Advertisment

പത്തു മാസത്തിനിടെ നാലര ലക്ഷം പേരെ നാടുകടത്തി. ഇഖാമയില്ലാത്തവരെ സഹായിച്ച 2711 വിദേശികള്‍ കുടുങ്ങി.

author-image
admin
New Update

റിയാദ്- പത്തു മാസത്തിനിടെ ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായ സൗകര്യങ്ങളും ചെയ്തു കൊടുത്തതിന് 2711 വിദേശികളെ പിടികൂടി ശിക്ഷാ നടപടികൾ സ്വീകരിച്ചതായും നാലര ലക്ഷത്തോളം പേരെ നാടു കടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അനധികൃതമായി രാജ്യത്ത് തങ്ങുന്നതിന് നിയമ ലംഘകർക്ക് ആവശ്യമായ സഹായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നവർക്ക് തടവും പിഴയും നാടു കടത്തലും ശിക്ഷ ലഭിക്കും. നിയമ ലംഘകരെ സഹായിച്ച കുറ്റത്തിന് 676 സൗദികളും പിടിയിലായി. ഇക്കൂട്ടത്തിൽ 651 പേർക്കെതിരെ തത്സമയം ശിക്ഷാ നടപടികൾ സ്വീകരിച്ചു. 25 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു വരികയാണ്.

Advertisment

publive-image

പത്തു മാസത്തിനിടെ രാജ്യമൊട്ടുക്കും സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകൾക്കിടെ 17,73,293 നിയമ ലംഘകർ പിടിയിലായി. തടവും പിഴയും പ്രവേശന വിലക്കും കൂടാതെ ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് അവസരമൊരുക്കി പ്രഖ്യാപിച്ച പൊതുമാപ്പ് നവംബർ 14 ന് അവസാനിച്ചതിനെ തുടർന്ന് നവംബർ 15 മുതൽ കഴിഞ്ഞ ദിവസം വരെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിലാണ് ഇത്രയും നിയമ ലംഘകർ പിടിയിലായത്. ഇക്കൂട്ടത്തിൽ 13,58,584 പേർ ഇഖാമ നിയമ ലംഘകരും 1,33,096 പേർ നുഴഞ്ഞു കയറ്റക്കാരും 2,81,613 പേർ തൊഴിൽ നിയമ ലംഘകരുമാണ്.

ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞു കയറുന്നതിന് ശ്രമിച്ച 30,069 പേരെ സുരക്ഷാ വകുപ്പുകൾ പിടികൂടി. ഇക്കൂട്ടത്തിൽ 55 ശതമാനം പേർ യെമനികളും 42 ശതമാനം പേർ എത്യോപ്യക്കാരും മൂന്നു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നതിന് ശ്രമിച്ച 1,425 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. നിലവിൽ 13,447 നിയമ ലംഘകരെ നിയമാനുസൃത നടപടികൾക്ക് വിധേരയാക്കി വരികയാണ്.

ഇക്കൂട്ടത്തിൽ 11,737 പേർ പുരുഷന്മാരും 1,710 പേർ വനിതകളുമാണ്. പത്തു മാസത്തിനിടെ 4,49,221 നിയമ ലംഘകരെ സ്വദേശങ്ങളിലേക്ക് നാടു കടത്തി. 2,92,632 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. യാത്രാ രേഖകളും തിരിച്ചറിയൽ രേഖകളുമില്ലാത്ത 2,49,942 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ ലഭ്യമാക്കുന്നതിന് എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് നടപടികളെടുത്തു. 3,07,761 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

Advertisment