Advertisment

'രണ്ടില' കൈയ്യില്‍ കിട്ടിയ ആവേശത്തില്‍ ജോസ് കെ മാണിയും കൂട്ടരും ! തെരഞ്ഞെടുപ്പ് പോരിനിടെ പാര്‍ട്ടി പേരും ചിഹ്നവും നഷ്ടമായി പിജെ ജോസഫും കൂട്ടരും ! പാലാ ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നം നിഷേധിച്ച ജോസഫിന് തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിഹ്നവും പാര്‍ട്ടിയും നിഷേധിച്ച് ചുട്ട മറുപടി നല്‍കി ജോസ് കെ മാണിയുടെ മധുര പ്രതികാരം ! പറയാനൊരു പാര്‍ട്ടി നാമംപോലുമില്ലാതെ ജോസഫ് വിഭാഗം

New Update

publive-image

Advertisment

കോട്ടയം: കേരളാ കോണ്‍ഗ്രസുകാരുടെ ജീവവായുവാണ് 'രണ്ടില' ചിഹ്നം. അത് ജോസ് കെ മാണിക്കു മാത്രമല്ല, പിജെ ജോസഫിനാണെങ്കിലും അങ്ങനെതന്നെ. മധ്യ കേരളത്തിലെ രാഷ്ട്രീയത്തിന് 'കൈപ്പത്തി' കഴിഞ്ഞാല്‍ ഏറ്റവും പരിചിതമായ അടയാളമാണ് 'രണ്ടില'. കോട്ടയത്തും ഇടുക്കിയിലുമാകുമ്പോള്‍ രണ്ടില ഒരുപടികൂടി മുന്നിലാകും.

'രണ്ടില' ലഭിക്കാതെ സാക്ഷാല്‍ പാലാ നിയോജകമണ്ഡ‍ലംപോലും കൈവിട്ടുപോയ ക്ഷീണം ജോസ് കെ മാണിക്ക് പൂര്‍ണമായും മാറിയിട്ടില്ല. അതിനിടയില്‍ ഇപ്പോള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അംഗീകരിച്ച ചിഹ്നത്തില്‍ മത്സരിക്കാനുള്ള സാഹചര്യം കോടതിയും അനുവദിച്ചു നല്‍കിയിരിക്കുകയാണ്.

ഇതോടെ ചിഹ്നം കിട്ടിയ ആവേശത്തിലാണ് കേരളാ കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥികള്‍. തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിച്ചതിനുപിന്നാലെ ആഗ്രഹിച്ച 'രണ്ടില' കൂടി ഉറപ്പായെന്നറിഞ്ഞപ്പോള്‍ വര്‍ദ്ധിത വീര്യത്തോടെയാണ് ജോസ് കെ മാണിയുടെ സ്ഥാനാര്‍ഥികള്‍.

അതേസമയം പോര്‍ക്കളത്തില്‍വച്ച് ചിഹ്നവും പാര്‍ട്ടി പേരും നഷ്ടമായതിന്‍റെ തിരിച്ചടിയിലാണ് ജോസഫ് വിഭാഗം. സ്വതന്ത്ര ചിഹ്നമായ 'ചെണ്ട'യില്‍ മത്സരിക്കേണ്ടിവന്നതിന്‍റെ ജാള്യതയ്ക്കുപുറമേയാണ് കേരളാ കോണ്‍ഗ്രസ് - എം എന്ന പേര്  ഉപയോഗിക്കാനാകാത്ത സാഹചര്യംകൂടി അവരേത്തേടി എത്തുന്നത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണിക്ക് 'കേരളാ കോണ്‍ഗ്രസ് - എം' എന്ന പാര്‍ട്ടി പേരും 'രണ്ടില' ചിഹ്നവും അനുവദിച്ചു നല്‍കിയിട്ടും ജോസഫ് പക്ഷം ആ പേരുപേക്ഷിക്കാന്‍ തയ്യാറല്ലായിരുന്നു.

ജോസഫ് വിഭാഗത്തിന്‍റെ എല്ലാ പത്രക്കുറിപ്പുകളും കേരളാ കോണ്‍ഗ്രസ് - എം എന്ന പേരിലായിരുന്നു. കേരളാ കോണ്‍ഗ്രസ് - എം വര്‍ക്കിംങ്ങ് ചെയര്‍മാന്‍ എന്ന പേരിലായിരുന്നു ഇതുവരെ പിജെ ജോസഫ് ഇലക്ഷന്‍ നടപടി ക്രമങ്ങള്‍ക്കായുള്ള കത്തിടപാടുകള്‍പോലും നടത്തിയത്.

എന്നാല്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ജോസഫിന്‍റെ ഹര്‍ജി കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതി സിങ്കിള്‍ ബഞ്ച് തള്ളുകയും അതിനെതിരെയുള്ള അപ്പീല്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബഞ്ച് സ്റ്റേ അനുവദിക്കണമെന്ന ആവശ്യം തള്ളുകയും ചെയ്തതോടെ നിലവില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് പ്രാബല്യത്തിലായിരിക്കുകയാണ്.

ഫലത്തില്‍ പാര്‍ട്ടിയും ചിഹ്നവുമില്ലാത്ത വിഭാഗമായി ജോസഫ് പക്ഷം മാറി. അതൊരു തെരഞ്ഞെടുപ്പിനു നടുവില്‍ വച്ചാണെന്നതാണ് കനത്ത തിരിച്ചടിയായിരിക്കുന്നത്.

തെര‍ഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിര്‍ണായക ഘട്ടത്തിലായതിനാല്‍ ഇനി ചിഹ്നത്തിന് സ്റ്റേ സംഘടിപ്പിക്കുക അസാധ്യമാണ്. മാത്രമല്ല, ജോസഫിന്‍റെ അപ്പീല്‍ ഡിവിഷന്‍ ബഞ്ച് ഫയലില്‍ സ്വീകരിച്ചതോടെ ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി വിധി പറയുംവരെ സുപ്രീംകോടതിയില്‍ സ്റ്റേയ്ക്ക് പോകാനുള്ള സാധ്യതയും മങ്ങി.

ഇതോടെ ജോസഫ് വിഭാഗത്തിന് ഇനിയൊരു സ്റ്റേ ലഭിക്കുന്നതുവരെയെങ്കിലും കേരളാ കോണ്‍ഗ്രസ് - എം എന്ന പേരുപയോഗിക്കുന്നത് അവസാനിപ്പിക്കണം. അതല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കാന്‍ ജോസ് കെ മാണിക്ക് കഴിയും.

പോസ്റ്ററുകളില്‍വരെ കേരളാ കോണ്‍ഗ്രസ് - എം എന്ന പേരുപയോഗിച്ച സ്ഥാനാര്‍ഥികള്‍ ഉണ്ട്. അവരൊക്കെ പേര് തിരുത്താന്‍ തയ്യാറാകണം. തിരുത്താന്‍ പകരം പേരില്ലെന്നതാണ് അതിലേറെ പരിതാപകരം.

 

pj joseph jose k mani
Advertisment