Advertisment

ഗുരുവന്ദനം (അധ്യാപകന്‍ എന്നാൽ തലമുറകളുടെ ശില്‍പ്പി)

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

-ഹസീന റഹ്മാൻ

വിദ്യാർത്ഥികളുടെ മാനസിക അവസ്ഥ മനസ്സിലാക്കി അതിന് അനുസരിച്ചു തന്റെ സ്വഭാവം പോലും നിയന്ത്രിച്ചു കാലത്തിനും സമൂഹത്തിനും കൂടി വേണ്ടി ചെയ്യുന്ന ഒരു മഹത്തായ സുകൃതമാണ് അധ്യാപനം. ഉദിച്ചുയരുന്ന ഓരോ തലമുറയും വരാനിരിക്കുന്ന കാലത്തിന്റെ പ്രതീക്ഷകളാണ്.

രാജീവ് & അനില, നമ്മൾ തമ്മിൽ ഏറെ പരിചയമില്ലെങ്കിലും മനസ്സുകൊണ്ട് നിങ്ങളുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് ഞാൻ. എന്നു വെച്ചാൽ എൻ്റെ സ്വന്തം സഹോദരങ്ങളെപ്പോലെ തന്നെ.

മാത്രമല്ല എൻ്റെ പ്രാർത്ഥനകളിൽ പോലും നിങ്ങളെ ഞാനോർക്കാറുണ്ട്. അതു തന്നെയാണ് ഇത്തരം ഒരു കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചതും. ഒന്നു കൂടെ വിശദമാക്കാൻ എനിക്ക് കുറച്ച് വർഷങ്ങൾ പുറകോട്ടു പോകേണ്ടി വരും.

നോക്കൂ, 1980കളിലാണ് എൻ്റെ പ്രൈമറി വിദ്യാഭ്യാസം. ഞാനിന്ന് ഏറെയിഷ്ടപ്പെടുന്ന എൻ്റെ കേരളശ്ശേരി എ.യു.പി സ്കൂൾ എൻ്റെ പ്രിയപ്പെട്ട അധ്യാപകർ. ഇപ്പോഴും അവിടുത്തെ ഓരോ ദിനങ്ങളും എൻ്റെ കൺമുന്നിലുണ്ട്.

ദാ.. ഇന്നലെയെന്ന പോലെ. ഒരു പാട് നല്ല അനുഭവങ്ങൾ ഉണ്ട്.

എന്നാൽ എൻ്റെ ജീവിതത്തെ മാറ്റിമറിച്ച രണ്ട് വ്യക്തികളെയാണ് ഞാനിവിടെയോർക്കുന്നത്. ഒന്നാമതായി എൻ്റെ കഴിവുകളെ അംഗീകരിച്ച, എൻ്റെ ജീവിതത്തിലെ ഏറ്റവും നല്ല ഉപദേശങ്ങൾ നൽകിയ എൻ്റെ ലളിത ടീച്ചർ. ആത്മവിശ്വാസത്തിൻ്റെ ആദ്യ പാoങ്ങൾ ടീച്ചറാണ് എന്നെ പഠിപ്പിച്ചത്. ടീച്ചറുടെ സോഷ്യൽ ക്ലാസ്സുകൾ.

ഇന്നും ചരിത്രത്തിൻ്റെ ആദ്യ പാഠങ്ങൾ ഞാനോർത്തു വെയ്ക്കുന്നുവെങ്കിൽ അത് ടീച്ചറുടെ കഴിവാണ്. ചരിത്രത്തിൻ്റെ ഏടുകൾ എങ്ങനെ കൊച്ചു മനസ്സുകളിലെത്തിക്കണമെന്ന് ടീച്ചർക്കറിയാം. ക്ലാസ്സിനിടയ്ക്ക് കളിക്കുന്നവരെ ടീച്ചർ നന്നായി വഴക്കുപറയും. എന്തുകൊണ്ടോ എനിക്ക് ടീച്ചറുടെ ക്ലാസ്സുകൾ ഇഷ്ടമായിരുന്നു. ഒപ്പം ടീച്ചറെയും.

എൻ്റെ പഠനത്തിലുള്ള താൽപര്യം കണ്ട് അന്ന് ആറാം ക്ലാസിൽ പഠിക്കുന്ന എന്നോട് ടീച്ചർ പറഞ്ഞു "ഹസീന നീ മിടുക്കിയാണ്‌. പക്ഷേ കഷ്ടപ്പെടാൻ തയ്യാറാവണം. പരിശ്രമിക്കുന്നവരെ ദൈവം കൈവിടില്ല .നീയൊരു സ്ഥാനത്തെത്തും തീർച്ച" ഇതാണ് എൻ്റെ ജീവിതത്തെ മുന്നോട്ട് നടത്തിയത്.

ഞാൻ കഷ്ടപ്പെടാൻ തീരുമാനിച്ചു,പരിശ്രമിച്ചു. ഈ നിമിഷം വരെ ദൈവം എന്നെ കൈവിട്ടില്ല. എൻ്റെ ജീവിതത്തിൽ ഞാൻ എന്തെങ്കിലും നേടിയെങ്കിൽ അതിനു പുറകിൽ ടീച്ചറുടെ ഈ വാചകങ്ങളുമുണ്ട്. ആ വാക്കുകൾക്ക് ഇത്രമാത്രം കരുത്തുണ്ടാവുമെന്ന് അന്നെനിക്കറിയില്ലായിരുന്നു. പക്ഷേ...

ടീച്ചർ നേരത്തെ പോയി, ഈ വാക്കുകൾ എനിക്ക് സമ്മാനിച്ചുകൊണ്ട്... ടീച്ചർ സ്കൂളിലേക്ക് നടന്നു പോകുന്ന രംഗം ഇപ്പോഴും ഞാനോർമ്മിക്കുന്നു. തൻ്റെ രണ്ടു കുഞ്ഞുങ്ങളെ ചിറകിനുള്ളിലൊളിപ്പിച്ച് ഓടി നടക്കുന്ന അമ്മക്കോഴിയെപ്പോലെ.

അടുത്ത വ്യക്തിയെക്കുറിച്ച് എങ്ങിനെ പറയണമെന്നറിയില്ല. ഇംഗ്ലീഷ് ഭാഷയുടെ ലോകത്തേയ്ക്ക് പിച്ച നടത്തിച്ച എൻ്റെ പ്രിയ ഗുരുനാഥൻ, കൃഷ്ണൻകുട്ടി സാർ.

എൻ്റെ ജീവിതത്തിൽ എന്താണ് സാറെനിക്ക് ചെയ്തു തന്നതെന്ന് ഓർക്കുമ്പോൾ ദൈവത്തിനും മീതെയാണ് ഞാൻ സാർക്കു നൽകുന്ന സ്ഥാനം. അഞ്ചു മുതൽ 7വരെയാണ് സാർ എന്നെ പഠിപ്പിച്ചിട്ടുള്ളത്.

സാർ എൻ്റെ ഉമ്മയെയും പഠിപ്പിച്ചിട്ടുണ്ട്. അന്ന് ഇടയ്ക്കിടെ സാർ എന്നോടു പറയുന്ന ഒരു കാര്യമുണ്ട്. "നിൻ്റെ ഉമ്മയ്ക്ക് ഇവിടെ പഠിക്കുമ്പോഴാണ് കല്യാണം കഴിഞ്ഞത്. (ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് എൻ്റെ ഉമ്മയുടെ കല്യാണം). ഞാൻ കല്യാണത്തിനു പോയിട്ടുണ്ട്.

എനിക്ക് അത്ഭുതമായിട്ടുണ്ട്, ഇത്ര ചെറിയ കുട്ടിയെ എന്തിനാണ് കല്യാണം കഴിച്ചു കൊടുത്തതെന്ന്. നീ അങ്ങനെയാവരുത് നന്നായി പഠിച്ചോളൂ'' ഞാനിത് ഉമ്മയോടു പോയി പറയാറുണ്ട്.

ഉമ്മ പറയും " ശരിയാണ്, എൻ്റെ കല്യാണത്തിന് കൃഷ്ണൻകുട്ടി മാഷും, ചന്ദ്രൻ മാഷും വന്നിട്ടുണ്ട്. " ഞാൻ ഏഴാം ക്ലാസ്സ് കഴിഞ്ഞ് ഹൈസ്കൂളിൽ ചേരാൻ പോകുമ്പോഴും സാർ പറഞ്ഞു "നീയൊരു ജോലി വാങ്ങണം. ഉമ്മയെപ്പോലെയാവാൻ ഞാൻ സമ്മതിക്കില്ല ട്ടോ.

" ഞാനത് മറന്നെങ്കിലും ഈ വാക്ക് അദ്ദേഹം പാലിച്ചു. എങ്ങിനെയെന്നല്ലേ... എൻ്റെ പത്താംതരം റിസൾട്ട് വന്നതിൻ്റെ തൊട്ടടുത്ത ദിവസം സാർ എൻ്റെ വീട്ടിൽ വന്നു. എൻ്റെ വാപ്പയോടും ഉമ്മയോടും സംസാരിച്ചു. "ഇവൾക്ക് നല്ല മാർക്കുണ്ട്. നിങ്ങൾ ഇവളെ ടി.ടി.സി ക്ക് വിടണം" ഇതായിരുന്നു സാറുടെ ആവശ്യം. റിസൾട്ട് ഞാൻ സാറിനെ അറിയിച്ചു പോലുമില്ല. സാർ അന്വേഷിച്ച് അറിഞ്ഞ് വന്നതാണ്.

ആ കരുതൽ, സ്നേഹം.

നോക്കൂ ആ ഗുരുനാഥന്റെ പ്രതിബദ്ധത. സാറിൻ്റെ മനസ്സിൻ്റെ വലിപ്പവും, മഹത്വവുമല്ലാതെ വേറൊന്നുമല്ല. എത്ര പേർക്ക് കഴിയും ഇങ്ങനെയൊക്കെ ?..

"നിങ്ങൾ സമ്മതിച്ചാൽ മതി, അപേക്ഷ ഞാനയക്കാം" എന്തു പഠിക്കണമെന്നതിനെക്കുറിച്ച് ഞങ്ങൾക്കന്ന് ഒരറിവുമില്ലായിരുന്നു.

ടി.ടി.സി എന്ന വാക്ക് പോലും ഞങ്ങളാദ്യമായി കേൾക്കുകയാണ്. വെറുതെ പ്രീഡിഗ്രിയ്ക്ക് ചേരണം എന്നു മാത്രം വിചാരിച്ച എന്നെ അധ്യാപിക എന്ന ചിന്തയിലേക്ക് ഉയർത്തിയത് സാറാണ്.

അവിടം കൊണ്ടും തീർന്നില്ല. കൃത്യം ആ വർഷം മാർച്ചിൽ ടി.ടി.സി യ്ക്ക് അപേക്ഷിക്കേണ്ട സമയത്ത് സാർ വീണ്ടും വരികയും സർട്ടിഫിക്കറ്റ് വാങ്ങി , ടി.ടി.സി അപേക്ഷ ഫോം പൂരിപ്പിച്ച് റെഡിയാക്കി തരികയും ചെയ്തു.

അഡ്രസ്സ് അടക്കം എഴുതിയ ആ കവർ ഞങ്ങൾക്ക് പോസ്റ്റ് ചെയ്യേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. സാറുടെ ഭംഗിയുള്ള കൈയക്ഷരത്തിൽ പൂരിപ്പിച്ച ആ അപേക്ഷയാണ് എന്നെ ഒരധ്യാപികയാക്കിയത്.

ഏറ്റവും ദുഃഖകരമായ വസ്തുത എന്നത്, അന്ന് ഇതിൻ്റെയൊന്നും പ്രാധാന്യം എനിക്കറിയില്ലായിരുന്നു. രണ്ടു വർഷത്തെ കോഴ്സ് കഴിഞ്ഞു വന്ന ഞാൻ സാറിനോട് ഒരു നന്ദി വാക്കു പോലും പറഞ്ഞില്ല. എനിക്കറിയില്ലായിരുന്നു സാറെനിക്ക് ഒരു ജീവിതമാണ് നൽകിയതെന്ന്.

കോഴ്സ് കഴിഞ്ഞ ഉടനെ വിവാഹം കഴിഞ്ഞു. എൻ്റെ വിവാഹത്തിന് സാർ വന്നു. എന്തുമാത്രം സംതൃപ്തിയാവണം അന്നദ്ദേഹത്തിന് ഉണ്ടായിരിക്കുക, ഒരു ശിഷ്യയുടെ ജീവിതത്തെക്കുറിച്ച് പോലും അദ്ദേഹത്തിനുണ്ടായിരുന്ന ദീർഘവീക്ഷണം ഇന്ന് എന്നെ അമ്പരപ്പിക്കുന്നു.

സാറെന്നെ ടി.ടി.സിക്ക് വിട്ടില്ലായിരുന്നെങ്കിൽ ഞാൻ ഒരു പക്ഷേ ഡിഗ്രി പോലും പൂർത്തിയാക്കാതെ പഠനം നിലച്ച് വീട്ടമ്മയായി ഒതുങ്ങിയേനെ...

ഇതാണ് മാതൃക. 'സമൂഹത്തിനു മുന്നിൽ തുറന്നു പറയാനുള്ള ഒരു മാതൃക' നന്ദിയുണ്ട് സാർ... അറിവു മാത്രമല്ല, ഒരു തൊഴിൽ... അല്ല, ഒരു ജീവിതം തന്നെ തന്നതിന്... അതിലൂടെ അനേകം പേരുടെ ജീവിതത്തിന് ഒരു തണലു നൽകാൻ കഴിഞ്ഞതിന്.... ഇതിനപ്പുറം ഒരു ഗുരുനാഥൻ എന്താണ് ചെയ്യേണ്ടത് ? എനിക്കറിയില്ല...

എന്നിട്ടും, എൻ്റെ അറിവില്ലായ്മയിൽ ആ വലിയ മനസ്സു കാണാനോ നന്ദി വാക്കു ചൊല്ലാനോ കഴിയാത്ത ദു:ഖം, കുറ്റബോധം എൻ്റെയുള്ളം പൊള്ളിക്കുന്നു.. തിരിച്ചറിവു വന്നപ്പോഴേയ്ക്കും അങ്ങ് പോയ് കഴിഞ്ഞില്ലേ.. തീർക്കാനാവാത്ത കടപ്പാട്.

എങ്കിലും ആരും കാണാ ലോകത്തിരുന്ന് സാർ എന്നെ മനസ്സിലാക്കുന്നു എന്നു തന്നെ ഞാൻ വിശ്വസിക്കട്ടെ..... പ്രണാമം.

Advertisment