Advertisment

‘അശ്വിനെ വീഴ്ത്തിയത് ഡുപ്ലെസിസിന്റെ ഐഡിയ’; മനസു തുറന്ന് ഫിലാന്‍ഡര്‍

New Update

കേപ്പ്ടൗണ്‍: ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ നട്ടെല്ലൊടിച്ചത് വെര്‍നന്‍ ഫിലാന്‍ഡറിന്റെ പന്തുകളായിരുന്നു. ആറ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെയാണ് താരം രണ്ടാം ഇന്നിംഗ്‌സില്‍ പുറത്താക്കിയത്. മുന്‍ നിര ബാറ്റ്‌സ്മാന്മാരായ രോഹിതിന്റേയും വിരാടിന്റേയും പാര്‍ട്ണര്‍ഷിപ്പ് തകര്‍ത്ത് ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നതും ഫിലാന്‍ഡര്‍ ആയിരുന്നു.

Advertisment

വാലറ്റത്ത് പേസര്‍ ഭുവനേശ്വര്‍ കുമാറുമായി കൂട്ട് ചേര്‍ന്ന് ഓള്‍ റൗണ്ടര്‍ അശ്വിന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തേയും തകര്‍ത്ത് ഫിലാന്‍ഡറായിരുന്നു. പ്രധാന പേസര്‍ ഡെയ്ല്‍ സ്റ്റെയിനിന്റെ അഭാവത്തിലായിരുന്നു താരത്തിന്റെ പ്രകടനം ടീമിന് നിര്‍ണ്ണായകമായി മാറിയത്.

publive-image

റബാഡയേയും മോര്‍ക്കലേയും അനായാസം നേരിടുകയായിരുന്ന അശ്വിന്റേയും ഭുവിയുടേയും പാര്‍ട്ണര്‍ഷിപ്പ് തകര്‍ത്തത് ദക്ഷിണാഫ്രിക്കന്‍ വിജയത്തില്‍ നിര്‍ണ്ണായകമായി മാറി. ക്രീസില്‍ ഉറച്ചു നിന്ന അശ്വിനെ പുറത്താക്കിയതിന്റെ ക്രെഡിറ്റ് മുഴുവന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസിനാണ് ഫിലാന്‍ഡര്‍ നല്‍കുന്നത്. നായകന്റെ ട്രിക്കിലാണ് അശ്വിന്‍ പുറത്തായതെന്നാണ് ഫിലാന്‍ഡര്‍ പറയുന്നത്.

‘ആ സമയത്ത് അശ്വിന്‍ ക്രീസില്‍ നിന്നും നന്നായി പുറത്തിറങ്ങിയായിരുന്നു കളിച്ചിരുന്നത്. വിക്കറ്റ് അല്‍പ്പം സ്ലോയായിരുന്നു.പന്ത് അല്‍പ്പം പഴയതുമായിരുന്നു. അതുകണ്ട ഡുപ്ലെസിസ് വിക്കറ്റ് കീപ്പറോട് സ്റ്റമ്പിന്റെ അടുത്തേക്ക് വന്ന് നില്‍ക്കാന്‍ പറയുകയായിരുന്നു. തുടര്‍ന്നാണ് അശ്വിനെ സ്റ്റമ്പ് ഔട്ട് ചെയ്യുന്നത്.’ താരം പറയുന്നു.

ആറ് വിക്കറ്റുകള്‍ നേടിയ ഫിലാന്‍ഡറായിരുന്നു മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചും. സെഞ്ചൂറിയനിലാണ് അടുത്ത ടെസ്റ്റ്.

Advertisment