Advertisment

'കടലിനക്കരെ പോണോരെ.... കാണാപ്പൊന്നിനു പോണോരെ...' - കടലിന്റെ മക്കളുടെ കരളുറപ്പിന് ആദരവര്‍പ്പിച്ച് ഗാനമേളയിലൂടെ ഒരു ദുരിതാശ്വാസ നിധി സമാഹരണം

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ : കടലിനക്കരെ പോണോരെ.... കാണാപ്പൊന്നിനു പോണോരെ... പോയ്‌വരുമ്പോഴെന്തുകൊണ്ടുവരും... 'കൈനിറയെ വിലപിടിച്ച ജീവിതങ്ങളോ...'

കടലിന്റെ മക്കളുടെ കരളുറപ്പില്‍ ജീവിതം തിരിച്ചു പിടിച്ചവര്‍ക്കായി സര്‍ക്കാരിനൊപ്പം ചേർന്ന് ദുരിതാശ്വാസ സഹായമെത്തിക്കാന്‍ ഏഴാച്ചേരി ജി.വി. യു.പി. സ്‌കൂളിലെ രക്ഷകര്‍ത്താക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചേര്‍ന്നവതരിപ്പിച്ച ഗാനമേളയിലായിരുന്നൂ പ്രസിദ്ധമായ ആ ഗാനത്തിന്റെ വരിമാറ്റം.

പ്രളയക്കെടുതിയില്‍ നിന്ന് പതിനായിരക്കണക്കിന് മനുഷ്യരെ രക്ഷപ്പെടുത്തിയ കടലിന്റെ മക്കള്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും അധ്യാപകരും ചേര്‍ന്ന് ഗാനമേളയിലൂടെ ദുരിതാശ്വാസ നിധി സമാഹരണം നടത്തിയത്.

ഏഴാച്ചേരി നാഷണല്‍ ലൈബ്രറി അങ്കണത്തിലെ തണല്‍മരച്ചുവട് വേദിയാക്കി ഇന്നലെ സന്ധ്യക്ക് നടത്തിയ ദുരിതാശ്വാസ നിധി സമാഹരണ ഗാനമേളയ്ക്ക് പാട്ടുപാടിക്കൊണ്ട് തുടക്കം കുറച്ചത് ഹെഡ്മിസ്ട്രസ് ജലജ വേണുഗോപാലാണ്. തൊട്ടുപിന്നാലെ കടലിന്റെ മക്കള്‍ക്കുള്ള ആദരവുമായി പൂര്‍വ്വ വിദ്യാര്‍ത്ഥി അന്ത്യാളം തോമാച്ചന്റെ പാട്ട്; 'കടലിനക്കരെ പോണോരെ.... കാണാപ്പൊന്നിനു പോണോരെ... '

publive-image

ജി.വി. യു.പി. സ്‌കൂള്‍ പി.റ്റി.എ. പ്രസിഡന്റ് മഞ്ജു വിനോദ് നാടന്‍ പാട്ടിലൂടെയും പൂര്‍വ്വ വിദ്യാര്‍ത്ഥി റോണി, പി.റ്റി.എ. അംഗങ്ങളായ ജോസഫ്, ബിന്ദു ജോസ്, രാജേഷ്, സുജാത എന്നിവര്‍ പഴയകാല സിനിമാ പാട്ടുകളിലൂടെയും വിദ്യാര്‍ത്ഥികളായ അജിന്‍ദേവ്, അനിരുദ്ധന്‍ മനോജ്, നന്ദജ എന്നിവര്‍ അടിപൊളി പാട്ടുകളിലൂടെയും കാണികളുടെ മനം കവര്‍ന്നപ്പോള്‍ ദുരിതാശ്വാസ നിധിപേടകത്തിലേയ്ക്ക് സഹായ പ്രവാഹമായി.

പി.റ്റി.എ. അംഗം ജോസിന്റെ കീബോര്‍ഡ് മാത്രമായിരുന്നു ആകെയുണ്ടായിരുന്ന ഓര്‍ക്കസ്ട്രയെങ്കിലും ഇമ്പമേറെയുള്ള പാട്ടുകള്‍ കേള്‍ക്കാന്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളും നാട്ടുകാരും തടിച്ചു കൂടിയിരുന്നു. രണ്ടര മണിക്കൂറോളം പാട്ടുകള്‍ പാടി ഗാനമേള സമാപിക്കുമ്പോള്‍ ദുരിതാശ്വാസ നിധി പേടകം നിറയ്ക്കാന്‍ നാട്ടുകാര്‍ കയ്യയച്ച് സഹായിച്ചു.

ഗാനമേള വഴി ലഭിച്ച ഇരുപതിനായിരത്തോളം രൂപ ജി.വി. യു.പി. സ്‌കൂളിന്റെ വകയായുള്ള ദുരിതാശ്വാസ സഹായമായി വിദ്യാഭ്യാസ വകുപ്പു വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുമെന്ന് ഹെഡ്മിസ്ട്രസ് ജലജ വേണുഗോപാല്‍ പറഞ്ഞു.

പരിപാടികൾക്ക് കൃഷ്ണകുമാർ കളരിയ്ക്കൽ, ദിവാകരൻ നീറാക്കുളം, സനൽകുമാർ ചീങ്കല്ലേൽ, അഡ്വ.വി.ജി.വേണുഗോപാൽ, മനോജ് മഞ്ചേപ്പിള്ളിൽ തുടങ്ങിയവർ നേതൃത്വം നൽകി.

pala news
Advertisment