Advertisment

കാലടി സര്‍വ്വകലാശാലയില്‍ കുടുങ്ങിയവര്‍ക്ക് വ്യോമസേന ഭക്ഷണവും കുടിവെള്ളവും എത്തിച്ചു; രക്ഷപ്പെടുത്താന്‍ എഴുന്നൂറിലേറെ പേര്‍

New Update

ആലുവ: കനത്ത മഴയില്‍ ഒറ്റപ്പെട്ട കാലടി സര്‍വ്വകലാശാലാ ക്യാമ്പസില്‍ കുടുങ്ങിയ എഴുനൂറിലധികം പേര്‍ക്ക് ആശ്വാസവുമായി വ്യോമസേനയുടെ ഹെലികോപ്റ്റര്‍. ഭക്ഷണവും കുടിവെള്ളവും ക്യാമ്പസില്‍ എത്തിച്ച വ്യോമസേന സര്‍വ്വകലാശാലാ യൂട്ടിലിറ്റി സെന്ററില്‍ അഭയം തേടിയിരിക്കുന്നവരെ മാറ്റാനുള്ള ശ്രമം ആരംഭിച്ചു. വിദ്യാര്‍ഥികളും പരിസരവാസികളുമടക്കം എഴുനൂറിലേറെ പേരാണ് അവിടെയുള്ളത്. ഒഴിപ്പിക്കപ്പെടാന്‍ ഇത്രയധികം പേര്‍ ഉള്ളതിനാല്‍ ഗര്‍ഭിണികളെയും കുട്ടികളെയും പ്രായമായവരെയുമാവും ആദ്യം ഹെലികോപ്റ്ററില്‍ കൊണ്ടുപോവുക.

Advertisment

publive-image

ചുറ്റുമുള്ള റോഡുകളെല്ലാം വെള്ളം കയറിയതിനാല്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഇന്നലെ മുതല്‍ കാലടി സര്‍വ്വകലാശാലാ ക്യാമ്പസ്. ആദ്യം അഞ്ഞൂറോളം വിദ്യാര്‍ഥികളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ പിന്നീട് പ്രദേശവാസികളും അഭയം തേടി ക്യാമ്പസ് യൂട്ടിലിറ്റി സെന്ററിലെത്തി. കൈക്കുഞ്ഞുങ്ങളും ഗര്‍ഭിണികളും രോഗികളുമെല്ലാം ഈ കൂട്ടത്തില്‍ ഉണ്ട്.

ഇന്നലെ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസിന്റെ ഒരു ബോട്ട് ഇവിടേയ്ക്ക് ട്രയല്‍ റണ്‍ നടത്തിയിരുന്നു. എന്നാല്‍ എട്ട് പേര്‍ക്ക് മാത്രം കയറാന്‍ കഴിയുന്ന ബോട്ടാണ് എത്തിയത്. ട്രയല്‍ റണ്ണിന് ശേഷം കൂടുതല്‍ ബോട്ടുകള്‍ എത്തിക്കാമെന്നായിരുന്നു ഫയര്‍ ആന്റ് റെസ്‌ക്യൂ ടീമിന്റെ കണക്കുകൂട്ടലെങ്കിലും പുറത്തെ ശക്തമായ ഒഴുക്ക് ഇതിന് തടസം സൃഷ്ടിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം നടന്നില്ല.

സര്‍വ്വകലാശാലയുടെ പരിസര പ്രദേശങ്ങളില്‍ നൂറുകണക്കിനാളുകളാണ് കെട്ടിടങ്ങള്‍ക്ക് മുകളില്‍ അഭയം തേടിയിട്ടുള്ളത്. തൈപ്പട്ടൂര്‍, കൊറ്റമം, കാലടി പോലീസ് സ്റ്റേഷന്‍ പരിധിയിലും നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. ഭക്ഷണം സ്വയം പാചകം ചെയ്താണ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ ഇന്നലെ കഴിഞ്ഞത്. കരുതിവച്ച ഭക്ഷണസാധനങ്ങള്‍ ഇന്നത്തോടെ തീരുമെന്ന ആശങ്ക നിലനില്‍ക്കെയാണ് വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ഇപ്പോള്‍ ക്യാമ്പസില്‍ എത്തിയിരിക്കുന്നത്.

Advertisment