്തിനു ശേഷം ഇക്കാര്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് സുധാകരന്‍ പ്രതികരിച്ചത് സുധീരന്‍ മുമ്പു തന്നെ കോണ്‍ഗ്രസ് വിട്ടുപോയ ആളല്ലേ എന്നു ചോദിച്ചാണ്. ഈ പ്രസ്താവന സുധീരനെയും ചൊടിപ്പിച്ചു.

1984 -നും മുമ്പേ കോണ്‍ഗ്രസില്‍ ചേര്‍ന്നയാളാണു താന്‍ എന്ന് പത്രസമ്മേളനം നടത്തി സുധാകരന്‍ പ്രസ്താവിച്ചു. ഈയിടെയൊക്കെ പ്രസിഡന്‍റ് പറയുന്ന പല കാര്യങ്ങളും തെറ്റിപ്പോകുന്നതും പിന്നെ തിരുത്തുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതുപോലെ ഇക്കാര്യവും അദ്ദേഹത്തിനു തിരുത്തേണ്ടി വരുമെന്നും സുധീരന്‍ വിശദീകരിച്ചു. ദീപാദാസ് മുന്‍ഷിയെയും അദ്ദേഹം വിമര്‍ശിച്ചു.


1984 നു മുമ്പു തന്നെ കോണ്‍ഗ്രസില്‍ വന്നയാളാണു താനെന്ന പ്രസ്താവനയില്‍ സുധാകരനെതിരെ മൂര്‍ച്ചയേറിയ ഒരു മുന ഒളിപ്പിച്ചുവച്ചിട്ടുണ്ട് സുധീരന്‍


1984 ഒക്ടോബര്‍ 31 -നാണ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചത്. അതുവരെയും കോണ്‍ഗ്രസിന്‍റെയും ഇന്ദിരാ ഗാന്ധിയുടെയും എതിര്‍ ചേരിയിലായിരുന്നു സുധാകരന്‍. 

അക്കാലത്തും ഇന്ദിരാ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ള നേതാവുമായിരുന്നു സുധാകരന്‍. ഇന്ദിരാ ഗാന്ധിയുടെ മരണശേഷം മുഖ്യമന്ത്രി കെ. കരുണാകരന്‍ മുന്‍കൈ എടുത്താണ് കെ. സുധാകരനെയും കൂട്ടരെയും കോണ്‍ഗ്രസിലേയ്ക്കു കൊണ്ടുവന്നത്. 2001 -ല്‍ എകെ ആന്‍റണി മുഖ്യമന്ത്രിയായപ്പോള്‍ സുധാകരനെ വനം വകുപ്പു മന്ത്രിയാക്കുകയും ചെയ്തു.

ഒരു കാലത്ത് കണ്ണൂരിലെ കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാവായിരുന്ന എന്‍. രാമകൃഷ്ണന്‍ മുതല്‍ പല നേതാക്കളെയും എതിര്‍ത്തു നിലംപരിശാക്കി സുധാകരന്‍ ജില്ലയില്‍ ആധിപത്യം നേടുകയായിരുന്നു. ഒടുവില്‍ കെപിസിസി അധ്യക്ഷനുമായി. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എന്നേ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞിട്ടുള്ള വി.എം സുധീരനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്താന്‍ വരെ സുധാകരന്‍ തയ്യാറാവുകയും ചെയ്തു.

സുധാകരനെപ്പോലെ മറ്റു പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെയും പ്രവര്‍ത്തകരെയും കോണ്‍ഗ്രസിലേയ്ക്കു കോണ്ടുവരാനാണ് എപ്പോഴും കരുണാകരന്‍ ശ്രമിച്ചതെങ്കില്‍ ആരു വേണമെങ്കിലും പുറത്തു പൊയ്ക്കൊള്ളട്ടെ എന്ന നിലപാടാണ് ഇപ്പോഴത്തെ നേതൃത്വത്തിനുള്ളതെന്നു പറഞ്ഞുവയ്ക്കുകകൂടിയാണ് വി.എം സുധീരന്‍.

ഇനിയുള്ള കെപിസിസി യോഗങ്ങളിലൊക്കെ പങ്കെടുക്കുക തന്നെ ചെയ്യുമെന്ന് ഉറപ്പിച്ചു പറയുന്നുമുണ്ട് വി.എം സുധീരന്‍. 1984 -നു മുമ്പുതന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തന്നെ വിമര്‍ശിക്കുന്ന സുധാകരനെതിരെ തിരിഞ്ഞിരിക്കുകയാണദ്ദേഹം.

g

ഇന്ദിരാ ഗാന്ധിക്കെതിരെ അങ്ങേയറ്റം മോശമായ പരമര്‍ശങ്ങള്‍ നടത്തിയിരുന്ന നേതാവാണു സുധാകരനെന്നത് കണ്ണൂരിലെ തന്നെ ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസില്‍ തിരികെ വന്നതിനു ശേഷവും, പ്രത്യേകിച്ച് കെപിസിസി അധ്യക്ഷനായതിനു ശേഷം പോലും, സുധാകരന്‍ ഇന്ദിരാഗാന്ധിയുടെ പേര് ഒരിക്കല്‍ പോലും ഉന്നയിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അല്ലെങ്കില്‍ത്തന്നെ, സുധാകരന് കണ്ണൂരിലെ കോണ്‍ഗ്രസില്‍ ധാരാളം എതിരാളികളുണ്ട്. പ്രമുഖരായവരുള്‍പ്പെടെ. 1960 -കളില്‍ത്തന്നെ കെഎസ്‌യു പ്രവര്‍ത്തകനായി, സംഘടനയുടെ പ്രസിഡന്‍റായി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായി, എംപിയായി, എംഎല്‍എ ആയി, മന്ത്രിയായി, നിയമസഭാ സ്പീക്കറായി, കെപിസിസി പ്രസി‍ഡന്‍റായി കോണ്‍ഗ്രസില്‍ നല്ല പ്രതിഛായയോടെ വേരുറപ്പിച്ച വി.എം സുധീരന്‍ അങ്കം കുറിയ്ക്കുകയാണ്. അങ്ങനെ വഴങ്ങിക്കൊടുക്കുന്നയാളല്ല വി.എം സുധീരന്‍.

1982 - 87 കാലഘട്ടത്തില്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ഇടയ്ക്കു സ്പീക്കറായി സുധീരന്‍. ഐ, എ ഗ്രൂപ്പുകള്‍ രൂക്ഷമായ യുദ്ധത്തിലേര്‍പ്പെട്ടിരുന്ന അക്കാലത്ത് ഒരിക്കല്‍ പോലും മുഖ്യമന്ത്രി കരുണാകരന് നിയമസഭയില്‍ സ്വൈര്യം കൊടുത്തിരുന്നില്ല സ്പീക്കര്‍ വി.എം സുധീരന്‍. അതെ. സുധീരന്‍ ക്ഷുഭിതനായിരിക്കുന്നു.

Advertisment