Advertisment

കഴിഞ്ഞ 5 വര്‍ഷത്തിനിടെ സോഷ്യല്‍മീഡിയ വഴി പങ്കുവച്ചത് 5800 മരണവാര്‍ത്തകള്‍, മരണവിവരം അറിയിക്കാന്‍ മാത്രം 50 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍; ഹംസുവിന്റെ വ്യത്യസ്തമായ സേവനം ഇങ്ങനെ

New Update

മലപ്പുറം: സന്തോഷം പങ്കുവെയ്ക്കാനും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനുമാണ് ചിലര്‍ മുഖ്യമായി സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നത്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാകുകയാണ് പെരിന്തല്‍മണ്ണ സ്വദേശിയായ താമരത്ത് ഹംസു. സഹകരണ ബാങ്കില്‍ നിന്ന് വിരമിച്ച ഈ 65 കാരന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി മരണവിവരങ്ങള്‍ മാത്രമാണ് സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്.

Advertisment

publive-image

മരണം വളരെ വൈകാരികമായ ഒന്നാണ്. വിവരങ്ങള്‍ തെറ്റുകൂടാതെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഈ സാമൂഹിക സേവനം ആരംഭിച്ചതെന്നും അദ്ദേഹം പറയുന്നു.

മറ്റുളള മരണവാര്‍ത്തകളില്‍ നിന്ന് വ്യത്യസ്തമാണ് താമരത്ത് ഹംസു സോഷ്യല്‍മീഡിയ വഴി ജനങ്ങളെ അറിയിക്കുന്ന വിവരങ്ങള്‍. വിശദമായാണ് മരണവാര്‍ത്ത നല്‍കുന്നത്. കുടുംബത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് വസ്തുതാപരമായി തെറ്റില്ലെന്ന് ഉറപ്പാക്കിയാണ് വിവരങ്ങള്‍ പങ്കുവെയ്ക്കുന്നത്.

അതുകൊണ്ട് തന്നെ പ്രദേശത്തുളള നിരവധിപ്പേരാണ് മരണവാര്‍ത്ത നല്‍കാനായി താമരത്ത് ഹംസുവിനെ സമീപിക്കുന്നത്. പ്രതിദിനം ശരാശരി മൂന്ന് മുതല്‍ അഞ്ചുവരെ മരണവാര്‍ത്തകള്‍ നല്‍കാറുണ്ടെന്ന് താമരത്ത് ഹംസു പറയുന്നു.

2015 നവംബറിലാണ് ആദ്യമായി താമരത്ത് ഹംസു മരണവാര്‍ത്ത നല്‍കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 5800 മരണവാര്‍ത്തകളാണ് സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്.  മറ്റു കാര്യങ്ങള്‍ ഒന്നും തന്നെ അദ്ദേഹം ഇക്കാലത്തിനിടയ്ക്ക് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം വഴി പങ്കുവെച്ചിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

ഫെയ്‌സ്ബുക്ക് പേജിന് പുറമേ 50 ഓളം വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ഇദ്ദേഹം നിയന്ത്രിക്കുന്നുണ്ട്. ഓരോന്നിലും 257 വീതം അംഗങ്ങളുണ്ട്. മരണ വാര്‍ത്തകള്‍ എന്ന പേരിലാണ് ഗ്രൂപ്പുകള്‍. താന്‍ അംഗമായ മറ്റ് 50 വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഇദ്ദേഹം വിവരങ്ങള്‍ പതിവായി കൈമാറി വരുന്നുണ്ട്. ഇതിന് പുറമേ ടെലിഗ്രാം ഗ്രൂപ്പ് വഴിയും വാര്‍ത്തകള്‍ കൈമാറുന്നുണ്ട്.

social media facebook
Advertisment