Advertisment

പ്രളയദുരിതം : സി പി എം ശൈലിയെപ്പറ്റി ആത്മപരിശോധന നടത്തണം : കല്ലാര്‍

New Update

തൊടുപുഴ : പ്രളയദുരിതങ്ങളുമായി ബന്ധപ്പെട്ട്‌ എല്‍.ഡി.എഫ്‌ ഭരണത്തെ മുന്‍നിര്‍ത്തി രാഷ്‌ട്രീയേതര, പൊതുസമൂഹ വികാരമുണരണമെന്ന്‌ ആവര്‍ത്തിക്കുന്ന സി പി എം പാര്‍ട്ടി തങ്ങളാണ്‌ ഭരണത്തിലെന്നുള്ളത്‌ കൊണ്ടാണ്‌ അങ്ങനെ പറയുന്നതെന്നും മറിച്ച്‌ യു ഡി എഫ്‌ ആയിരുന്നു സംസ്ഥാന ഭരണത്തിലെങ്കില്‍ യാതൊരു മനസ്സാക്ഷിയുമില്ലാതെ പെരുമാറിയേനെയെന്നും ഈ ശൈലിയെപ്പറ്റി അവര്‍ ആത്മപരിശോധന ചെയ്യണമെന്നും ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു.

Advertisment

ദുരന്തമുഖങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാരിന്‌ അകമഴിഞ്ഞ പിന്തുണയാണ്‌ യു ഡി എഫ്‌ നല്‍കിയത്‌. എന്നാല്‍ പ്രതിപക്ഷനേതാവടക്കം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ വൈകല്യങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അതിനെ തികഞ്ഞ അസഹിഷ്‌ണുതയോടെയാണ്‌ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ട്‌ സി പി എം പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നത്‌. സംസ്ഥാനം നേരിട്ട എല്ലാ കെടുതികളോടും മുന്‍കാലങ്ങളിലും ഇപ്പോഴും യു ഡി എഫ്‌ രാഷ്‌ട്രീയേതര മനസ്സോടെയാണ്‌ കണ്ടതെങ്കില്‍ സി പി എം അങ്ങനെയാണോ സമീപിച്ചതെന്ന്‌ ആത്മപരിശോധന നടത്തണം.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊതുവിഷയങ്ങളില്‍ സി പി എം സ്വീകരിച്ച നിലപാട്‌ എത്രമാത്രം കര്‍ക്കശമായിരുന്നു.ജില്ലയിലെ പ്രളയക്കെടുതികളിലും ദുരിതാശ്വാസരംഗത്തും യു ഡി എഫ്‌ ഈ സര്‍ക്കാരിന്‌ അനുസൃതമായി നിലകൊണ്ടു. സര്‍വ്വകക്ഷിയോഗത്തില്‍ പരസ്യമായി പ്രകടിപ്പിച്ചു. പക്ഷെ സി പി എം ജില്ലയിലുടനീളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ക്യാമ്പുകളെയും രാഷ്‌ട്രീയവത്‌ക്കരിക്കാനാണ്‌ ശ്രമിച്ചത്‌.

തമിഴ്‌നാടും കര്‍ണ്ണാടകയും ആന്ധ്രയുമടക്കം നിത്യോപയോഗസാധനങ്ങളിലൂടെ കാരുണ്യപ്രവാഹം നടത്തിയപ്പോള്‍ അതിനെ പിടിച്ചെടുത്ത്‌ സി പി എം നല്‍കുന്നതായി ചിത്രീകരിക്കാന്‍ ശ്രമിച്ചു.

കൊടികെട്ടിയ വാഹനത്തില്‍ സാധനങ്ങള്‍ കൊണ്ടുപോകരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം കാറ്റില്‍ പറത്തി സി പി എം നേതാക്കള്‍ സാധനസാമഗ്രികള്‍ പാര്‍ട്ടി ഓഫീസുകളിലൂടെ വിതരണം ചെയ്‌തു. കഴിഞ്ഞ ഒരു ഓണക്കാലത്തും കിറ്റ്‌ വിതരണം നടത്താത്ത സി പി എം ഭരണസ്വാധീനം ഉപയോഗിച്ച്‌ ദുരിതാശ്വാസത്തിനായി കൊണ്ടുവന്ന സാധനങ്ങള്‍ ഓണക്കിറ്റായി തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ വിതരണം ചെയ്‌തു.

ഇത്തരത്തില്‍ മൂന്നാറിലേയ്‌ക്ക്‌ കൊണ്ടുവന്ന സാധനങ്ങള്‍ കയറ്റിയ ലോറിയാണ്‌ മുന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും സി പി ഐ നേതാവുമായ പി പളനിവേലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞിട്ട്‌ തിരികെ ക്യാമ്പിലെത്തിച്ചത്‌. അടിമാലിയില്‍ സാധനസാമഗ്രികള്‍ തട്ടാനുള്ള ശ്രമം നാട്ടുകാര്‍ ചെറുത്തതിനെ തുടര്‍ന്ന്‌ പഞ്ചായത്ത്‌ അധികാരികള്‍ വേറെ താഴിട്ട്‌ പൂട്ടുകയുണ്ടായി. അടിമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ്‌ ജില്ലാ കളക്‌ടറുമായി ബന്ധപ്പെട്ടാണ്‌ സാധനങ്ങള്‍ തിരികെ പിടിച്ചത്‌. നിരവധി സ്ഥലത്തു നിന്നും ഇത്തരത്തില്‍ ആക്ഷേപങ്ങളുണ്ടായി.

നിയമസഭയില്‍ പ്രളയക്കെടുതി സംബന്ധിച്ച ചര്‍ച്ചയില്‍ വൈദ്യുതി മന്ത്രി എന്ന നിലയില്‍ അവസരം ലഭിക്കുമായിരുന്നിട്ടും ജില്ലയിലെ ഗുരുതരമായ ഭവിഷ്യത്തുകളെപ്പറ്റി ഒരക്ഷരം പോലും മന്ത്രി എം.എം.മണി പറയാതിരുന്നത്‌ നന്ദികേടായിപ്പോയെന്ന്‌ അദ്ദേഹം പറഞ്ഞു. രാജു എബ്രാഹം, സജി ചെറിയാന്‍, ഒ.ആര്‍. കേളു, വീണാ ജോര്‍ജ്‌ എന്നിവരെപ്പോലെ സത്യം പറഞ്ഞു പോകുമോയെന്ന ഭയമാണ്‌ വൈദ്യുതിമന്ത്രി സംസാരിക്കാതിരുന്നതിന്‌ കാരണം. അദ്ദേഹത്തിന്‌ മുഖ്യമന്ത്രിയെ ഭയമാണോയെന്ന്‌ ജനങ്ങള്‍ക്ക്‌ സംശയമാണ്‌.

തമിഴ്‌നാട്‌ ഉപമുഖ്യമന്ത്രി 30 ലക്ഷം രൂപയുടെ സാധനസാമഗ്രികളുമായി വന്നിട്ടും ജില്ലയിലെ ഒരു ഇടത്‌ എം.എല്‍.എ. പോലും കമ്പംമേട്ടില്‍ അദ്ദേഹത്തെ കാണാന്‍ ചെല്ലാത്തത്‌ മോശമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

Advertisment