Advertisment

അമിതമായ എസി ഉപയോഗം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ അറിഞ്ഞിരിക്കാം

New Update
air conditioning1.jpg

 എസിയില്ലാതെ ഒരു മണിക്കൂര്‍ പോലും ജീവിക്കാന്‍ കഴിയാത്ത   അവസ്ഥയിലാണ് ഇന്ന് പലരും . ഓഫീസിലും വീട്ടിലും എന്നു തുടങ്ങി യാത്രയില്‍ പോലും ഫുള്‍ടൈം എസി. കഠിനമായ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ എസി സഹായിക്കുന്നു എന്നതിനപ്പുറം അമിതമായ എസിയുടെ ഉപയോഗം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

Advertisment

കഠിനമായ ചൂട് ശാരീരികവും മാനസികവുമായ കാര്യക്ഷമത കുറയ്ക്കും. ഇത്തരം സാഹചര്യത്തിലാണ് ശരീരത്തിന്റെ ക്ഷീണം കുറച്ച് ഉന്മേഷം പ്രദാനം ചെയ്യാന്‍ എസി സഹായിക്കുന്നത്. എസിയുടെ സുഖശീതളിമയില്‍ തൊഴില്‍ നന്നായി ചെയ്യാന്‍ കഴിയുന്നു. കാറ്റിന് വേണ്ടി ഉപയോഗിക്കുന്ന ഫാന്‍ സൃഷ്ടിക്കുന്ന ശബ്ദമലിനീകരണം കുറയ്ക്കാന്‍ ഇത് സഹായിക്കും. ബാഹ്യമായ പൊടിയും പുകയും ഗന്ധവും ഒരു പരിധി വരെ തടയാനും പ്രാണിശല്യം ഒഴിവാക്കാനും എസിക്ക് സാധിക്കും.

എന്നാല്‍ എസിയുടെ തണുപ്പ് തുടര്‍ച്ചയായി എല്‍ക്കുന്നത് ശരീരത്തിലെ ജലാംശം വലിച്ചെടുത്ത് ചര്‍മ്മം വരണ്ടു പോവുന്നതിന് കാരണമാവും. ഇത് ത്വക്ക് രോഗങ്ങള്‍ ഉണ്ടാക്കും. സോറിയാസിസ് പോലുള്ള രോഗങ്ങള്‍ ഉള്ളവരില്‍ തൊലി ചെതുമ്പല്‍ പോലെ ഇളകും. ചൊറിച്ചില്‍ വര്‍ധിക്കുകയും ചെയ്യും. ധാരാളം വെള്ളം കുടിക്കുക, എയര്‍ കണ്ടീഷന്‍ നേരിട്ട് ഏല്‍ക്കുന്ന സാഹചര്യങ്ങളില്‍ നിന്നും മാറിനില്‍ക്കുക എന്നിങ്ങനെയുള്ള മുന്‍കരുതലുകള്‍ മാത്രമാണ് എസി ശരീരത്തില്‍ ഉണ്ടാക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടുള്ളത്. 

ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ സ്‌ക്രീനില്‍ നിന്നുള്ള ചൂടും കൂടി ഏല്‍ക്കുമ്പോള്‍ മുഖത്തേയും കണ്ണിലേയും വരള്‍ച്ച വര്‍ധിക്കാന്‍ ഇടയുണ്ട്. ഇത് ഒഴിവാക്കാന്‍ കണ്ണുകള്‍ ശുദ്ധജലത്തില്‍ കഴുകണം. കണ്ണിന് വല്ലാതെ വരള്‍ച്ച അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇത് നിയന്ത്രിക്കാനുള്ള ഐ ഡ്രോപ്പുകള്‍ ഉപയോഗിക്കണം. മുഖവും ചര്‍മ്മവും വരണ്ടുപോവുന്നതിനും പരിഹാരം കാണണം.

ചെറുപ്പം മുതല്‍ എസി ഉപയോഗിക്കുന്നവര്‍ക്ക് സ്വാഭാവിക കാലാവസ്ഥയിലേക്കിറങ്ങുമ്പോള്‍ അലര്‍ജി ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ജലദോഷം, ശ്വാസകോശവുമായി ബന്ധപ്പെട്ട പലതരം രോഗങ്ങള്‍ എസിയുടെ ക്രമാതീതമായ ഉപയോഗം വിളിച്ചു വരുത്തും. വിട്ടുമാറാത്ത ജലദോഷം, തൊണ്ടവേദന, തൊണ്ടയടപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നതും അമിതമായ എസി ഉപയോഗത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളായി കണ്ടു വരുന്നുണ്ട്. 

എസിയുടെ ഫില്‍റ്റര്‍ കൃത്യമായ ഇടവേളകളില്‍ ക്ലീന്‍ ചെയ്യണം. വാതിലുകളും ജനാലകളും തുറന്ന് വെച്ച് അകത്തേക്ക് ശുദ്ധവായു പ്രവേശിപ്പിക്കണം. ഫില്‍റ്റര്‍ മാറ്റാതിരുന്നതാല്‍ അലര്‍ജി ഉണ്ടാക്കുന്ന കണങ്ങള്‍ മുറിക്കുള്ളില്‍ നിന്നും പുറത്തുപോവാതെ വരും. ധാരാളം പേര്‍ ഒരുമിച്ച് ജോലി ചെയ്യുന്ന ഓഫീസില്‍ ഏതെങ്കിലും ഒരാള്‍ക്ക് അണുബാധ ഉണ്ടായാല്‍ അത് വളരെ പെട്ടന്ന് മറ്റുള്ളവരിലേക്കും പടരും. 

വാതരോഗങ്ങള്‍ അലട്ടുന്നവര്‍ എസിയുടെ ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ അസുഖത്തിന്റെ തീവ്രതയും പരിണിത ഫലങ്ങളും രൂക്ഷമാവും. തണുപ്പേറ്റാല്‍ സന്ധിവാതം വര്‍ധിക്കും. ആമവാതം പോലുള്ള രോഗങ്ങള്‍ തീവ്രമാകും. സന്ധികള്‍ മടക്കാനും നിവര്‍ത്താനുള്ള ബുദ്ധിമുട്ടും തണുപ്പേല്‍ക്കുന്നതിലൂടെ വര്‍ധിക്കുന്നതിനു പുറമേ പേശികളുടെ വേദനയും തരിപ്പും വര്‍ധിക്കാനും ഇടയാക്കും.

Advertisment