Advertisment

കേളി 'ജീവസ്പന്ദനം': പങ്കാളികളായി ആയിരങ്ങൾ

New Update

publive-image

Advertisment

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ 'ജീവസ്പന്ദനം' എന്ന ശീർഷകത്തിൽ നടന്ന ആറാമത് മെഗാ രക്തദാന ക്യാമ്പിൽ ആയിരങ്ങൾ പങ്കെടുത്തു. കേളിയും സൗദി ആരോഗ്യ മന്ത്രാലയവും ചേർന്ന് ലുലു ഹൈപ്പർ മാർക്കറ്റിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി.

മലാസ് ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ക്യാമ്പ് രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച്‌ വൈകിട്ട് 5 മണി വരെ നീണ്ടു നിന്നു. അഞ്ചുമണിയോടെ രജിസ്‌ട്രേഷൻ അവസാനിപ്പിച്ചു എങ്കിലും രക്തദാതാക്കളുടെ തിരക്ക് തുടർന്നുകൊണ്ടിരുന്നു.

കേളിയുടെയും കേളി കുടുംബ വേദിയുടെയും പ്രവർത്തകർക്ക് പുറമെ മലയാളി സമൂഹവും ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും, ബംഗ്ലാദേശ്, പാകിസ്ഥാൻ, സിറിയ, യമൻ, ജോർദാൻ, ഫിലിപ്പൈൻസ്, നേപ്പാൾ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുമായി 1007 പേർ ക്യാമ്പിൽ പങ്കാളികളായി.

സൗദി ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടതനുസനുസരിച്ച് ഹജ്ജിന് മുന്നോടിയായി രക്തം ശേഖരിക്കുന്നതിനായാണ് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. സൗദി ആരോഗ്യ മന്ത്രാലത്തിലെ 45 മെഡിക്കൽ സ്റ്റാഫും 35 ആരോഗ്യപ്രവർത്തകരും അടങ്ങുന്ന സംഘത്തിന് റിയാദ് ബ്ലഡ്ബാങ്ക് ഡയറക്ടർ മുഹമ്മദ് ഫഹദ് അൽ മുത്തേരി നേതൃത്വം നൽകി. 25 യൂണിറ്റുകളും 2 ബസ്സുകളിലായി 8 മൊബൈൽ യൂണിറ്റുകളിലുമായി 33 പേരുടെ രക്തം ഒരേ സമയം ശേഖരിക്കുന്നതിനുള്ള സൗകര്യമാണ് ക്യാമ്പിൽ ഒരുക്കിയത്.

കഴിഞ്ഞ ഓരോ വർഷവും 600 മുതൽ 850 വരെ യൂണിറ്റ് രക്തമാണ് ഓരോ ക്യാമ്പിലും നൽകിയിട്ടുള്ളത്. ആറാമത് ക്യാമ്പിൽ 1000 യൂണിറ്റ് രക്തം നൽകാനാണ് സംഘടക സമിതി ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ 1007 രക്തദാതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ലക്ഷ്യം മറികടക്കാൻ സംഘാടകസമിതിക്കായി. ആറാമത് ക്യാമ്പ് അവസാനിച്ചതോടെ കേളി 8500 യൂണിറ്റിലധികം രക്തം വിവിധ ഘട്ടങ്ങളിലായി നൽകി കഴിഞ്ഞു.

ക്യാമ്പിന്റെ വിജയത്തിനായി നാസർ പൊന്നാനി, ജാർനെറ്റ് നെൽസൻ വൈസ് ചെയർമാന്മാർ, അലി പട്ടമ്പി കൺവീനർ , സലീം മടവൂർ ജോയിന്റ് കൺവീനർ, എന്നിവരടങ്ങുന്ന101 അംഗ സംഘാടക സമിതി പ്രവർത്തിച്ചു. സമാപന ചടങ്ങിൽ സംഘടകസമിതി ചെയർമാൻ നാസർ പൊന്നാനി ആമുഖ പ്രഭാഷണം നടത്തി. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. കിംഗ്‌ സൗദ് മെഡിക്കൽ സിറ്റിയിലെ

ഇ.എന്‍.ടി. സ്പെഷ്യലിസ്റ്റും അസ്സോസിയേറ്റ് കൺസൾട്ടന്റുമായ ഡോക്ടർ ജോസ് ക്ലീറ്റസ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒരു യൂനിറ്റ് രക്തം എന്നു പറയുന്നത് നാല് പേരുടെ ജീവൻ രക്ഷിക്കുന്നതിന് തുല്യമാണെന്നും, ഒട്ടേറെ രക്തദാന ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഒൻപത് മണിക്കൂറിനുള്ളിൽ ആയിരത്തിലധികം രക്തദാതാക്കൾ പങ്കെടുത്ത ഒരു ക്യാമ്പിൽ ആദ്യമായാണ് പങ്കെടുക്കുന്നതെന്നും ഡോക്ടർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കേളി കേന്ദ്ര രക്ഷധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, റിയാദ് സെന്‍ട്രല്‍ ബ്ലഡ്‌ ബാങ്ക് ഡയറക്ടര്‍

മുഹമ്മദ്‌ ഫഹദ് അല്‍ മുത്തേരി, ബ്ലഡ്‌ ബാങ്ക് സൂപ്പര്‍വൈസര്‍മാരായ ഹിഷാം അല്‍ ഒഷിവാന്‍, അലി അല്‍ സനയാദി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേളിക്കുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് മുഹമ്മദ്‌ ഫഹദ് അല്‍ മുത്തേരിയിൽ നിന്നും കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഏറ്റുവാങ്ങി.

തുടർച്ചയായി രണ്ടു തവണ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് പശ്ചാത്തല സൗകര്യം ഒരുക്കിയ ലുലു ഹൈപ്പർമാർക്കറ്റിനുള്ള കേളിയുടെ ഉപഹാരം ലുലു മലാസ് ബ്രാഞ്ച് മാനേജർ ആസിഫിന് കേളി സെക്രട്ടറി കൈമാറി. സംഘാടക സമിതി കണ്‍വീനര്‍ അലി പട്ടാമ്പി സമാപന ചടങ്ങിന് നന്ദി പറഞ്ഞു.

Advertisment