Advertisment

മനുഷ്യന്റെ ഏറ്റവും വലിയ സൃഷ്ടിയാണ് ദൈവം, നാം സൃഷ്ടിച്ചത് ഇപ്പോൾ നമ്മെ ആക്രമിക്കുന്നു: കമൽ ഹാസൻ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

രാഷ്ട്രീയത്തിൽ തന്റെ പ്രധാന എതിരാളി ജാതിവ്യവസ്ഥയാണെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. ജാതിയ്ക്കെതിരേയാണ് പോരാടിവരുന്നത്. ഇത് ഇപ്പോൾ തുടങ്ങിയതല്ല. 21 വയസ്സ് മുതൽ ജാതിക്കെതിരേ പോരാടുകയാണെന്നും കമൽ പറഞ്ഞു. ചെന്നൈയിൽ സംവിധായകൻ പാ രഞ്ജിത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച നീലം ബുക്സ് സാംസ്കാരികകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചക്രത്തിന്റെ കണ്ടുപിടിത്തത്തിന് ശേഷം മനുഷ്യൻ നടത്തിയ ഏറ്റവും വലിയ സൃഷ്ടിയാണ് ദൈവമെന്ന് കമൽ പറഞ്ഞു. നമ്മൾ സൃഷ്ടിച്ച എന്തെങ്കിലും നമ്മളെത്തന്നെ ആക്രമിച്ചാൽ അംഗീകരിക്കാൻ സാധിക്കില്ലെന്നും മതത്തിന്റെ പേരിലുള്ള അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി കമൽ പറഞ്ഞു.

“എന്റെ ഏറ്റവും വലിയ എതിരാളി - എന്റെ രാഷ്ട്രീയ എതിരാളി - ജാതിയാണ്. 21 വയസ്സ് മുതൽ ഞാൻ ഇത് പറയുന്നു, ഇപ്പോഴും ഞാൻ പറയുന്നു. എന്റെ അഭിപ്രായം ഒരിക്കലും മാറിയിട്ടില്ല. ചക്രം കണ്ടുപിടിച്ചതിനു ശേഷം മനുഷ്യന്റെ ഏറ്റവും വലിയ സൃഷ്ടിയാണ് ദൈവം. അത് മറക്കരുത്. നമ്മൾ സൃഷ്ടിച്ചത് ഇപ്പോൾ നമ്മെ ആക്രമിക്കുന്നു എന്ന വസ്തുത അംഗീകരിക്കാൻ കഴിയില്ല. ജാതി ഭയങ്കരമായ ആയുധമാണ്, എനിക്ക് മൂന്ന് തലമുറകൾക്ക് മുമ്പ് വന്ന ഡോ. ബി.ആർ അംബേദ്കറെപ്പോലുള്ള നേതാക്കളും ഇതിനായി പോരാടി. സ്പെല്ലിങ്ങുകൾ വ്യത്യസ്തമായിരിക്കാം എന്നാൽ മയ്യവും നീലവും ഒന്നാണ് - ലക്ഷ്യം ഒന്നുതന്നെ," കമൽ ഹാസൻ പറഞ്ഞു.

രാഷ്ട്രീയം സൃഷ്ടിച്ചത് ജനങ്ങളാണെന്നും രാഷ്ട്രീയം ജനങ്ങൾക്ക് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഞങ്ങൾ കണ്ണടച്ച് ഭരണകക്ഷിയെക്കുറിച്ചും ഭരണത്തിലുള്ളവരെക്കുറിച്ചും സംസാരിക്കുന്നു. രാഷ്ട്രീയക്കാരെ ജനങ്ങളാണ് തിരഞ്ഞെടുക്കുന്നത്, അത് തിരിച്ചറിയുമ്പോൾ, ജനാധിപത്യം തഴച്ചുവളരും."

ദളിത് അവകാശങ്ങൾക്കും അവരുടെ സമരങ്ങൾക്കും വളരെയധികം പ്രാധാന്യം നൽകുന്ന വ്യക്തിയാണ് പാ രഞ്ജിത്ത്. കുറച്ചു കാലം മുമ്പ് തന്റെ സാമൂഹിക പ്രവർത്തന സംരംഭങ്ങളായി നീലം കൾച്ചറൽ സെന്റർ, നീലം സോഷ്യൽ എന്നിവ ആരംഭിച്ചു. സംസ്കാരം, സമൂഹം, ഇൻഫോടെയ്ൻമെന്റ്, ആക്ഷേപഹാസ്യം എന്നിവയെ കുറിച്ചുള്ള ഉള്ളടക്കം അവതരിപ്പിക്കുന്ന നീലം സോഷ്യൽ എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും ഉണ്ട്.

കവിത മുതൽ സാഹിത്യം വരെ വൈവിധ്യമാർന്ന പുസ്തകങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്ന രഞ്ജിത്തിന്റെ ഏറ്റവും പുതിയ പ്രോജക്റ്റാണ് നീലം ബുക്‌സ്. രാഷ്ട്രീയ അവബോധം സൃഷ്ടിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.  എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ എഴുതപ്പെട്ട പുസ്തകങ്ങൾ ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisment