Advertisment

തീപാറുന്ന തൊമ്മൻകുത്ത്, പകിട്ടില്ലാതെ പാഴൂക്കര, ഏറ്റുമുട്ടലില്ലാത്ത ഏഴുമുട്ടം; കരിമണ്ണൂരിലെ തിരഞ്ഞെടുപ്പ് കാഴ്ചകള്‍

New Update

publive-image

Advertisment

കരിമണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുവാൻ നാലു നാൾ മാത്രം അവശേഷിക്കേ കരിമണ്ണൂർ വലിയ തിരക്കുകളിലേക്കും രാഷ്ട്രീയ ചർച്ചകളിലേക്കും പ്രവേശിച്ചിരിക്കുകയാണ്. എല്ലാ കോണുകളിലും, ആളുകൾ കൂട്ടമായി നിന്ന് ചർച്ചചെയ്യുന്നു. അടിയൊഴുക്കുകൾ നടത്തുവാൻ അവസരം നോക്കുന്നു.

തീപാറുന്ന തൊമ്മൻകുത്ത്

കരിമണ്ണൂർ പഞ്ചായത്തിലെ ഏറ്റവും പ്രകൃതി ഭംഗി ഉള്ള സ്ഥലമാണ് തൊമ്മൻകുത്ത്. വണ്ണപ്പുറം, ഉടുമ്പന്നൂർ പഞ്ചായത്തുകളുടെ അതിർത്തി ആണിവിടം.

തൊമ്മൻകുത്ത് പഴയ മുളപ്പറം മണ്ഡലത്തിന്റെ ഭാഗമായിരുന്നു. 2000ൽ ആണ് തൊമ്മൻകുത്ത് രൂപീകൃതമായത്. അന്ന് സാബു അബ്രഹാം കോൺഗ്രസിനു വേണ്ടി വിജയിച്ചു. 2005 ൽ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി വിൻസി ജോയി ആണ് വിജയിച്ചത്. 2010ൽ സാബു അബ്രഹാം കോൺഗ്രസിനു വേണ്ടി വിജയം ആവർത്തിച്ചു. 2015ൽ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി ആയി ബീന സോമൻകുഞ്ഞ് വലിയ വിജയം നേടി.

തൊമ്മൻകുത്ത് സ്ഥിരമായ ഒരു രാഷ്ട്രീയ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു മണ്ഡലമല്ല. കോൺഗ്രസ് ഒരേ മനസ്സോടെ പ്രവർത്തിച്ചാൽ, യുഡിഎഫ് സ്ഥാനാർത്ഥിക്ക് മുൻതൂക്കം ഉറപ്പായും ലഭിക്കുന്ന ഒരു മണ്ഡലമാണ് തൊമ്മൻകുത്ത്.

ഇത്തവണ സ്വതന്ത്ര വേഷം അണിഞ്ഞ് സിപിഐ (എം) നേതാവ് ടി.കെ. സോമൻകുഞ്ഞ് (എൽഡിഎഫ്), യൂത്ത് കോൺഗ്രസ് പ്രതിനിധി ബിബിൻ അഗസ്റ്റിൻ (യുഡിഎഫ്), ഷൈജു ഗോപി (ബിജെപി) എന്നിവർ മൽസരിക്കുന്നു. അനൗൺസ്മെന്റ്, അഭ്യർത്ഥന, അനൗപചാരിക സംസാരം തുടങ്ങിയവയിലെല്ലാം, തന്റെ ഔദ്യോഗിക ജീവിതം എന്ന് മേനി പറച്ചിൽ നടത്തുന്ന ഇടതു സ്ഥാനാർത്ഥി തൊമ്മൻകുത്തിലെ കഷ്ടപ്പെടുന്ന കർഷകരെയും, കൂലിപ്പണിക്കാരെയും എല്ലാം നിരന്തരം അപമാനിക്കുകയാണ് എന്ന ഒരാക്ഷേപം തൊമ്മൻകുത്തിൽ നിലവിലുണ്ട്.

പകിട്ടില്ലാതെ പാഴൂക്കര

പഴയ രണ്ടാം വാർഡിന്റെ ഭാഗമായ പാഴൂക്കര ഒരു യുഡിഎഫ് അനുകൂല മണ്ഡലമാണെങ്കിലും, പണം കൊടുത്തേ ജയിക്കാനാകൂ എന്ന ആക്ഷപത്തിൽ ഒന്നാം സ്ഥാനം കരിമണ്ണൂർ പഞ്ചായത്തിൽ പാഴൂക്കരയ്ക്കാണ്. കരിമണ്ണൂരിൽ ഇസ്ലാം മതവിശ്വാസികൾ ഏറ്റവും കൂടുതൽ ഉള്ള മണ്ഡലവും പാഴൂക്കര തന്നെ.

2000ൽ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ബീന ജോളി ഇവിടെ വലിയ വിജയം നേടി. 2005ൽ കോൺഗ്രസ് സ്ഥാനാർത്ഥി ടി.കെ. നാസർ ഇവിടെ ജയിച്ചത് എട്ട് വോട്ടുകൾക്കാണ്. അന്ന് സ്വതന്ത്ര സ്ഥാനാർത്ഥികൾ പിടിച്ച വോട്ടുകൾ നിർണ്ണായകമായി. 2010ൽ കോൺഗ്രസ് കക്ഷി ഈ സീറ്റ് മുസ്ലിം ലീഗിന് കച്ചവടം ചെയ്തു എന്ന ആരോപണം ഇന്നും നിലനിൽക്കുന്നു. അന്ന് മുസ്ലിം ലീഗ് സ്വതന്ത്ര സ്വത്വ വേഷത്തിൽ മൽസരിച്ച് ഇടതുപക്ഷ സ്ഥാനാർത്ഥി പ്രിയ രാജേഷിനോട് അതിദയനീയ പരാജയം ഏറ്റുവാങ്ങി. മുസ്ലിം ലീഗിന്റെ വർഗീയ രാഷ്ട്രീയ പരീക്ഷണമായിരുന്നു പാഴൂക്കരയിൽ കണ്ടത്.

2012ൽ പ്രിയ രാജേഷ് രാജിവയ്ക്കുകയും നവംബർ മാസം ഉപതെരഞ്ഞെടുപ്പ് നടക്കുകയുമുണ്ടായി. അന്ന് യുഡിഎഫ് സ്ഥാനാർത്ഥി സൗമി ഷാജി വിജയിച്ചു. 2015ൽ കരിമണ്ണൂർ കണ്ട ഏറ്റവും വാശിയേറിയ മത്സരത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി വി. എ. സക്കീർ എൽഡിഎഫ് സ്ഥാനാർഥി ജോസഫ് മാത്യുവിനെ 13 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

ഇത്തവണ സ്ഥാനാർത്ഥികൾ പുതുമുഖങ്ങളാണ്. ഒരു തണുത്ത മൽസരമാണ് പാഴൂക്കരയിൽ നടക്കുന്നത്. സോണിയ ജോബിൻ (എൽഡിഎഫ്), ഷംല സിറാജ് (യുഡിഎഫ്), ശ്രീദേവി വാലേപ്പറമ്പിൽ (എൻഡിഎ) എന്നിവരാണ് 2020ൽ സ്ഥാനാർത്ഥികൾ. ഇവിടെ എൽഡിഎഫിനാണ് മുൻതൂക്കം എന്ന് പറയുവാൻ സാധിക്കും.

ഏറ്റുമുട്ടലില്ലാത്ത ഏഴുമുട്ടം

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ശക്തികേന്ദ്രമായാണ് ഏഴുമുട്ടം എക്കാലത്തും അറിയപ്പെടുന്നത്. ഇവിടെ 2000ൽ ഡെയ്സി ജോർജ്ജ് (യുഡിഎഫ് - കേരള കോൺഗ്രസ് മാണി) ജയിച്ചതാണ് സമീപകാലത്തെ ഏക അട്ടിമറി വിജയം. 2005ൽ വിൽസൺ വർഗീസ് (കേരള കോൺഗ്രസ് ജോസഫ് - എൽഡിഎഫ്), 2010ൽ റൈസി ജിമ്മി (കേരള കോൺഗ്രസ് ജോസഫ് - യുഡിഎഫ്), 2015ൽ ടോജോ പോൾ (കേരള കോൺഗ്രസ് എം - യുഡിഎഫ്) എന്നിവരാണ് ജയിച്ചത്. 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ ടോജോയുടെ വിജയം പോസ്റ്റൽ വോട്ടുകളുടെ പിൻബലത്തിൽ നേരിയ വോട്ടുകൾക്കായിരുന്നു. ത്രികോണ മൽസരം ആണ് അന്ന് മൽസരം കനപ്പിച്ചത്.

2020ൽ മൽസരിക്കുന്നത് ടെസ്സി വിൽസൺ ( കേരള കോൺഗ്രസ് ജോസഫ് - യുഡിഎഫ്) അഡ്വ അമ്പിളി ശശി (എൽഡിഎഫ് സ്വത) എന്നിവരാണ്. പൊതുവേ കണക്കാക്കപ്പെടുന്നത് ഇവിടെ യുഡിഎഫ് വിജയം നേടുമെന്നാണ്.

നാളെ - നെല്ലിമല, ചേറാടി, പന്നൂർ നിയോജക മണ്ഡലങ്ങൾ

Advertisment