Advertisment

അകത്ത് ആയുധധാരികളായ നൂറ് സിആർപിഎഫ് ഭടൻമാര്‍, പുറത്ത് അസം റൈഫിൾസിന്റെ 50 പേരുടെ പട, സദാസമയവും സജ്ജമായി എയർഫോഴ്സിന്റെ ഹെലികോപ്റ്റർ മുറ്റത്ത് റെഡി ! ഒറ്റയ്ക്ക് ഒരു ചെറിയ ബാഗും തൂക്കി മിസോറാമിന് പോയ കുമ്മനം രാജ്യത്ത് ഏറ്റവും സുരക്ഷയുള്ള ഗവര്‍ണ്ണര്‍

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

 കോട്ടയം : അങ്ങോട്ടു പോയ കുമ്മനം രാജശേഖരനല്ല നാളെ കേരളത്തിലെത്തുന്നത്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയിലാണ് ഗവർണർ കുമ്മനം രാജശേഖരന്റെ വരവ്.

തനിക്ക് സുരക്ഷയൊന്നും വേണ്ടെന്ന് ലളിതജീവിതം മാത്രം ശീലിച്ചിട്ടുള്ള കുമ്മനം രാജശേഖരൻ അഭ്യർഥിച്ചാലും സുരക്ഷയിൽ കുറവു വരുത്താൻ പൊലീസിനു സാധിക്കില്ല. കാരണം മിസോറം ഗവർണർക്ക് എന്തായാലും സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ സുരക്ഷാ സേനകൾ തയാറല്ല.

മിസോറമിൽ ഗവർണർ കുമ്മനം രാജശേഖരന് കേന്ദ്രസർക്കാർ നൽകിയിട്ടുള്ള സുരക്ഷ ചെറുതല്ല. ആയുധധാരികളായ നൂറ് സിആർപിഎഫ് ഭടൻമാരാണ് ബംഗ്ലാവിന് ചുറ്റും റോന്തുചുറ്റുന്നത്.

publive-image

പുറത്ത് അസം റൈഫിൾസിന്റെ അൻപത് പേരുടെ പട. രഹസ്യാന്വേഷണ വിഭാഗവും മറ്റു മഫ്ടിയിലെ സംഘവും സദാസമയവുമുണ്ട്. എയർഫോഴ്സിന്റെ ഹെലികോപ്റ്റർ രാജ്ഭവന്റെ അങ്കണത്തിലുണ്ട്.

സുരക്ഷ ഏകോപിപ്പിക്കാൻ ഒരു ഐപിഎസ് ഉദ്യോഗസ്ഥനും സിആർപിഎഫിന്റെ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനും വിളിപ്പുറത്തു നിൽപ്പുണ്ട്.

മുതിർന്ന ഒരു ഐഎഎസ് ഉദ്യോസ്ഥനാണ് സെക്രട്ടറി, എന്തിനും ഏതിനും കയ്യകലത്തിലുണ്ട്. അൻപതോളം ഉദ്യോഗസ്ഥരടങ്ങുന്ന ഒരു മിനി സെക്രട്ടറിയേറ്റുമുണ്ട് വളപ്പിൽ.

എട്ട് കുക്കുമാരാണ് അടുക്കളയിൽ. ഇഷ്ടമുള്ളതു പറഞ്ഞാൽ അപ്പോൾ മുൻപിൽ വരും. ആഹാരം ആദ്യം മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ രുചിച്ച് പരിശോധിക്കും.

publive-image

ഡോക്ടറും ആംബുലൻസും ഉൾപ്പെടെ മെഡിക്കൽ സംഘവും സദാ സമയവും കൂടെയുണ്ട്. ദിവസവും രാവിലെ ഇന്റലിജൻസ് മേധാവി വന്ന് സംസ്ഥാനത്തെ സംഭവവികാസങ്ങൾ ധരിപ്പിക്കും.

‘ഇതൊക്കെ ഭാഗ്യമായി കരുതുന്നവരുണ്ടാകാം. പക്ഷേ ഞാൻ കാണുന്ന ഭാഗ്യം ഇതൊന്നുമല്ലല്ലോ. പാവപ്പെട്ട ജനങ്ങളുടെ ഇടയിൽനിന്ന് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരാളാകുകയെന്നതൊക്കെയല്ലേ.

പിന്നെ, അധികാരത്തിനായിരുന്നെങ്കിൽ ഫുഡ് കോർപറേഷനിലെ ജോലി രാജിവച്ച് പൊതുപ്രവർത്തനത്തിനിറങ്ങില്ലായിരുന്നല്ലോ. പണവും അധികാരവും ഒക്കെ കിട്ടുമായിരുന്നു.’ – കുമ്മനത്തിന്റെ വാക്കുകളിങ്ങനെയാണ്.

മിസോറമിലും പാവപ്പെട്ടവരും കൃഷിക്കാരുമാണ് കൂടുതലും. അവർക്കൊപ്പം അവരുടെ വികസനത്തിനിറങ്ങുകയാണ്. അതാണ് ദൗത്യം. ബംഗ്ലദേശും മ്യാൻമറും അതിർത്തി പങ്കിടുന്നതിനാലാണ് ഇത്രയും സുരക്ഷ.

ഇസഡ് പ്ലസ് സുരക്ഷയാണ് സാധാരണ ഗവർണർക്കുള്ളതെങ്കിലും ഇത് സൈന്യം നേരിട്ടു നൽകുന്ന സുരക്ഷയാണ്. ഒരു ഗവർണർ ഒറ്റയ്ക്ക് ഒരു ചെറിയ ബാഗും തൂക്കി കയറി വരുന്നു; കുടുംബവും പരിവാരങ്ങളും ഒന്നുമില്ലാതെ രാജ്ഭവനിലേക്ക്.

publive-image

ഇങ്ങനെയൊരാൾ ആദ്യമായിരുന്നു. അപൂർവമായൊരു കാഴ്ചയായിരുന്നു. ആദ്യമൊക്കെ അവരൊന്ന് അടുക്കാൻ പേടിച്ചു. പിന്നെ കുമ്മനം രാജശേഖരൻ എന്ന മനുഷ്യനെ മനസ്സിലായി. മിസോറമിലൊക്കെ നിയമമുണ്ട്, ആ സംസ്ഥാനത്തുള്ളവർ തന്നെയാകണം രാജ്ഭവനിലും മറ്റും ജോലിക്ക്.

മറ്റു ഗവർണർമാർക്ക് ഇല്ലാത്ത ചില ചുമതലകളുമുണ്ട് മിസോറാം ഗവർണർക്ക്. മൂന്നു ജില്ലാ കേന്ദ്രം നേരിട്ട് ഏറ്റെടുത്ത് ഭരിക്കുകയാണ്, ഗവർണറുടെ മേൽനോട്ടത്തിൽ, കേന്ദ്രഫണ്ടിൽ. വികസനം, ക്രമസമാധാനം എല്ലാം ഗവർണറുടെ ഓഫിസിൽ നിന്നാണ് നോക്കുന്നത്.

publive-image

ഭക്ഷണകാര്യത്തിൽ നിർബന്ധമൊന്നുമില്ലാത്തതിനാൽ എന്തും കഴിക്കാമെന്ന് കരുതലുണ്ട്. പക്ഷേ രാജ്ഭവനിൽ ദോശയും ഇഡലിയുമൊക്കെ റെഡി. പുട്ട് ചോദിച്ചു. അതുമാത്രം കസ്റ്റഡിയിലില്ല. അവർക്ക് അത്ര പിടിയില്ല. വരും ദിവസങ്ങളിൽ പഠിച്ചു പുട്ടുണ്ടാക്കിത്തരും.

പൂജാമുറിയും ക്ഷേത്രവുമൊന്നുമില്ല. രാവിലെ കുറച്ചു നേരം ധ്യാനിക്കും. വളരെ ശാന്തസുന്ദരമാണ് രാജ്ഭവൻ. ‘രാജശേഖര ഭവൻ’ എന്നാണ് കേരളത്തിലെ ചില സുഹൃത്തുക്കൾ തമാശയ്ക്ക് പറഞ്ഞത്.

കഴിഞ്ഞ തിങ്കളാഴ്ച ഡൽഹിയിൽ ഗവർണർമാരുടെ യോഗമായിരുന്നു. മിസോറം വികസനത്തിന് ഒരു പ്ലാനുണ്ടാക്കിയാണ് കുമ്മനം രാജശേഖരൻ യോഗത്തിനു പോയത്. മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചു വരുത്തി ചർച്ച നടത്തിയാണ് മിസോറമിനുവേണ്ടി പദ്ധതി തയാറാക്കിയത്.

publive-image ‘യാത്രാസൗകര്യമില്ലായ്മയാണ് മിസോറമിന്റെ ഒരു പ്രശ്നം. ആഴ്ചയിൽ രണ്ടു ദിവസമേ ഡൽഹിക്കു വിമാനമുള്ളു. ദിവസവും കൊൽക്കത്തയ്ക്ക് ഒരു സർവീസുണ്ട്. അതുപോലെ, ട്രെയിനുമില്ല മിസോറമിലേക്ക്. 88% വനപ്രദേശം മൊത്തത്തിൽ ഒരു മൂന്നാർ പോലുള്ള പ്രദേശമാണ് മിസോറം’ – ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു.

12 ലക്ഷമാണ് 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യ. മലയാളി അസോസിയേഷനിൽ നേരത്തെ മൂന്നൂറു പേരുണ്ടായിരുന്നു. ഇപ്പോൾ അത് അറുപതായി കുറഞ്ഞു. അവരൊക്കെ മലയാളി ഗവർണറെ കാണാനെത്തിയിരുന്നു. പിന്നെ, വേഷം മുണ്ടും ഷർട്ടും തന്നെ എന്നും. ചില പരിപാടികൾക്ക് ഡ്രസ് കോഡ് ഉണ്ടെന്ന് പറയുന്നു.

അതൊന്നും ആലോചിച്ചിട്ടില്ല. പുതിയ കാഴ്ചപ്പാടോടെയാണ് മിസോറാമിനെ കാണുന്നത്. ഗ്രീൻ മിസോറം. ക്ലീൻ മിസോറം. സ്ഥായിയായ വികസനം എന്ന ആശയമാണ് നാളെ പ്രധാനമന്ത്രിയെ കാണുമ്പോൾ സമർപ്പിക്കുന്ന നിർദേശം.

അതു തയാറാക്കുന്ന തിരക്കിലാണ് ഗവർണർ. അളവുകോലില്ലാത്ത അധികാരമുള്ള രാജ് ഭവന്റെ വിശാലമായ ഇടനാഴികൾ ഇങ്ങനെയൊരാളെ പഠിച്ചുവരുന്നതേയുള്ളു, എല്ലാവരോടും ചേർന്നുനിൽക്കുന്ന വളച്ചുകെട്ടില്ലാത്ത കുമ്മനം എന്ന മനുഷ്യനെ.

publive-image

പത്തു ദിവസത്തിൽ കൂടുതൽ ഗവർണർ സംസ്ഥാനത്തുനിന്ന് മാറി നിൽക്കരുതെന്നാണ് വ്യവസ്ഥ. 20ന് വരെ കേരളത്തിൽ വിവിധ പരിപാടികളിൽ പങ്കെടുത്താണ് അദ്ദേഹം മടങ്ങുന്നത്. 15ന് ശബരിമല ദർശനവും നടത്തുന്നുണ്ട്.

പഴയ പോലെയല്ല, എങ്ങോട്ടും എപ്പോഴും പോകാൻ പറ്റില്ല. എങ്ങോട്ട് പോകണമെങ്കിലും ഏഴു ദിവസം മുൻപ് രാഷ്ട്രപതിയുടെ അനുമതി തേടണം. അതുമല്ല, പ്രത്യേക വിമാനം വേണം. സംസ്ഥാനം ഇസഡ് പ്ലസ് സുരക്ഷയൊരുക്കണം. പുറത്തേക്കിറങ്ങിയാൽ ഗാർഡ് ഓഫ് ഓണറും. അങ്ങനെ കുറെ ചടങ്ങുകളുമുണ്ട്.

bjp kummanam
Advertisment