Advertisment

ഫാഷിസത്തെ ചെറുക്കുക, ജനാധിപത്യം സംരക്ഷിക്കുക" കാംപയിന് വെള്ളിയാഴ്ച തുടക്കം

New Update

ജിദ്ദ: ഇന്ത്യയുടെ 69ാമത് റിപബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഒരു മാസം നീണ്ടുനില്‍ക്കുന്ന കാംപയിന്‍ സംഘടിപ്പിക്കുന്നു. ഫാഷിസത്തെ ചെറുക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്ന പ്രമേയത്തില്‍ ആരംഭിക്കുന്ന കാംപയിന് നാളെ (ജനുവരി 26 വെള്ളി) ഷറഫിയ്യ ഇംപാല ഗാര്‍ഡനില്‍ തുടക്കം കുറിക്കും. കര്‍ണാടക എന്‍ആര്‍ഐ ഫോറം പ്രസിഡന്റ് മുഹമ്മദ് സൈഫുദ്ദീന്‍ സാമി ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളില്‍ പുതുതായി സോഷ്യല്‍ ഫോറത്തില്‍ അംഗത്വമെടുത്ത സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കും.

Advertisment

publive-image

ഇന്ത്യന്‍ ഭരണഘടനയുടെ സവിശേഷതയായ ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നമ്മുടെ മഹത്തായ രാജ്യത്തിന് എത്രകാലം പ്രയാണം നടത്താനാവുമെന്ന ആശങ്കകള്‍ക്കിടയിലാണ് 69ാമത് റിപബ്ലിക് ദിനാഘോഷം സംജാതമായിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പു ചെയ്ത് രാജ്യത്തിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കിയാണ് സംഘപരിവാര ഫാഷിസം തേര്‍വാഴ്ച നടത്തുന്നത്. ഭരണം ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കേണ്ട സര്‍ക്കാര്‍ ജനജീവിതത്തെ ബാധിക്കുന്ന സമസ്ത മേഖലകളും ത്വരിതഗതിയില്‍ ഹിന്ദുത്വവല്‍ക്കരിച്ചു. നിയമത്തെ ഭയപ്പെടുന്ന ഫാഷിസ്റ്റുകള്‍ ജനങ്ങളുടെ അവസാന പ്രതീക്ഷയായ ജുഡീഷ്യറിയെ പോലും സ്വാധീനിക്കാനും നിയന്ത്രിക്കാനും ശ്രമിക്കുന്ന ഭീതിദമായ കാഴ്ചയ്ക്കും രാജ്യം സാക്ഷ്യംവഹിച്ചു. സുപ്രിംകോടതി നിയമനങ്ങള്‍ കോളീജിയത്തിനു പകരം ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ എന്ന സംവിധാനം ഫാഷിസ്റ്റ് താല്‍പര്യങ്ങള്‍ക്കനുസരിച്ചു രൂപീകരിക്കാനാണ് ശ്രമം.

നിതാന്ത ജാഗ്രതയാണ് ജനാധിപത്യ സംരക്ഷണത്തിന്റെ ആണിക്കല്ല് എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഫെബ്രുവരി 28 വരെ നീണ്ടുനില്‍ക്കുന്ന കാംപയിന്‍ സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും തുടച്ചുനീക്കാനുള്ള ഗൂഢമായ നീക്കങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഭാഗത്തു നിന്ന് പോലും കണ്ടുകൊണ്ടിരിക്കുന്നു. ഭരണഘടന സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റയാളുകള്‍ മതേതരത്വം എന്ന ആശയംപോലും കാപട്യമാണെന്നും ഭരണഘടന തന്നെ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തുകയുണ്ടായി. ഇതിനുള്ള നീക്കങ്ങളും അണിയറയില്‍ നടന്നുവരുന്നു. ഇത് വളരെയധികം ആശങ്കയുളവാക്കുന്നതാണെന്നും സോഷ്യല്‍ ഫോറം ചൂണ്ടിക്കാട്ടി.

Advertisment