Advertisment

ഐപിഎല്‍ മത്സരങ്ങള്‍ കേരളത്തിലേക്ക്; ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരം നടത്താന്‍ തയാറാണെന്ന് കെസിഎ

New Update

തിരുവനന്തപുരം: ഐപിഎല്‍ ചെന്നൈ, ബംഗളൂരു ടീമിന്റെ ഹോം മാച്ചുകള്‍ കേരളത്തിലേക്ക് മാറ്റിയേക്കും. ചെന്നൈയില്‍ ഐപിഎല്‍ മത്സരം നടത്തരുതെന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു.

Advertisment

മത്സരം മാറ്റുന്നത് സംബന്ധിച്ച് ബിസിസിഐയും ചെന്നൈ സൂപ്പര്‍കിങ്സും കേരള ക്രിക്കറ്റ് അസോസിയേഷനുമായി ചര്‍ച്ച നടത്തി. മത്സരത്തിനായി തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നല്‍കാമെന്ന് കെസിഎ മറുപടി നല്‍കിയിട്ടുണ്ട്.

publive-image

കാവേരി നദീജല തർക്കം പരിഹരിക്കുന്നതു വരെ ഐപിഎൽ മൽസരങ്ങൾ ബഹിഷ്കരിക്കണമെന്ന വാദമുയർത്തി തമിഴ്നാട്ടിൽ പ്രചാരണം വ്യാപകമാണ്. ചെന്നൈയിൽ ഐപിഎൽ മൽസരങ്ങൾ സംഘടിപ്പിക്കുന്നത് നിലവിലെ സാഹചര്യത്തിൽ അപമാനകരമാണെന്നു ചൂണ്ടിക്കാട്ടി തെന്നിന്ത്യൻ സൂപ്പർതാരം രജനികാന്തും ഇന്നു രംഗത്തെത്തിയിരുന്നു. ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ, തമിഴ്നാട്ടിലെ സ്വതന്ത്ര എംഎൽഎ ടി.ടി.വി. ദിനകരൻ തുടങ്ങിയവരും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു.

ഏപ്രില്‍ 10ന് ചെന്നൈയില്‍ നടക്കുന്ന മല്‍സരം ബഹിഷ്‌കരിച്ച് പ്രതിഷേധം രാജ്യാന്തര ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്. ഐപിഎല്‍ മല്‍സരം റദ്ദാക്കണമെന്നും എതിര്‍പ്പ് അവഗണിച്ചു നടത്തിയാല്‍ വന്‍ പ്രതിഷേധമുയര്‍ത്തുമെന്നും ചില തീവ്ര തമിഴ് സംഘടനകള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതിനെ പിന്തുണച്ചു സംവിധായകന്‍ ഭാരതി രാജയും രംഗത്തെത്തിയിട്ടുണ്ട്.

മല്‍സരം ബഹിഷ്‌കരിച്ചു പ്രതിഷേധം ലോക ശ്രദ്ധയിലെത്തിക്കാമെന്ന ആശയം മുന്നോട്ടുവച്ചത് സംവിധായകന്‍ ജെയിംസ് വസന്തനാണ്. തമിഴ്‌നാട്ടിലെ ഏഴരക്കോടി ജനങ്ങള്‍ക്കുവേണ്ടി ഇതിനകം ഐപില്‍ ടിക്കറ്റെടുത്ത അര ലക്ഷം പേര്‍ ഈ ത്യാഗം സഹിക്കണമെന്നും അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. ഇരുപക്ഷത്തെയും അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയും വ്യാപകമാകുകയാണ്.

Advertisment