Advertisment

മുന്നാക്ക സംവരണത്തെ ചൊല്ലി കത്തോലിക്കാ സഭയിലും ഭിന്നത ! മുന്നാക്ക സംവരണത്തില്‍ മുസ്ലീംസംഘടനകള്‍ക്കൊപ്പം സമരത്തിനിറങ്ങാന്‍ ലത്തീന്‍ സഭ; സര്‍ക്കാരിനെതിരെ സഭയുടെ രൂക്ഷ വിമര്‍ശനം; സംവരണം അശാസ്ത്രീയമെന്നും ലത്തീന്‍ സഭ

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്നാക്ക സംവരണം നടപ്പാക്കിയതില്‍ കത്തോലിക്കാ സഭയില്‍ തന്നെ ഭിന്നത ശക്തമാകുന്നു. സംവരണം നടപ്പാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ലത്തീന്‍ സഭാ നേതൃത്വത്തിനുള്ളത്. ഇതില്‍ പ്രതിഷേധിച്ച് മുസ്ലീം സംഘടനകളുള്‍പ്പെടുന്ന പിന്നാക്ക വിഭാഗവുമായി കൈകോര്‍ത്ത് സമര രംഗത്തിറങ്ങാനാണ് ലത്തീന്‍ സഭയുടെ തീരുമാനം.

മുന്നാക്ക സംവരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കത്തോലിക്കാ വിഭാഗത്തിലെ സിറോ മലബാര്‍ സഭയാണ്. സംവരണം നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അവര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതി ഇതില്‍ ഒരു അഭിപ്രായവും പറയാതിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു.

സംവരണ വിഷയത്തില്‍ സിറോ മലബാര്‍ സഭയുടെയും മലങ്കര സഭയുടെയും തീരുമാനത്തിനൊപ്പമല്ല തങ്ങളെന്നാണ് ലത്തീന്‍ സഭ നിലപാടെടുത്തത്. മുന്നാക്ക സംവരണം നടപ്പാക്കിയത് ധൃതി പിടിച്ചാണെന്നും അശാസ്ത്രീയമാണെന്നുമാണ് ലത്തീന്‍ സമുദായ സംഘടനകളുടെ വിമര്‍ശനം. കേരള ജനസംഖ്യയിലെ രണ്ടര ശതമാനത്തില്‍ താഴെയുള്ള മുന്നാക്ക വിഭാഗത്തിലെ ദരിദ്രര്‍ക്കായി പത്തുശതമാനം സീറ്റ് സംവരണം ചെയ്യുന്നത് നീതീകരിക്കാനാവില്ലെന്നാണ് ഇവരുടെ പ്രധാന വിമര്‍ശനം.

മുന്നാക്ക വിഭാഗ ഉദ്യോഗസ്ഥരുടെ കെണിയില്‍ സര്‍ക്കാര്‍ പെട്ടുപോയിയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. പിഎസ് സിയില്‍ സംവരണം ഏര്‍പ്പെടുത്തും മുമ്പ് യാതൊരു പഠനവും നടത്തിയില്ല. പിന്നാക്ക വിഭാഗത്തിന് നീതി നടപ്പാക്കാതിരിക്കാനുള്ള സംഘടിത നീക്കമാണ് നടക്കുന്നതെന്നും ലത്തീന്‍ സഭ കുറ്റപ്പെടുത്തുന്നുണ്ട്.

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ലത്തീന്‍ സഭയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. മുന്നാക്ക വിഭാഗ കമ്മീഷന് ക്യാബിനറ്റ് പദവി നല്‍കിയപ്പോള്‍ പട്ടികജാതി-വര്‍ഗ കമ്മീഷന്‍, പിന്നാക്ക വിഭാഗ കമ്മീഷന്‍ എന്നിവര്‍ക്ക് അതു നല്‍കിയില്ല. പരിവര്‍ത്തിതക്രൈസ്ത ശുപാര്‍ശിത കമ്മീഷനെ അവഗണിച്ചു തുടങ്ങിയ ഗൗരവമായ പരാതികളും സഭ സര്‍ക്കാരിനെതിരെ ഉന്നയിക്കുന്നുണ്ട്.

മുന്നാക്ക സംവരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ സജീവമാകാനാണ് ലത്തീന്‍ സംഘടനകള്‍ക്ക് സഭ നല്‍കിയിരിക്കുന്ന നിര്‍ദേശം. ലത്തീന്‍ സഭയുടെ ഈ നിലപാടിനെതിരെ കടുത്ത എതിര്‍പ്പാണ് സിറോ മലബാര്‍ സഭയ്ക്ക് ഉള്ളത്. വരും ദിവസങ്ങളില്‍ ലത്തീന്‍ സഭയ്‌ക്കെതിരെ സിറോ മലബാര്‍ സഭ രംഗത്തുവരുമെന്നാണ് സൂചന.

Advertisment