Advertisment

ഐപിഎല്‍ താരലേലത്തിനുള്ള തീയതി തീരുമാനിച്ചു; വിരാട് കൊഹ്‌ലി മൂല്യമേറിയ താരം

New Update

മുംബൈ: ഐപിഎല്‍ പതിനൊന്നാം സീസണിന് മുന്നോടിയായുള്ള താരലേലം ഈ മാസം 27, 28 തീയതികളില്‍ നടക്കും. ഇതിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ അവരുടെ പ്രധാന താരങ്ങളെ നിലനിര്‍ത്തി. വിരാട് കൊഹ്‌ലിയാണ് നിലവില്‍ ഐപിഎല്ലിലെ മൂല്യമേറിയ താരം.

Advertisment

എട്ട് ഫ്രാഞ്ചെയ്‌സികളും കഴിഞ്ഞ ദിവസമാണ് തങ്ങളുടെ പ്രധാന താരങ്ങളെ നിലനിര്‍ത്തിയത്. എന്നാല്‍ ഏറെ പ്രതീക്ഷിച്ച ചില താരങ്ങളെ ചില ടീമുകള്‍ കൈയൊഴിയുകയും ചെയ്തു. നായകന്‍ വിരാട് കൊഹ്‌ലിയെ 17 കോടി രൂപയെന്ന ഉയര്‍ന്ന തുകക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂര്‍ നിലനിര്‍ത്തിയത്. കൊഹ്‌ലിക്ക് പുറമെ എബി ഡിവിലേഴ്‌സ്, സര്‍ഫ്രാസ് ഖാന്‍ എന്നിവരാണ് ബംഗളൂര്‍ നിലനിര്‍ത്തിയ മറ്റ് താരങ്ങള്‍.

publive-image

അതേസമയം ഐപിഎല്ലില്‍ തിരിച്ചുവന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് എംഎസ് ധോണിയെ 15 കോടിക്കാണ് നിലനിര്‍ത്തിയത്. രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന എന്നിവരാണ് ചെന്നൈയുടെ മറ്റ് താരങ്ങള്‍. 15 കോടിക്ക് രോഹിത് ശര്‍മയെയും ഹാര്‍ദിക് പാണ്ഡ്യയേയും ജസ്പ്രീത് ബുംറയേയും മുംബൈ നിലനിര്‍ത്തി.

രാജസ്ഥാന്‍ റോയല്‍സ് 12 കോടിക്ക് സ്റ്റീവ് സ്മിത്തിനെ മാത്രം നിലനിര്‍ത്തിയപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദ് ഡേവിഡ് വാര്‍ണറെയും ഭുവനേശ്വര്‍ കുമാറിനെയും വിട്ടുകൊടുത്തില്ല. കൊല്‍ക്കത്ത സുനില്‍ നരെയ്‌നും, ആന്ദ്രെ റസലിനും മാത്രമാണ് അവസരം നല്‍കിയത്. കിങ്‌സ് ഇലവന്‍ പഞ്ചാബ് അക്ഷര്‍ പട്ടേലിനെ മാത്രമാണ് നിലനിര്‍ത്തിയത്. ശ്രയസ് അയ്യര്‍, ക്രിസ് മോറിസ്, റിഷബ് പന്ത് എന്നിവരാണ് ഡല്‍ഹിയുടെ താരങ്ങള്‍. ഗൗതംഗംഭീറിനെ കൊല്‍ക്കത്ത കൈയൊഴിഞ്ഞപ്പോള്‍ ക്രിസ് ഗെയ്‌ലിനെ ബംഗളൂരും സംരക്ഷിച്ചില്ല. ബ്രാവോ, ഡ്യൂപ്ലസിസ്, അശ്വിന്‍ എന്നിവരാണ് ചെന്നൈയുടെ നഷ്ടങ്ങള്‍.

ഹര്‍ഭജനും പൊള്ളാര്‍ഡും മലിംഗയും മുംബൈയിലും തുടര്‍ന്നില്ല. ഗ്ലെന്‍ മാക്‌സ്‌വെല്‍, ഹാഷിം ആംല, റോബിന്‍ ഉത്തപ്പ, തുടങ്ങി മറ്റ് പ്രധാന താരങ്ങളും ഇനി ലേലത്തില്‍ വിറ്റുപോകുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രാഞ്ചൈസികളുടെ കൈവശം ഇനിയും പണം ഉണ്ടെന്നിരിക്കെ ഒരുപക്ഷേ, പ്രധാന താരങ്ങളെ വീണ്ടും തിരിച്ചെത്തിച്ചേക്കും.

kohli ipl
Advertisment