Advertisment

കെസ്‌എഫ്‌ഇ റെയ്ഡ് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി സിപിഐയും: വിജിലന്‍സ് റെയ്ഡ് നടത്തുമ്പോള്‍ മന്ത്രിമാരെ അറിയിക്കാറില്ല: മന്ത്രി പൊട്ടിത്തെറിക്കേണ്ട കാര്യമില്ലെന്നും കാനം രാജേന്ദ്രന്‍

New Update

തിരുവനന്തപുരം : കെസ്‌എഫ്‌ഇ റെയ്ഡ് വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി സിപിഐയും. വിജിലൻസ് റെയ്ഡ് നടത്തുമ്ബോൾ മന്ത്രിമാരെ അറിയിക്കാറില്ല. മന്ത്രി പൊട്ടിത്തെറിക്കേണ്ട കാര്യമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

Advertisment

publive-image

സാധാരണ ഗതിയിൽ വിജിലൻസ് പരിശോധന നടത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. അത് പരിശോധിച്ച്‌ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുകയാണ് ചെയ്യുന്നത് എന്നും കാനം പറഞ്ഞു. അങ്ങനെയെങ്കിൽ മന്ത്രി വികാരപരമായി പ്രതികരിച്ചത് എന്തിനെന്ന ചോദ്യത്തിന്, അക്കാര്യം മന്ത്രിയോട് തന്നെ ചോദിക്കൂ എന്ന് കാനം മറുപടി പറഞ്ഞു.

കെഎസ്‌എഫ്‌ഇ റെയ്ഡിനെക്കുറിച്ച്‌ രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രം ജനയുഗം മുഖപ്രസംഗം എഴുതിയിരുന്നു. ഇക്കാര്യം ഉന്നയിച്ചപ്പോൾ, മാതൃഭൂമിയും മലയാള മനോരമയും എഴുതിയിട്ടുണ്ട് എന്നായിരുന്നു കാനത്തിന്റെ പ്രതികരണം.

അവരെല്ലാം പങ്കുവെച്ചത് കെഎസ്‌എഫ്‌ഇ പോലെയൊരു സ്ഥാപനത്തിൽ ഉണ്ടാകുന്ന പ്രതിസന്ധിയെക്കുറിച്ചാണ്. ഇടതുമുന്നണിയുടെ നേതാവാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ വാക്കുകൾ ഞങ്ങൾ വിശ്വസിക്കുന്നത് തെറ്റാണെന്ന് നിങ്ങൾ പറയരുതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

വിവാദ വ്യവസായത്തിന് ഇന്ധനം പകർന്ന റെയ്ഡ് എന്നാണ് വിജിലൻസ് നടപടിയെ സിപിഐ മുഖപത്രം ജനയുഗം എഡിറ്റോറിയലിൽ വിമർശിച്ചത്. കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ കേരള രാഷ്ട്രീയത്തിൽ കൊടുമ്ബിരികൊള്ളുന്ന വിവാദ വ്യവസായത്തിന് ഇന്ധനം പകർന്നുനല്കുന്ന സംഭവമായി കെഎസ്‌എഫ്‌ഇയിൽ കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ സംഘടിത റെയ്ഡ് എന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ അരനൂറ്റാണ്ടായി പ്രവർത്തിച്ചുവരുന്നതും ഇടപാടുകാരുടെ വിശ്വാസ്യത ആർജിച്ചിട്ടുള്ളതുമായ പൊതുമേഖലാ ധനകാര്യ സ്ഥാപനത്തിൽ വിജിലൻസ് നടത്തിയ റെയ്ഡ് സർക്കാരിലും പൊതുജനങ്ങൾക്കിടയിലും ഞെട്ടൽ ഉളവാക്കിയതിൽ അത്ഭുതമില്ല. സംസ്ഥാനത്ത് നടന്നുവരുന്ന മറ്റ് പല അന്വേഷണങ്ങളും പോലെ ഈ റെയ്ഡിനു പിന്നിലും രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടോ എന്ന സംശയവും പ്രസക്തമാണ്.

ഇടപാടുകാർക്ക് സുരക്ഷിതമായ സമ്ബാദ്യ സാധ്യതയും വായ്പാ സൗകര്യവും ഉറപ്പുനല്കുന്നതിനു പുറമെ സംസ്ഥാനത്തിന്റെ വികസന സംരംഭങ്ങൾക്ക് പിന്തുണ നല്കാനും സ്ഥാപനത്തിന് കഴിയുന്നുണ്ട്. പ്രവാസി ചിട്ടി, നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് ലാപ്‌ടോപ് ലഭ്യമാക്കുന്ന പദ്ധതി എന്നിവ കെഎസ്‌എഫ്‌ഇയുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള ഉദാഹരണങ്ങളാണ്. ജനയുഗം എഡിറ്റോറിയലിൽ വ്യക്തമാക്കിയിരുന്നു.

Advertisment