Advertisment

എന്താണ് അന്താരാഷ്ട്ര വനിതാ ദിനം? അതിന്റെ പ്രാധാന്യം എന്താണ്‌?

New Update
 What is the importance of International Women’s Day

അസമത്വത്തിന്റെയും അടിച്ചമർത്തലിന്റെയും നാളുകളിൽ നിന്ന് തുല്യതയുടെയും നീതിയുടെയും ലോകത്തേക്ക് സ്ത്രീ ജന്മങ്ങൾക്ക് ഉയർത്തെഴുന്നേൽക്കാൻ പ്രചോദനമാകേണ്ട ദിനം. ലോക വനിതാ ദിനം.  തങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ എല്ലാ സ്ത്രീകളെയുടെയും ഓർമ പുതുക്കാനുള്ള ദിനം കൂടിയാണിത്.

Advertisment

ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്  ഈ ദിനം .

സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ചരിത്രപരമായ യാത്രയുടെ പ്രതീകമാണ് ഓരോ വനിതാ ദിനവും. 1908ൽ ന്യൂയോര്‍ക്കിലെ 15,000 ത്തോളം വനിതാ ജീവനക്കാർ തുല്യവേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ സംഭവമാണ് വനിതാ ദിനാചരണത്തിലേയ്ക്ക് നയിച്ചത്. ജോലി സമയത്തില്‍ ഇളവ് വരുത്തുക, ശമ്പളത്തില്‍ ന്യായമായ വര്‍ധന വരുത്തുക, വോട്ട് ചെയ്യാനുള്ള അവകാശം നല്‍കുക എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യം. 

1909 ഫെബ്രുവരി 28ന് അമേരിക്കയിൽ തെരേസ മല്‍ക്കീല്‍, അയ്റ സലാസര്‍ എന്നീ വനിതകളുടെ നേതൃത്വത്തിലാണ് ആദ്യമായി വനിതാദിനം ആചരിക്കപ്പെട്ടത്. 1910ൽ കോപ്പൻഹേഗനിൽ 17 രാജ്യങ്ങളിൽ നിന്നുളള 100 പേർ പങ്കെടുത്ത നടന്ന ലോകവനിതാസമ്മേളനം വനിതാദിനാചരണത്തിന് അടുത്ത ചുവടുവയ്പായി. അതിനും ആറ് പതിറ്റാണ്ടിന് ശേഷമാണ് 1975ൽ  ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്. 

 സമൂഹത്തില്‍ സ്ത്രീകളുടെ നേട്ടങ്ങളാഘോഷിക്കാനും അവരുടെ അവകാശങ്ങളുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കാനുമുള്ള ദിവസമാണ് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ യുഎസില്‍ തൊഴിലാളി പ്രസ്ഥാനങ്ങളില്‍ വനിതാ ദിനമാഘോഷിക്കുന്നതിന്റെ വേരുകളുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍ അവരുടെ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ക്കും വോട്ടവകാശത്തിനും വേണ്ടി പോരാടുന്നതിനായിരുന്നു അത്.

1911ല്‍ ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളില്‍ ഒരു ദശലക്ഷത്തിലധികം സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ക്കായി അണിനിരന്നതാണ് ആദ്യ വനിതാ ദിന ആഘോഷമായി കണക്കാക്കുന്നത്. ഈ സംഭവത്തിന് ശേഷം വനിതാ ദിനാഘോഷങ്ങളുടെ വ്യാപ്തി ലോകമെമ്പാടും വര്‍ധിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ മുതല്‍ ജോലിസ്ഥലത്തെ തുല്യത വരെ അവരുയര്‍ത്തുന്ന മുദ്രാവാക്യങ്ങളില്‍ പ്രതിഫലിച്ചു.

1977ലാണ് അന്താരാഷ്ട്ര വനിതാ ദിനം എന്ന ആഘോഷത്തിന് ഔദ്യോഗികമായി അംഗീകാരം ലഭിച്ചത്. ചൈന, റഷ്യ, ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ ദിവസം പൊതു അവധിയായാണ് ആഘോഷിക്കുന്നത്.

‘ഡിജിറ്റ് ഓള്‍; സാങ്കേതിക വിദ്യയും നവീകരണവും ലിംഗസമത്വത്തിനായി’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാ ദിന പ്രമേയം.

യുഎന്നിന്റ കണക്കനുസരിച്ച് ലോകത്ത് പുരുഷന്മാരെക്കാള്‍ 259 ദശലക്ഷം സ്ത്രീകള്‍ക്ക് ഇന്റര്‍നെറ്റ് ആക്‌സസ് ലഭിക്കുന്നില്ല. ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിംഗ്, ഗണിതശാസ്ത്രം എന്നീ മേഖലകളില്‍ സ്ത്രീ പ്രാതിനിധ്യം കുറവാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. സാങ്കേതിക വിദ്യയിലേക്ക് സ്ത്രീകള്‍ കടന്നുവരുന്നത് കൂടുതല്‍ ക്രിയാത്മകമായ പരിഹാരങ്ങള്‍ കണ്ടെത്താനും ലിംഗസമത്വത്തെ പ്രോത്സാഹിപ്പിക്കാനും കാരണമാകുമെന്ന് യുഎന്‍ വെബ്‌സൈറ്റില്‍ പറയുന്നു.

ലിംഗസമത്വത്തിനുള്ള പോരാട്ടത്തില്‍ ധാരാളം വികസനം സംഭവിച്ചിട്ടുണ്ടെങ്കിലും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമം ദീര്‍ഘകാല പ്രശ്‌നങ്ങളിലൊന്നാണ് എന്നും.

ലോകാരോഗ്യ സംഘനടയുടെ 2021ലെ റിപ്പോര്‍ട്ടനുസരിച്ച് ലോകമെമ്പാടുമുള്ള മൂന്നിലൊന്ന് സ്ത്രീകളും ശാരീരിക അതിക്രമങ്ങള്‍ക്കോ ലൈംഗിക അതിക്രമത്തിനോ ഇരയാകുന്നു. സമീപ വര്‍ഷങ്ങളില്‍ ട്രാന്‍സ് വനിതകളുടെ പങ്കാളിത്തം കൂടി വര്‍ധിച്ചതോടെ അന്താരാഷ്ട്ര വനിതാ ദിനം അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കുന്നു.

അവകാശങ്ങള്‍ക്കുള്ള അവബോധം വളര്‍ത്തിയെടുക്കാനുള്ള അവസരമാണ് അന്താരാഷ്ട്ര വനിതാ ദിനമെന്നിരിക്കെ സ്ത്രീകളുടെ വിവിധ മേഖലകളിലെ നേട്ടങ്ങളും പുരോഗതിയും ആഘോഷിക്കാനും ഈ ദിനം പ്രയോജനപ്പെടുത്തുന്നു.

Advertisment