Advertisment

ജോസ് കെ മാണിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. മധ്യസ്ഥതയ്ക്കിറങ്ങാന്‍ കു‍ഞ്ഞാലിക്കുട്ടിക്കുമേല്‍ സമ്മര്‍ദ്ദം. യുഡിഎഫിലെ ചിലര്‍ ക്രൈസ്തവ രാഷ്ട്രീയത്തെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നെന്ന ബിഷപ്പുമാരുടെ പരാതി പരിഹരിക്കാനും ജോസ് കെ മാണിയുടെ മടങ്ങിവരവ് അനിവാര്യം ! ജോസഫിന്‍റെ സമ്മര്‍ദ്ദങ്ങള്‍ അവഗണിക്കാനും ധാരണ !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ജോസ് കെ മാണി ചെയര്‍മാനായ കേരളാ കോണ്‍ഗ്രസ്-എമ്മിനെ ഏത് വിധേനയും ഒപ്പം കൂട്ടാനുള്ള തന്ത്രങ്ങളുമായി യുഡിഎഫ് വീണ്ടും രംഗത്ത്.

ഇക്കാര്യത്തില്‍ പിജെ ജോസഫിന്‍റെ നിലപാട് പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം.

ചിഹ്നവും പാര്‍ട്ടി അംഗീകാരവും തങ്ങള്‍ക്കുതന്നെ ലഭിക്കുമെന്ന് പിജെ ജോസഫ് യുഡിഎഫ് നേതൃത്വത്തിന് നേരത്തേ ഉറപ്പ് നല്‍കിയിരുന്നു.

അതിനായി ഡല്‍ഹിയില്‍ നടത്തിയ കരുനീക്കങ്ങളും ജോസഫ് യുഡിഎഫ് നേതാക്കളെ ധരിപ്പിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനം വന്നശേഷം മാത്രമേ ജോസ് വിഭാഗത്തിനെതിരായ നടപടി പാടുള്ളു എന്ന ഘടകകക്ഷികളുടെ നിലപാടുപോലും തള്ളി ജോസ് പക്ഷത്തെ തിരക്കിട്ട് നേതൃത്വം പുറത്താക്കിയത്.

പുറത്താക്കിയിട്ടില്ലെന്ന് നൂറാവര്‍ത്തി ?

ഈ സാഹചര്യത്തിലാണ് ജോസ് കെ മാണിയുമായി അനുനയത്തിന് യുഡിഎഫ് ശ്രമം തുടങ്ങിയത്. മൂന്നാം തീയതിയിലെ യുഡിഎഫ് യോഗം മാറ്റിവച്ചതും ജോസ് കെ മാണിയെ പുറത്താക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആണയിടുന്നതും ജോസ് പക്ഷത്തെ തണുപ്പിക്കാനാണ്.

മധ്യസ്ഥന്‍റെ റോളില്‍ കളംപിടിക്കാനിറങ്ങി തിരുവനന്തപുരത്തെ കളങ്കിക മാധ്യമ പ്രവര്‍ത്തകന്‍ !

അതേസമയം ചര്‍ച്ചകള്‍ക്ക് ആരു തുടക്കമിടും എന്നതാണ് നേതാക്കള്‍ക്കിടയിലെ ആശയക്കുഴപ്പം. പുറത്താക്കലിനു ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാരും ജോസ് കെ മാണിയുമായി യാതൊരു വിധ ആശയവിനിമയവും നടത്തിയിട്ടില്ല.

അതിനിടെ യുഡിഎഫിനുവേണ്ടിയെന്നു പറഞ്ഞ് വ്യാജ വാര്‍ത്തകളുടെ പേരില്‍ ജയിലില്‍ കിടന്ന തലസ്ഥാനത്തെ കളങ്കിത മാധ്യമ പ്രവര്‍ത്തകന്‍ മധ്യസ്ഥന്‍റെ റോളില്‍ രംഗപ്രവേശം ചെയ്തിട്ടുമുണ്ട്. അത് യുഡിഎഫ് നീക്കത്തിനു ദോഷം ചെയ്തിട്ടുമുണ്ട്.

ആശ്രയം കുഞ്ഞാലിക്കുട്ടിയും കുഞ്ഞൂഞ്ഞും !

ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയെയോ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയോ വീണ്ടും രംഗത്തിറക്കാനാണ് യുഡിഎഫ് നീക്കം.

ജോസ് പക്ഷത്തെ പുറത്താക്കുന്നതില്‍ തിരക്കുകൂട്ടരുതെന്ന് ഇരുവരും ആവശ്യപ്പെട്ടത് അന്ന് മുന്നണി ചെവിക്കൊണ്ടില്ല.

publive-image

അതിനാല്‍ ഈ സാഹചര്യങ്ങള്‍ ഉണ്ടായതില്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന നിലപാടിലാണ് ഇരുവരും. എങ്കിലും യുഡിഎഫ് ആവശ്യപ്പെട്ടാല്‍ ഇവര്‍ തന്നെ വീണ്ടും മധ്യസ്ഥതയ്ക്ക് തയാറായേക്കും.

നിലവില്‍ ഇടതുപക്ഷവും ജോസ് കെ മാണിയുമായി നേരിട്ടുള്ള ചര്‍ച്ചകളോ ഒത്തുതീര്‍പ്പു ഫോര്‍മുലയോ ഉരുത്തിരിഞ്ഞിട്ടില്ലെന്നതാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. പക്ഷേ ഇനിയും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വൈകിയാല്‍ ജോസ് കെ മാണി-എല്‍ഡിഎഫ് ധാരണ രൂപപ്പെടാനാണ് സാധ്യത.

പ്രശ്നം പ്രവര്‍ത്തകര്‍ തന്നെ !

അതേസമയം കേരളാ കോണ്‍ഗ്രസ്-എം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അടുക്കാനാകാത്തവിധം അകന്നു കഴിഞ്ഞിരിക്കുന്നുവെന്നതാണ് വസ്തുത.

പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സമ്മര്‍ദ്ദം യുഡിഎഫിനെതിരെ ജോസ് കെ മാണിക്കുമേലുണ്ട്. മുന്‍ കാലങ്ങളില്‍നിന്നും വ്യത്യസ്തമായി ക്രിസ്ത്യന്‍ സഭാ നേതൃത്വങ്ങളും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

പിണങ്ങിമാറി സഭകള്‍

ജോസ് കെ മാണിയെ യുഡിഎഫ് പുറത്താക്കിയത് ക്രൈസ്തവ രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യാനായിരുന്നുവെന്ന പരാതി ചില മുതിര്‍ന്ന ബിഷപ്പുമാര്‍ക്കുണ്ട്. ആ അനിഷ്ടം ചില കോണ്‍ഗ്രസ് നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു.

ക്രൈസ്തവസഭകളെ സംബന്ധിച്ച് പിജെ ജോസഫിനോട് സ്നേഹവും സൗഹൃദവും കെഎം മാണിയോട് കടപ്പാടുമാണ്. അതിനാല്‍ മാണിസാറിന്‍റെ പാര്‍ട്ടിയെ കൈവിട്ടുള്ള കളികള്‍ക്ക് തങ്ങളില്ലെന്നാണ് സഭകളുടെ നിലപാട്.

അതിനാല്‍ സഭകളും മധ്യസ്ഥ നീക്കങ്ങളുമായി സഹകരിക്കുകയോ യുഡിഎഫില്‍ മടങ്ങിയെത്താന്‍ ജോസ് കെ മാണിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയോ ഇല്ല.

മാത്രമല്ല, ഇടതുപക്ഷമായാലും ബിജെപിയായാലും തങ്ങള്‍ക്കു കുഴപ്പമില്ലെന്ന നിലപാടിലാണ് പല ബിഷപ്പുമാരും.

പാണക്കാട് തങ്ങളുടെ നിലപാടും നിര്‍ണായകം !

ഈ സാഹചര്യത്തില്‍ ഭരണം പിടിക്കാന്‍ ജോസ് കെ മാണിയെ ഒപ്പം നിര്‍ത്തണമെന്ന വികാരമാണ് കോണ്‍ഗ്രസിനുള്ളില്‍. അതിന് ഏറ്റവും അനുയോജ്യനായ മധ്യസ്ഥന്‍ പികെ കുഞ്ഞാലിക്കുട്ടിയാണെന്ന് യുഡിഎഫ് കരുതുന്നു.

പാണക്കാട് തങ്ങളും കെഎം മാണിയുടെ പാര്‍ട്ടിയെ ഒപ്പം നിര്‍ത്തണമെന്ന നിലപാടിലാണ്. അതിനാല്‍ തങ്ങളും കുഞ്ഞാലിക്കുട്ടിയോട് രംഗത്തിറങ്ങാന്‍ ആവശ്യപ്പെട്ടേക്കും.

അങ്ങനെയെങ്കില്‍ നിലവില്‍ ഡല്‍ഹിയിലുള്ള ജോസ് കെ മാണി മടങ്ങിയെത്തിയാലുടന്‍ അനുനയ നീക്കങ്ങള്‍ക്ക് തുടക്കമിടാനാണ് നേതൃത്വത്തിന്‍റെ തീരുമാനം.

ചവിട്ടിപ്പിടിച്ച് ജോസഫ് !

എന്നാല്‍ ജോസ് കെ മാണി മടങ്ങിയെത്തുന്നതിനെ ശക്തമായി എതിര്‍ക്കുകയാണ് പിജെ ജോസഫ്. അവരെ പുറത്താക്കിയെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞിട്ടുള്ളതാണെന്നും അതിനി തിരുത്താനാവില്ലെന്നുമാണ് ജോസഫ് പറയുന്നത്.

പക്ഷേ പാര്‍ട്ടിയും ചിഹ്നവും നഷ്ടമായി രണ്ടു കൈയും വിട്ടു നില്‍ക്കുന്ന ജോസഫിന് ചെവികൊടുക്കാന്‍ ഇനി കോണ്‍ഗ്രസ് തയാറല്ല. ജോസഫിന് മുമ്പില്‍ തല്‍ക്കാലം കേസ് നടത്തി നടക്കുകയല്ലാതെ മറ്റ് ഗത്യന്തരങ്ങളില്ല.

മാത്രമല്ല, ജോസ് കെ മാണി മടങ്ങിയെത്തിയാല്‍ അയോഗ്യതയില്‍ നിന്നും ജോസഫിനു രക്ഷപെടുകയും ആവാം.

udf jos k mani
Advertisment