Advertisment

ഗർഭാശയ അർബുദം; അറിയാം, പ്രതിരോധിക്കാം

New Update
2xx22.jpg

 

Advertisment



ഒറ്റദിവസം കൊണ്ട് രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളിൽ അഞ്ഞൂറിലേറെ തലക്കെട്ടുകളിൽ പ്രത്യക്ഷപ്പെട്ട രോഗമാണ് ഇപ്പോൾ സെർവിക്കൽ കാൻസർ. ഇടക്കാല ബജറ്റിൽ പെൺകുട്ടികൾക്ക് പ്രതിരോധമരുന്ന് സൗജന്യമായി നൽകുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെ ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡേ സ്വന്തം മരണവാർത്ത വ്യാജമായി സൃഷ്ടിച്ചുകൊണ്ടാണ് സെർവിക്കൽ കാൻസറിനെ കുറിച്ചുള്ള ചർച്ചകൾ കൂടുതൽ സജീവമാക്കിയത്. 

പ്രതിരോധ മരുന്ന് സ്വീകരിച്ചുകൊണ്ട് പൂർണമായും തടയാൻ കഴിയുന്ന ഒരു രോഗമാണ് ഗർഭാശയ ക്യാൻസർ. എന്നാൽ അതിന്റെ പരിശോധന സംബന്ധിച്ചും, എച്ച്പിവി വാക്സിനേഷന്റെ പ്രാധാന്യത്തെ കുറിച്ചും ഇന്ത്യയിൽ അവബോധം വളരെ കുറവാണ്. ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ ലഭ്യതക്കുറവും രാജ്യത്ത് ഗർഭാശയ അർബുദത്തിന്റെ തോത് ഉയരാൻ ഒരു കാരണമാണ്.

യോനിയിലേക്ക് തുറക്കുന്ന ഗർഭാശയത്തിന്റെ  താഴ്ഭാഗമായ സെർവിക്സിനെ ബാധിക്കുന്ന ഒരു തരം ക്യാൻസറാണ് സെർവിക്കൽ ക്യാൻസർ. സെർവിക്സിലെ കോശങ്ങളുടെ അസാധാരണ വളർച്ച മൂലമാണ് ഈ രോഗം വികസിക്കുന്നത്. ഇത് സാധാരണയായി ഹ്യൂമൻ പാപ്പിലോമ വൈറസ് മൂലമാണ് ഉണ്ടാകുന്നത്. എച്ച്പിവി അണുബാധ സെർവിക്സ് കോശങ്ങളെ ബാധിക്കുകയും ഒരു കാലയളവിന് ശേഷം അവ ക്യാൻസറായി മാറുകയും ചെയ്യുന്നു. അത് ചിലപ്പോൾ വർഷങ്ങൾ എടുത്തേക്കും. ഏത് പ്രായത്തിലുള്ളവർക്കും  അപകടസാധ്യതയുണ്ടെങ്കിലും, സെർവിക്കൽ ക്യാൻസർ കൂടുതലായും മുപ്പതിനും അറുപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് കണ്ടെത്തിയിട്ടുള്ളത്.  സെർവിക്കൽ ക്യാൻസറിന്റെ ലക്ഷണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾക്ക് എന്തെങ്കിലും ആശങ്കകളുണ്ടെങ്കിൽ അക്കാര്യം ഡോക്ടറുമായി സംസാരിക്കുകയും വേണം.



സെർവിക്കൽ ക്യാൻസറിന്റെ ലക്ഷണങ്ങൾ

 • അസാധാരണമായ യോനി രക്തസ്രാവം - ലൈംഗിക ബന്ധത്തിന് ശേഷമോ, ആർത്തവകാലത്തോ,  ആർത്തവവിരാമത്തിന് ശേഷമോ അനുഭവപ്പെടുക.

• ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന അനുഭവപ്പെടുക.

• വജൈനൽ ഡിസ്ചാർജ് വർദ്ധിക്കുക.

• അടിവയറ്റിൽ ഉണ്ടാകുന്ന വേദന.



സെർവിക്കൽ ക്യാൻസറിന്റെ കാരണങ്ങൾ

• എച്ച്പിവി അണുബാധ

• ജീവിതശൈലി വ്യതിയാനങ്ങൾ 

• ദുർബലമായ പ്രതിരോധ ശേഷി



മിക്ക കേസുകളിലും, സെർവിക്കൽ ക്യാൻസർ അതിന്റെ പ്രാരംഭ ഘട്ടത്തിൽ രോഗലക്ഷണങ്ങൾ കാണിക്കാറില്ല.  പാപ്പ് ടെസ്റ്റ് പോലെയുള്ള  പരിശോധനകളിലൂടെയാണ് പലപ്പോഴും രോഗം കണ്ടെത്താറുള്ളത്. നേരത്തെയുള്ള രോഗ നി‍ർണയവും ചികിത്സയും സെർവിക്കൽ ക്യാൻസർ ഭേദമാക്കാനുള്ള സാധ്യതകൾ കൂട്ടുന്നു.  വാക്സിൻ നൽകുന്നതിലൂടെ ഗർഭാശയ അർബുദം തടയാനാകും. ഒൻപത് മുതൽ 26 വയസ്സ് വരെയുള്ളവർക്കാണ് ഈ വാക്സിൻ നൽകുന്നത്. 

സെർവിക്കൽ ക്യാൻസറിനുള്ള ചികിത്സ ക്യാൻസ‍റിന്റെ ഘട്ടങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.  ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി,  തുടങ്ങി വിവിധ ചികിത്സ രീതികൾ ഇതിനായുണ്ട്. പാപ്പ് ടെസ്റ്റ് പോലെയുള്ള പതിവ് ഗർഭാശയ കാൻസർ പരിശോധനകൾ, രോഗം നേരത്തേ കണ്ടെത്താൻ സഹായിക്കും. ചികിത്സ ആദ്യ ഘട്ടത്തിൽ തന്നെ തുടങ്ങാനും ഇതുവഴിയാകും. ട്യൂമറിന്റെ പ്രാരംഭ ഘട്ടത്തിൽ, ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കാൻ സാധിക്കും. കൂടുതൽ വികസിച്ച മുഴകൾ കീമോതെറാപ്പിയും റേഡിയേഷനും ഉപയോഗിച്ച് ചികിത്സിക്കണം. റേഡിയേഷൻ സാധാരണ അഞ്ച് മുതൽ  ആറ് ആഴ്ച വരെ നീണ്ടുനിൽക്കും. റേഡിയേഷന്റെ ഫലങ്ങൾ പരമാവധി ലഭിക്കാൻ, കീമോതെറാപ്പി ആഴ്ചതോറും നടത്തുകയും ചെയ്യാം. ഇതോടൊപ്പം, ട്യൂമർ ചുരുക്കി  രോഗശമനം ഏറ്റവും ഫലപ്രദമാക്കാൻ രണ്ട് ആന്തരിക റേഡിയേഷനുകളും സാധാരണയായി നൽകാറുണ്ട്. സ്റ്റേജ് 4 കാൻസർ ബാധിച്ച്, മറ്റ് അവയവങ്ങളിലേക്കും വ്യാപിച്ച രോഗികൾക്ക് അവരുടെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ കീമോതെറാപ്പി നൽകുകയും ചെയ്യുന്നു.

എച്ച്‌പിവിയ്‌ക്കെതിരെ വാക്‌സിനേഷൻ എടുക്കുന്നതിലൂടെയും സുരക്ഷിതമായ ലൈംഗികത പരിശീലിക്കുന്നതിലൂടെയും പതിവായി പാപ് ടെസ്റ്റുകൾ നടത്തുന്നതിലൂടെയും ഗർഭാശയ അർബുദം തടയാൻ സാധിക്കും. 

ഓരോ വർഷവും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സ്ത്രീകൾക്കാണ് സെർവിക്കൽ ക്യാൻസർ ബാധിക്കുന്നത്. നേരത്തെ  കണ്ടെത്തി കൃത്യമായി ചികിത്സ നേടിയാൽ രോഗത്തെ നമുക്ക് അതിജീവിക്കാം.  സെർവിക്കൽ ക്യാൻസറിൻ്റെ   അപകടസാധ്യതകളെ കുറിച്ചും, നിരന്തര പരിശോധനകളുടെ ആവശ്യകതയെ കുറിച്ചും  സ്ത്രീകളെ ബോധവത്കരിക്കേണ്ടത് പ്രധാനമാണ്.

തയ്യാറാക്കിയത് : ഡോ. അരുൺ വാരിയർ, സീനിയർ കൺസൾട്ടന്റ്, മെഡിക്കൽ ഓങ്കോളജി, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി

Advertisment