Advertisment

ആരാണ് സ്ഥാനാർത്ഥി? കരിമണ്ണൂരിൽ സ്ഥാനാർത്ഥി പട്ടിക ചോദ്യങ്ങൾ ഉയർത്തുമ്പോൾ

New Update

ഇനിയും പൂർണ്ണമായും വ്യക്തത വരാത്ത സ്ഥാനാർത്ഥി പട്ടിക കരിമണ്ണൂരിന്റെ ജീവിതക്രമത്തിൽ ഒരു സ്വാധീനവും ചെലുത്തുന്നില്ല. എന്നാൽ പുറത്ത് വന്ന, കക്ഷികളോ കൂട്ടായ്മകളോ അവതരിപ്പിച്ചിരിക്കുന്ന, സ്ഥാനാർത്ഥികളുടെ അവതരണം നാട്ടിൽ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. താൻ എന്തിനു വേണ്ടിയാണ് മൽസരിക്കുന്നത്, ഒരു ജനപ്രതിനിധി ആകുവാൻ ആഗ്രഹിക്കുന്നത് എന്ന് പറയുവാൻ കഴിയുന്ന സ്ഥാനാർത്ഥികളെ കരിമണ്ണൂരിൽ കാണുവാൻ കഴിയുന്നില്ല.

Advertisment

publive-image

രാഷ്ട്രീയ കക്ഷികളുടെ ആശയദാരിദ്ര്യവും, വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിലെ ദിശാബോധമില്ലായ്മയും, മൂടിവയ്ക്കപ്പെട്ട രാഷ്ട്രീയ നയവിശദീകരണവും എല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ വലിയ പ്രഹസനമാക്കുകയാണ്. തൊടുപുഴ പ്രദേശത്ത് പി. ജെ. ജോസഫിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഐക്യജനാധിപത്യ മുന്നണിയും, സി.പി.ഐ. (എം) നിയന്ത്രിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും തമ്മിലാണ് കരിമണ്ണൂരിൽ പ്രധാന മത്സരം. ചില പഞ്ചായത്ത് നിയോജക മണ്ഡലങ്ങളിൽ എൻഡിഎ എന്ന രൂപത്തിൽ ബി.ജെ.പി. യും രംഗത്തുണ്ട്. ഇതിനുമപ്പുറം അനുകരണ അവിയൽ പ്രസ്ഥാനങ്ങളുടെ രൂപത്തിൽ ചില മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളും മൽസരിക്കുന്നു.

ആശയദാരിദ്രം

പള്ളിക്കാമുറി സുവിശേഷാലയം മുതൽ ഞറുക്കുറ്റി വളവു വരെയല്ല ലോകമെന്നും, വികസനവും സാധ്യതകളും അനന്തമാണെന്നും ചിന്തിക്കുന്ന ഒരു തലമുറയെ വളർത്തിയെടുക്കുന്നതിൽ കരിമണ്ണൂരിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പരാജയപ്പെട്ടു. പഞ്ചായത്ത് രാജ് നിയമത്തെക്കുറിച്ച്, പരിചയമുണ്ടെന്നൊ, പഠിക്കുമെന്നോ പറയുവാൻ പ്രാപ്തിയുള്ള സ്ഥാനാർത്ഥികളെ സുക്ഷ്മ പരിശോധനയിൽ കാണുവാൻ സാധിക്കില്ല. അഞ്ചു വർഷം ലഭിക്കുന്ന ശമ്പളത്തിനപ്പുറമായി, പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന നിയമങ്ങൾ നടപ്പിലാക്കുവാൻ പ്രതിജ്ഞാബദ്ധമാണ് എന്നു പറയുന്ന ഒരു തലവാചകവും കാണുവാൻ സാധിക്കുന്നില്ല.

എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ എന്നതല്ല ആവശ്യമെന്നും, പഞ്ചായത്ത് രാജ് നിയമങ്ങൾ നടപ്പിലാക്കുകയും, പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിര വികസനം സാധ്യമാക്കുകയാണ് അടിസ്ഥാന ആശയം എന്നും പറയുന്ന ഒരു തരത്തിലുള്ള സംവാദവും നാട്ടിൽ കാണുവാനില്ല. ഇന്ന് വരെ പൊതു ആവശ്യങ്ങൾക്കായി ഒരു പരാതി പോലും നൽകാത്തവർ, പൊതുപ്രവർത്തന വേഷം കെട്ടുമ്പോൾ ജനാധിപത്യം അപഹസിക്കപ്പെടുകയാണ്.

വികസന കാഴ്ചപ്പാട്

ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യം, പാർപ്പിടം, സുരക്ഷ, പരിസ്ഥിതി, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വികസന കാര്യങ്ങളിലെ കാഴ്ചപ്പാട് മുൻനിറുത്തി മൽസരിക്കുവാൻ ധൈര്യമുള്ള സ്ഥാനാർത്ഥികളോ, മുന്നണികളോ കരിമണ്ണൂരിൽ ഇല്ല. പരമ്പരാഗത വാചകകസർത്തിനപ്പുറം 2030ൽ കരിമണ്ണൂർ എങ്ങനെയിരിക്കണം എന്ന് പറയുന്ന ഒരു വികസന ബ്ലൂപ്രിന്റ് അവതരിപ്പിക്കുവാൻ ശേഷിയുള്ള ഒരു നേതൃത്വവും കരിമണ്ണൂരിൽ ഇല്ല. സ്ഥാനാർത്ഥികളായി ഇതിനകം രംഗപ്രവേശം ചെയ്തവരോ, ഇനി ആകുമെന്ന് പറഞ്ഞു കേൾക്കുന്നവരോ ഇതുവരെയും ഒരു വികസന സ്വപ്നം പങ്കുവച്ചതായോ അറിയില്ല.

കായികാരോഗ്യത്തിനും, മാനസികാരോഗ്യത്തിനും ഉതകുന്ന വിധത്തിൽ ഒരോ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഉപകാരപ്രദമായ പൊതു മൈതാനങ്ങളോ, സുരക്ഷിതമായി നടക്കുവാൻ ഉതകുന്ന നടപ്പാതകളോ മറ്റു സൗകര്യങ്ങളോ ഒന്നും ചർച്ചാ വിഷയങ്ങൾ അല്ലായെന്നത് ഗൗരവകരമാണ്. പഞ്ചായത്തിലെ പൊതു വിദ്യാഭ്യാസ സംവിധാനങ്ങൾ പുതിയ ദിശാബോധത്തോടെ നടപ്പിൽ വരുത്തുവാനുള്ള ഒരു കാഴ്ചപ്പാട് ആരും പ്രകടിപ്പിച്ചു കാണുന്നില്ല.

മാലിന്യ നിർമാർജ്ജനവും, പരിസ്ഥിതിയും ഇവിടെ ചർച്ച ചെയ്യപ്പെടുന്നതേയില്ല. ഒരു നാടിന്റെ രാഷ്ട്രീയ ബലഹീനത സുവ്യക്തമാകുന്നത് പരിസ്ഥിതി ബോധത്തിനു പ്രാധാന്യം കൊടുക്കാത്തപ്പോഴാണ് എന്ന് രാഷ്ട്രീയ കക്ഷികളും മുന്നണികളും മനസ്സിലാക്കിയാൽ നല്ലത്. മുന്നണികളും, കക്ഷികളും ഈ കാഴ്ചപ്പാടിൽ പരാജയപ്പെടുമ്പോൾ, സ്ഥാനാർത്ഥികൾ എങ്കിലും ഇക്കാര്യത്തിൽ മുന്നോട്ട് വരണം എന്നത് വികസനം ആഗ്രഹിക്കുന്ന ഒരു നാടിന്റെ ആവശ്യമാണ്.

രാഷ്ട്രീയ നയം

ദേശീയ സംസ്ഥാന നേതാക്കളുടെ നേതൃത്വമോ, കക്ഷികളുടെ പൊതു നയങ്ങളോ കരിമണ്ണൂരിൽ ചർച്ചചെയ്യപ്പെടുന്നില്ല. ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തിൽ മൽസരിക്കുവാൻ ഒരു സ്ഥാനാർത്ഥി ഇല്ല എന്നത് സി.പി.ഐ.(എം) പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ അടിത്തറ വ്യക്തമാക്കുന്നതാണ്. 'കൈ' എന്നതാണ് തെരഞ്ഞെടുപ്പ് ചിഹ്നം എന്നും, കൈപ്പത്തി എന്നല്ലെന്നും അറിയാവുന്ന രാഷ്ട്രീയ വിദ്യാഭ്യാസം ഉള്ള കോൺഗ്രസുകാർ കരിമണ്ണൂരിൽ കുറവാണ്. രാഷ്ട്രീയ വിദ്യാഭ്യാസം കുറയുമ്പോൾ, രാഷ്ട്രീയ നയങ്ങൾ വ്യക്തമാക്കുവാൻ രാഷ്ട്രീയ കക്ഷിയുടെ പ്രവർത്തകർ അറച്ചു നിൽക്കും എന്നത് വ്യക്തമാണ്.

സ്ഥാനാർത്ഥി നിർണ്ണയ നയം പോലും, ജാതി - മത - കുടുംബ പശ്ചാത്തലം നോക്കി ആകുമ്പോൾ, പുരോഗമന രാഷ്ട്രീയം നോക്കുകുത്തിയാകുന്നു.

ഇത് പൂർണമായും അഞ്ച് വർഷം ശമ്പളം വാങ്ങുന്ന ഒരു തൊഴിലിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രൂപത്തിൽ ചുരക്കപ്പെട്ടുകഴിഞ്ഞു. സ്ഥാനാർത്ഥികളുടെ പൂർണ്ണ ചിത്രവും ചിഹ്നങ്ങളും 24 ന് മാത്രമേ പുറത്ത് വരൂ.

വാലെഴുത്ത്

കരിമണ്ണൂർ പഞ്ചായത്തിന്റെ അവസാനിച്ച കാലയളവിലെ പ്രസിഡന്റിനെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് മുഖപത്രം വീക്ഷണ ത്തിൽ ഒരു ലേഖനം വരികയുണ്ടായി. ദേശീയതയുടെ ദിശാബോധം എന്ന തലവാചകമുള്ള വീക്ഷണം ദിനപ്പത്രത്തിന് കരിമണ്ണൂരിൽ എത്ര കോൺഗ്രസുകാർ വരിക്കാർ ഉണ്ട് എന്നത്,അല്ലെങ്കിൽ മൽസരിക്കുന്ന ഏതെല്ലാം സ്ഥാനാർത്ഥികൾ വരുത്തുന്നുണ്ട് എന്നത്, അതുമല്ലെങ്കിൽ വീക്ഷണത്തിന്റെ പ്രചാരത്തിന് ചുമതലപ്പെടുത്തിയിരുന്ന കരിമണ്ണൂരിലെ ഒരു സ്ഥാനാർത്ഥി എത്ര വരിക്കാരെ പുതുതായി ചേർത്തു എന്നത് ഒരു പരിശോധന വിഷയമായി കോൺഗ്രസ് എടുക്കണമെന്ന് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സജീവമായ ചർച്ചയുണ്ട്.

ഇനിയുള്ള ദിവസങ്ങളിൽ കരിമണ്ണൂരിലെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച വാർത്തകൾ തുടർച്ചയായി സത്യം ഓൺലൈനിൽ ഉണ്ടാകും.

karimannur candidate
Advertisment