Advertisment

ഹാര്‍ദിക് പാണ്ഡ്യയെ ‘ഹാര്‍പ്പിക് പാണ്ഡ്യ’യെന്ന് വിളിച്ച പാക് ആരാധകന് പൊങ്കാലയിട്ട് ഇന്ത്യക്കാര്‍

New Update

മുംബൈ: തകര്‍ച്ചയുടെ വക്കിലായിരുന്ന ഇന്ത്യയെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ രക്ഷിച്ചത് ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മികവാണ്. ഒരേ സമയം ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീം ഇന്ത്യയ്ക്ക് വലിയ മുതല്‍ക്കൂട്ടായി മാറിയിരിക്കുകയാണ് പാണ്ഡ്യ. താരത്തിന്റെ പ്രകടനത്തെ സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

Advertisment

എന്നാല്‍ പാണ്ഡ്യയുടെ പ്രകടനം മോശമായിരിക്കും എന്നു പ്രവചിച്ച പാകിസ്താന്‍ ആരാധകനെ സോഷ്യല്‍ മീഡിയ ഇപ്പോള്‍ പൊങ്കാലയിടുകയാണ്. മത്സരം തുടങ്ങും മുമ്പായിരുന്നു ഇയാളുടെ ട്വീറ്റ്. ദക്ഷിണാഫ്രിക്കയില്‍ പാണ്ഡ്യ പരാജയപ്പെടുമെന്നു പറഞ്ഞ അഹമ്മദ് എന്നയാള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ‘ഹാര്‍പ്പിക് പാണ്ഡ്യ’യെന്നും വിളിച്ചിരുന്നു.

publive-image

പാണ്ഡ്യ തന്റെ ഗംഭീര പ്രകടനം പുറത്തെടുത്തതോടെ ഇയാളുടെ ട്വീറ്റ് തേടി പിടിച്ചെത്തിയ ഇന്ത്യന്‍ ആരാധകര്‍ പൊങ്കാലയിട്ടു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ആര്‍.എസ്. സോദിയേയും സ്റ്റുവര്‍ട്ട് ബിന്നിയേയും പോലെ പാണ്ഡ്യയും പരാജയപ്പെട്ട ഓള്‍ റൗണ്ടര്‍ ആകുമെന്നായിരുന്നു അഹമ്മദിന്റെ ട്വീറ്റ്. എന്നാല്‍ ഇതുപറഞ്ഞ അഹമ്മദ് ഇപ്പോള്‍ ജീവനോടെയുണ്ടോ എന്നാണ് ഇന്ത്യന്‍ ആരാധകര്‍ ചോദിക്കുന്നത്. ഇന്നലെ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ കനത്ത തോല്‍വിയില്‍ നിന്നും കരകയറ്റിയത്. അര്‍ധസെഞ്ച്വറിയോടെ ടീമിനെ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ച പാണ്ഡ്യ ബൗളിംഗിലും തിളങ്ങി. ആതിഥേയരുടെ രണ്ടു വിക്കറ്റ് സ്വന്തമാക്കിയതും പാണ്ഡ്യയാണ്.

43 പന്തില്‍ ഏഴു ബൗണ്ടറികളോടെ 34 റണ്‍സെടുത്ത മര്‍ക്രത്തെ ഭുവനേശ്വര്‍ കുമാറിന്റെ കൈകളിലെത്തിച്ച പാണ്ഡ്യ, 54 പന്തില്‍ നാലു ബൗണ്ടറികളോടെ 25 റണ്‍സെടുത്ത എല്‍ഗാറിനെ സാഹയുടെ കൈകളിലെത്തിച്ചാണ് ടീമിന് രണ്ടാം വിക്കറ്റ് സമ്മാനിച്ചത്.

നേരത്തെ എട്ടാം വിക്കറ്റില്‍ പാണ്ഡ്യയും ഭുവനേശ്വര്‍ കുമാറുമാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ ലീഡ് നേടുന്നതില്‍ നിന്ന് തടഞ്ഞത്. പാണ്ഡ്യ അര്‍ഹിച്ച സെഞ്ച്വറിയ്ക്ക് ഏഴു റണ്‍സകലെ പുറത്തായി. ഭുവനേശ്വര്‍ കുമാര്‍ 25 റണ്‍സെടുത്തു.

95 പന്തുകള്‍ നേരിട്ട ഹാര്‍ദിക് 14 ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെയാണ് 93 റണ്‍സെടുത്തത്. കഗീസോ റബാഡയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കിന് ക്യാച്ച് സമ്മാനിച്ചാണ് പാണ്ഡ്യ മടങ്ങിയത്. 86 പന്തുകള്‍ നേരിട്ട ഭുവി, നാലു ബൗണ്ടറികളോടെ 25 റണ്‍സെടുത്തു. മോണി മോര്‍ക്കലാണ് ഭുവനേശ്വറിനെ മടക്കിയത്.

Advertisment